ഡൽഹിയിൽ പോലീസ് സ്റ്റേഷൻ വളഞ്ഞ് സിജെപി; സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
text_fieldsന്യൂഡൽഹി: ജന്തർ മന്തറിലെ സമരത്തിനിടെ ദളിത് ആക്ടിവിസ്റ്റിന്റെ പിതാവിനെ ക്രൂരമായി മർദ്ദിച്ചെന്ന് പരസ്യമായി പ്രസ്താവിക്കുകയും ബിജെപി നേതാക്കളുടെ സ്വാധീനം മൂലം ജയിലിൽ പോകാതെ രക്ഷപ്പെട്ടെന്ന് അവകാശപ്പെടുകയും ചെയ്ത ഹിന്ദുത്വ ഇൻഫ്ലുവെൻസർ സ്വതന്ത്ര ഭരദ്വാജിനെതിരെ തലസ്ഥാനത്ത് പ്രതിഷേധം ഇരമ്പുന്നു. കുറ്റസമ്മതം നടത്തിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ മടിക്കുന്ന ഡൽഹി പോലീസിന്റെ നടപടിക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകരും നേതാക്കളും പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷൻ വളഞ്ഞു. സംഭവത്തെ തുടർന്ന് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് പുറത്ത് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
വിദ്യാർഥി സമരത്തിൽ പങ്കെടുത്ത നിഷു ആസാദ് എന്ന ദളിത് ആക്ടിവിസ്റ്റിന്റെ പിതാവ് സഞ്ജയ് കുമാറിനെ മർദ്ദിച്ച് തലയോട്ടി തകർത്തുവെന്നും തനിക്ക് ബിജെപി നേതാവ് കപിൽ മിശ്ര, ചിരാഗ് പാസ്വാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ പിന്തുണ ഉണ്ടെന്നും വ്യക്തമാക്കുന്ന സ്വതന്ത്ര ഭരദ്വാജിന്റെ പോഡ്‌കാസ്റ്റ് വീഡിയോയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. "ഞാൻ നിഷുവിന്റെ അച്ഛന്റെ തലയടിച്ചു പൊട്ടിച്ചു. സെക്ഷൻ 307 (വധശ്രമം) ചുമത്തേണ്ട കേസാണിത്. അയാൾക്ക് 60 തുന്നലുകൾ വേണ്ടിവന്നു. പക്ഷേ ഞാൻ ഒരു രാത്രി പോലും ജയിലിൽ കിടന്നിട്ടില്ല. കപിൽ മിശ്ര എന്റെ ജ്യേഷ്ഠനെപ്പോലെയാണ്. കപിൽ മിശ്ര വിളിച്ച് പറഞ്ഞിട്ടാണ് എന്നെ വിട്ടയച്ചതെന്ന് എല്ലാവരും പറയുന്നു" എന്നാണ് ഭരദ്വാജ് പോഡ്‌കാസ്റ്റിൽ പറഞ്ഞത്. ഇതിന് പിന്നാലെ 'ഫീൽ ദി പവർ' എന്ന അടിക്കുറിപ്പോടെയുള്ള ചിത്രവും ഇയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
എന്നാൽ, സ്വതന്ത്ര ഭരദ്വാജ് സ്വയം കുറ്റസമ്മതം നടത്തിയിട്ടും തലയോട്ടി തകർന്നിട്ടില്ലെന്നും പരിക്കുകൾ നിസ്സാരമാണെന്നും പറഞ്ഞ് ഡൽഹി പോലീസ് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് സിജെപി വക്താവ് സൗരവ് ദാസും സ്ഥാപകൻ അഭിജീത് ദിപ്‌കെയും ആരോപിച്ചു. നിയമം കയ്യിലെടുക്കുന്ന ഇത്തരം ആളുകൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും എന്തിനാണ് മടിക്കുന്നതെന്നും നിയമമില്ലാത്ത വ്യവസ്ഥിതിയാണോ ഇവിടെ നിലനിൽക്കുന്നതെന്നും സിജെപി ചോദ്യമുന്നയിച്ചു. സംഭവത്തിൽ ഐസയും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, വീഡിയോ വിവാദമായതോടെ താൻ ആത്മരക്ഷാർത്ഥമാണ് ഇടപെട്ടതെന്നും, പരാമർശങ്ങൾ പരിഹാസ രൂപേണ പറഞ്ഞതാണെന്നുമുള്ള പുതിയ ന്യായീകരണവുമായി സ്വതന്ത്ര ഭരദ്വാജും രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

