ഡൽഹിയിൽ വൻ പ്രതിഷേധം; രാഹുലിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ എം.പിമാർ ഗാന്ധി സ്‌മൃതിയിൽ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗാന്ധി സ്‌മൃതിയിലേക്ക് ഇന്ത്യ മുന്നണിയിലെ എം.പിമാരുടെ പ്രതിഷേധം. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് ഇൻഡ്യ മുന്നണിയിലെ എം.പിമാർ പ്രതിഷേധവുമായി തീസ് ജനുവരി മാർഗിലെ ഗാന്ധി സ്മൃതിയിലേക്കെത്തിയത്. ബിർള ഹൗസിന് മുന്നിൽ ധർണയിരിക്കും.
ബസുകളിലാണ് എം.പിമാർ പ്രതിഷേധ സ്ഥലത്തേക്ക് എത്തിയത്. വാഹനം കടന്നുപോകുന്ന വഴികളിൽ ഐക്യദാർഢ്യവുമായി നിരവധി ജനങ്ങൾ തെരുവിലിറങ്ങി. അതേസമയം പൊലീസ് യാത്ര തടസപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ വിദ്യാർഥികൾ തെരുവിലാണെന്നും പ്രതിപക്ഷം വിദ്യാർഥികൾക്കൊപ്പമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്രസർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം. പ്രതിഷേധം കനത്തതോടെ ജന്തർ മന്തറിന്റെ ഇന്റർനെറ്റ് വിച്ഛേദിച്ചു. ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം.
രാഹുലിന്റെ ഔദ്യോഗിക വസതിയിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഗാന്ധിസ്മൃതി. എം.പിമാർ സഞ്ചരിക്കുന്ന ബസ് കടത്തിവിടാതെ പൊലീസ് വഴിയിൽ ബാരിക്കേഡുകൾ വെച്ച് തടസ്സം സൃഷ്ടിച്ചെങ്കിലും വാഹനം മുന്നോട്ടുനീങ്ങി ഗാന്ധിസ്മൃതിയിലേക്ക് എത്തുകയായിരുന്നു. പൊലീസ് വഴി തടസ്സപ്പെടുത്തിയതിനാൽ ഒന്നരമണിക്കൂർ കൊണ്ടാണ് ഗാന്ധിസ്മൃതിയിലേക്ക് എത്തിയതെന്ന് പ്രതിപക്ഷ എം.പിമാർ പറഞ്ഞു.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, മല്ലികാർജുൻ ഖാർഗെ, അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. നീറ്റ് ചോദ്യപേപ്പർ ചോർച്ച, വിദ്യാർഥി പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടി, വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ എന്നിവ പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അതേസമയം, സർക്കാർ ചർച്ചക്ക് ക്ഷണിച്ചെങ്കിലും നിഷ്പക്ഷമായ വേദിയിൽ മാത്രമേ ചർച്ചയിൽ പങ്കെടുക്കൂവെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. സർക്കാർ പ്രതിനിധികൾ ജന്തർ മന്തറിലെ സമരവേദിയിലെത്തിയാലേ ചർച്ചയുണ്ടാകൂവെന്ന് സി.ജെ.പി നേതൃത്വം വ്യക്തമാക്കി. പ്രതിഷേധം അവസാനിപ്പിക്കാതെ രാജ്യവ്യാപക പ്രക്ഷോഭം തുടരാനും സംഘടന തീരുമാനിച്ചു.
വിദ്യാർഥികളുടെയും യുവാക്കളുടെയും പ്രതിഷേധം നടക്കുന്ന ജന്തർ മന്തറിൽ എത്തി സർക്കാർ നേരിട്ട് സംസാരിക്കണമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെ പറഞ്ഞു. സമരവേദി വിട്ട് സർക്കാർ ഓഫീസുകളിലേക്ക് പോകില്ല. ജന്തർ മന്തറിലെ പ്രതിഷേധം തുടരുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും സി.ജെ.പി നേതാക്കൾ ആവർത്തിച്ചു. ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി, വിദ്യാഭ്യാസ സംവിധാനത്തിൽ സമഗ്ര പരിഷ്കാരം എന്നിവയും സംഘടന ആവശ്യപ്പെട്ടു.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്ഷാ ചോർച്ച കേസുകൾ വേഗത്തിൽ പരിഗണിക്കാൻ പ്രത്യേക കോടതികൾ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അത് പര്യാപ്തമല്ലെന്ന് സമരക്കാർ വ്യക്തമാക്കി. വിദ്യാർഥി പ്രക്ഷോഭം ഡൽഹിക്ക് പുറത്തേക്കും വ്യാപിച്ച സാഹചര്യത്തിൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനവും തുടർച്ചയായ പ്രതിഷേധങ്ങൾ മൂലം പ്രക്ഷുബ്ധമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

