Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാർഥി...

വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ അഴിച്ചുപണി; ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി

text_fields
bookmark_border
CJP Protest
cancel
camera_alt

വിനീത് ജോഷി, സിജെപി പ്രതിഷേധം

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി വിദ്യാർഥി പ്രതിഷേധങ്ങൾ തുടരുന്നതിനിടെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ വൻ അഴിച്ചുപണി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി. പകരം നരേഷ് ഗംഗ്വാറിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചതായി കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി ഉത്തരവിറക്കി.

സർക്കാർ ഉത്തരവിൽ ഈ മാറ്റത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. നീറ്റ് 2026 പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് കോക്രോച് ജനതാ പാർട്ടി (സി.ജെ.പി) നേതൃത്വത്തിൽ രാജ്യവ്യാപകമായി വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ ഉദ്യോഗസ്ഥമാറ്റം. 1994 ബാച്ച് രാജസ്ഥാൻ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ നരേഷ് ഗംഗ്വാർ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സെക്രട്ടറിയായിരുന്നു. അതേസമയം, 1992 ബാച്ച് മണിപ്പൂർ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ വിനീത് ജോഷി പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ സെക്രട്ടറിയായി ചുമതലയേൽക്കും. 2025 ജനുവരിയിലാണ് വിനീത് ജോഷിയെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചത്. നീറ്റ്, ജെ.ഇ.ഇ പോലുള്ള മത്സര പരീക്ഷകൾ നടത്തുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) ആദ്യ ഡയറക്ടർ ജനറൽ കൂടിയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവും വിദ്യാഭ്യാസ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങളും ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സി.ജെ.പി ആരംഭിച്ച പ്രതിഷേധം രാജ്യത്തൊട്ടാകെ വ്യാപിപ്പിക്കുകയാണ്. അതേസമയം, സി.ജെ.പി സമരത്തെ പിന്തുണച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് 26 ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് നടപടി. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവർ വാങ്ചുക്കിനെ സന്ദർശിച്ച് ചർച്ച നടത്തിയ ശേഷം അവരുടെ സാന്നിധ്യത്തിൽ തന്നെയാണ് നിരാഹാര സമരം നിർത്തിയത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ സമരം തുടരുമെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു. വാങ്ചുക് നിരാഹാരം നിർത്തിയതിൽ നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമരം തുടരുമെന്ന പ്രഖ്യാപനത്തിനിടെ, നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ സി.ജെ.പി നേതാക്കളും കേന്ദ്ര സർക്കാറുമായി ഇന്ന് ചർച്ച നടക്കും. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിലാണ് ചർച്ചയെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരം തുടരുമെന്നാണ് സി.ജെ.പി പ്രഖ്യാപിച്ചിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharmendra pradhanNEET paper leakCockroach Janata PartyCJP Protest
News Summary - CJP Protest Education Secretary Replaced
Next Story