അർധരാത്രി സി.ജെ.പിയെ ചർച്ചക്ക് വിളിച്ച് സർക്കാർ; പ്രതിഷേധക്കാരുടെ കേസുകൾ പിൻവലിക്കുമെന്ന് ഉറപ്പ്
text_fieldsന്യൂഡൽഹി: പ്രതിഷേധക്കാരാരും ഒറ്റക്കാവില്ലെന്നും ഈ പോരാട്ടത്തിൽ നമ്മളെല്ലാവരും ഒന്നിച്ചാണെന്നും ക്രോക്കോച്ച് ജനതാ പാർട്ടി(സി.ജെ.പി). അർധരാത്രിയിൽ സർക്കാരുമായി നടന്ന ചർച്ചകൾക്ക് ശേഷം പ്രതിഷേധക്കാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഉത്തരവുകൾ കൂടുതൽ സംസ്ഥാനങ്ങൾ പുറത്തിറക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും വ്യക്തമാക്കി. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയെ ‘കരാർ ലംഘനം’ എന്ന് വിശേഷിപ്പിച്ച സി.ജെ.പി പുതിയ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ അർധരാത്രിയിൽ സർക്കാരുമായി നടന്ന ചർച്ചക്ക് ശേഷം പ്രതിഷേധക്കാർക്ക് ആശ്വാസം നൽകുന്ന ഉത്തരവുകൾ അസം, ബിഹാർ സർക്കാറുകൾ പുറത്തിറക്കിയതായും സി.ജെ.പി വ്യക്തമാക്കി.
അർധരാത്രി 1 മണിയോടെ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ, പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും കസ്റ്റഡിയിലുള്ള എല്ലാവരെയും മോചിപ്പിക്കുമെന്നും കേന്ദ്ര സർക്കാരും ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും സമാന സംരക്ഷണം ഉറപ്പാക്കുന്ന വിജ്ഞാപനങ്ങൾ പുറത്തിറക്കുമെന്നും സർക്കാർ വീണ്ടും ഉറപ്പുനൽകിയതായി സി.ജെ.പി മുഖ്യ വക്താവ് സൗരവ് ദാസ് അറിയിച്ചു.
വാർത്താസമ്മേളനത്തിന് മണിക്കൂറുകൾക്കുശേഷമാണ് സർക്കാർ പ്രതിനിധികൾ സി.ജെ.പിയുമായി കൂടികാഴ്ച നടത്തിയത്. മണിക്കൂറുകൾ നീണ്ട ചർച്ചയിൽ പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആറുകൾ പിൻവലിക്കുമെന്നും ഭാവിയിൽ നടപടികളൊന്നും ഉണ്ടാകില്ലെന്നും കസ്റ്റഡിയിലുള്ളവരെ മോചിപ്പിക്കുമെന്നും ഇത് സംബന്ധിച്ച അസമിന്റെയും ബിഹാറിന്റെയും സർക്കാർ വിജ്ഞാപനങ്ങളുടെ പകർപ്പുകൾ അധികൃതർ കൈമാറിയതായും സൗരവ് ദാസ് പറഞ്ഞു. കേന്ദ്ര സർക്കാരും ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും ഇതുപോലെ ഉറപ്പുനൽകുന്ന ഉത്തരവുകൾ ഉടൻ പുറത്തിറക്കുമെന്ന വാഗ്ദാനവും സർക്കാർ ആവർത്തിച്ചതായും സൗരവ് ദാസ് കൂട്ടിച്ചേർത്തു.
ചർച്ചക്ക് ശേഷം പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ, സർക്കാർ നൽകിയ ഉറപ്പുകൾ പ്രാവർത്തികമാകുമോയെന്ന ആശങ്ക സി.ജെ.പി ചർച്ചയിൽ അറിയിച്ചതായി മുഖ്യ വക്താവ് സൗരവ് ദാസ് പറഞ്ഞു. ഇതിന് മറുപടിയായി പ്രതിഷേധക്കാർക്കെതിരായ എല്ലാ എഫ്.ഐ.ആറുകളും പിൻവലിക്കുമെന്നും, ഭാവിയിൽ അവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് വ്യക്തമാക്കുന്ന ബിഹാർ ആഭ്യന്തര വകുപ്പിന്റെ വിജ്ഞാപനം കാണിച്ച്കൊടുത്തതായും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാർക്ക് നിയമപരമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാതിരിക്കാൻ മറ്റ് സംസ്ഥാന സർക്കാരുകളും സമാന വിജ്ഞാപനങ്ങൾ പുറത്തിറക്കുന്നതിനെക്കുറിച്ചും ഏതെല്ലാം സംസ്ഥാനങ്ങൾക്ക് സമാന വിജ്ഞാപനങ്ങൾ പുറത്തിറക്കാനാകുമെന്നും ചർച്ചകൾ നടന്നതായും അദ്ദേഹം വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിൽ വിജ്ഞാപനങ്ങൾ നാളെ പുറത്തിറങ്ങുമെന്നും പ്രതിഷേധക്കാർ സുരക്ഷിതരായിരിക്കുമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. ഭാവിയിൽ അവർക്കെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ പ്രതിഷേധക്കാർക്കും നിയമപരമായ സംരക്ഷണം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും സൗരവ് ദാസ് വ്യക്തമാക്കി. പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഒരാൾക്കെതിരെയും നിയമനടപടി ഇല്ലെന്ന് ഉറപ്പുവരുത്തുമെന്നും ആദ്യ ദിനം മുതൽ പ്രതിഷേധക്കാർക്കൊപ്പം നിന്ന ഞങ്ങൾ ഇനിയും അവർക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
പ്രതിഷേധക്കാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന നടപടികളുമായി ബന്ധപ്പെട്ട് വീണ്ടും തെരുവിലിറങ്ങേണ്ടിവരുമെന്ന് സി.ജെ.പി മുന്നറിയിപ്പ് നൽകിയതിന് മണിക്കൂറുകൾക്കുള്ളിൽ ഉണ്ടായ നീക്കങ്ങളാണ് പുതിയ വഴിത്തിരിവിന് കാരണമായത്.
വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സംഘടന മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിലൊന്ന് അംഗീകരിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി ജന്തർ മന്തറിലെ 37 ദിവസം നീണ്ടുനിന്ന പ്രതിഷേധം കഴിഞ്ഞ ആഴ്ച അവസാനിപ്പിച്ചിരുന്നു.
എന്നാൽ, ചർച്ചകളിൽ സർക്കാർ നൽകിയ ഉറപ്പുകൾക്ക് വിരുദ്ധമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടി തുടരുകയാണെന്ന് സി.ജെ.പി വക്താവ് ആശുതോഷ് റങ്ക ആരോപിച്ചിരുന്നു. പ്രതിഷേധക്കാർക്കെതിരായ എല്ലാ കേസുകളും ഉടൻ പിൻവലിക്കണമെന്നും ഉറപ്പ് പാലിച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധം ആരംഭിക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
ബിഹാറിന്റെയും അസമിന്റെയും സർക്കാർ വിജ്ഞാപനങ്ങൾക്ക് പിന്നാലെ, രാജസ്ഥാനിലും പ്രതിഷേധക്കാർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന ഉറപ്പ് ലഭിച്ചതായും സൗരവ് ദാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

