വിദ്യാർഥികളെ വീണ്ടും ആക്രമിക്കാൻ തയാറെടുക്കുകയാണോ? 6.30ന് കൊണാട്ട് പ്ലേസിലെ കടകൾ അടക്കണമെന്ന് നിർദേശം
text_fieldsന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്രോച് ജനതാ പാർട്ടി (സി.ജെ.പി)യുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താൻ പുതിയ വഴികൾ തേടി ബി.ജെ.പി സർക്കാർ. വ്യാഴാഴ്ച വൈകുന്നേരം 6.30ഓടെ കൊണാട്ട് പ്ലേസിലെ കടകൾ, ഓഫീസുകൾ, റസ്റ്ററന്റുകൾ എന്നിവ അടച്ചിടണമെന്നാണ് ഏറ്റവും പുതിയ നിർദേശം. ഇത് സംബന്ധിച്ച് ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ (എൻ.ഡി.ടി.എ) സർക്കുലർ പുറപ്പെടുവിച്ചു.
കൊണാട്ട് പ്ലേസിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്‌സനും വൈസ് ചെയർപേഴ്‌സനും ടെലിഫോണിലൂടെ അറിയിച്ചിരുന്നുവെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. പ്രദേശത്തെ എല്ലാ കട ഉടമകളോടും ഓഫീസ് സ്ഥാപനങ്ങളോടും റസ്റ്ററന്റുകളോടും പൂർണ സഹകരണം നൽകാനും പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും സർക്കുലറിലൂടെ അഭ്യർഥിച്ചു. കൊണാട്ട് പ്ലേസിന് ചുറ്റുമുള്ള വിദ്യാർഥി പ്രതിഷേധത്തിന്റെ ഗുരുതര സാഹചര്യം കണക്കിലെടുത്താണ് സുരക്ഷാ മുൻകരുതൽ എന്നാണ് മുനിസിപ്പൽ കൗൺസിലിന്റെ പ്രതികരണം.
വിദ്യാർഥി പ്രതിഷേധത്തെ തകർക്കാൻ ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസ് ഈ മേഖലകളിൽ 4ജി, 5ജി ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരുന്നു. പിന്നാലെയാണ് കടകൾ അടച്ചിടാനുള്ള തീരുമാനം.
കടകൾ അടക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് ആം ആദ്മി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. ‘കൊണാട്ട് പ്ലേസിലെ കടകൾ അടച്ചിടാനും കനത്ത സുരക്ഷ ഏർപ്പെടുത്താനും സർക്കാർ ഉത്തരവിട്ടിരിക്കുന്നു. ആംബുലൻസുകളുടെ നീണ്ട നിര. കേന്ദ്ര സർക്കാർ ഇന്ന് ജന്തർ മന്തറിൽ വിദ്യാർഥികളെ വീണ്ടും ആക്രമിക്കാൻ തയാറെടുക്കുകയാണോ?’ -കെജ്രിവാൾ സമൂഹമാധ്യമമായ എക്സിലൂടെ ചോദിച്ചു.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും, നാശനഷ്ടങ്ങളും പരിക്കുകളും തടയാനുമെന്ന പേരിലാണ് സ്ഥാപനങ്ങൾ അടക്കാനുള്ള തീരുമാനം. എന്നാൽ വിദ്യാർഥികൾക്ക് രാത്രി ഭക്ഷണമോ, വെള്ളമോ പോലുള്ള അവശ്യ വസ്തുക്കൾ ലഭ്യമാക്കാതിരിക്കാനാണ് കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാർ കടക്കുന്നതെന്നാണ് ഉയരുന്ന വിമർശനം.
അതേസമയം, കൊണാട്ട് പ്ലേസ് പ്രദേശത്ത് നടന്ന അക്രമസംഭവങ്ങളിലും കല്ലേറിലും ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കല്ലേറിൽ ഇൻസ്പെക്ടർ നന്ദ് കിഷോറിനും മറ്റ് നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

