ഹിന്ദു ദൈവങ്ങളെ ‘സാങ്കൽപികം’ എന്ന് വിശേഷിപ്പിച്ചെന്ന്; സിജെപി പ്രക്ഷോഭത്തിനിടെ മർദനമേറ്റയാൾക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന് ഹരജി
text_fieldsന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള സമൂഹമാധ്യമ ഉള്ളടക്കങ്ങൾ പങ്കുവെച്ചെന്നാരോപിച്ച്, സി.ജെ.പി പ്രക്ഷോഭത്തിനിടെ മർദനമേറ്റയാൾക്കും മകൾക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക കോടതിയെ സമീപിച്ചു. സഞ്ജയ് ആസാദ്, മകൾ നിഷു ആസാദ് എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഡൽഹി പൊലീസിന് നിർദേശം നൽകണമെന്നാണ് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന് നൽകിയ ഹരജിയിലെ ആവശ്യം.
സെപ്റ്റംബർ അഞ്ചിന് ന്യൂഡൽഹി ജില്ല സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് അഭിഭാഷകയുടെ വാദം. സെപ്റ്റംബർ ഏഴിന് ന്യൂഡൽഹി ജില്ല ഡി.സി.പിക്കും പരാതി നൽകിയതായും അവർ പറഞ്ഞു.
നിഷു ആസാദിന്‍റെ എക്സ് അക്കൗണ്ടിൽനിന്ന് ഹിന്ദു ദൈവങ്ങളെക്കുറിച്ച് അപമാനകരമായ പരാമർശങ്ങളടങ്ങിയ നാല് പോസ്റ്റുകൾ പങ്കുവെച്ചതായാണ് പരാതി. 2023 മുതൽ 2026 വരെയുള്ള വിവിധ തീയതികളിലെ ഉള്ളടക്കങ്ങളാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2024 നവംബർ ഒമ്പതിലെ ഒരു പോസ്റ്റിൽ ഹിന്ദു ദൈവങ്ങളെ ‘സാങ്കൽപികം’ എന്ന് വിശേഷിപ്പിച്ചതായും 2025 ഡിസംബർ 19ലെ മറ്റൊന്നിൽ ഹിന്ദു മതഗ്രന്ഥങ്ങൾ നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തതായും ആരോപിക്കുന്നുണ്ട്. 2026 ആഗസ്റ്റ് 18ന് ശിവന്റെ ആരാധനയെ പരിഹസിച്ചതായും 2025 ഏപ്രിൽ ഒമ്പതിന് ദുർഗയെക്കുറിച്ച് അപമാനകരമായ ഭാഷ ഉപയോഗിച്ചതായും പരാതിയിൽ പറയുന്നു. ഉള്ളടക്കങ്ങൾ ഇപ്പോഴും പൊതുവായി ലഭ്യമാണെന്നും തന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും അഭിഭാഷക പരാതിയിൽ പറഞ്ഞു. പോസ്റ്റുകൾ, അനുബന്ധ രേഖകൾ, പ്ലാറ്റ്ഫോം വിവരങ്ങൾ, മറ്റ് ഇലക്ട്രോണിക് തെളിവുകൾ എന്നിവ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിഷു ആസാദ് പ്രായപൂർത്തിയാകാത്തയാളാണെന്ന് തോന്നുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം നടത്തി പ്രായം വ്യക്തമാക്കണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു. സഞ്ജയ് ആസാദിന് അക്കൗണ്ടിന്റെ പ്രവർത്തനത്തിൽ അറിവോ നിയന്ത്രണമോ ഉണ്ടായിരുന്നോയെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സാമുദായിക വിദ്വേഷവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കണമെന്ന 2023 ഏപ്രിൽ 28ലെ സുപ്രീംകോടതി ഉത്തരവും ഹരജിയിൽ പരാമർശിച്ചിട്ടുണ്ട്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനും ആക്ഷൻ ടേക്കൺ റിപ്പോർട്ട് സമർപ്പിക്കാനും ഡിജിറ്റൽ തെളിവുകൾ സംരക്ഷിക്കാനും പൊലീസിന് നിർദേശം നൽകണമെന്നാണ് പ്രധാന ആവശ്യം.
അതേസമയം, ജന്തർ മന്തറിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിനിടെ സഞ്ജയ് ആസാദിനെ ആക്രമിച്ച കേസിൽ സ്വതന്ത്ര ഭരദ്വാജിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യം ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട അദ്ദേഹത്തെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

