'ഐസ' നേതാക്കന്മാരുടെ നിരാഹാരം അവസാനിപ്പിച്ചു, ഔദ്യോഗിക ചർച്ചക്ക് സർക്കാർ തയാറെന്ന് കോക്രോച്ച് ജനതാ പാർട്ടി
text_fieldsഐസ നേതാക്കൾ നിരാഹാരം അവസാനിപ്പിക്കുന്നു
ന്യൂഡൽഹി: 23 ദിവസമായി ജന്തർ മന്തറിൽ 'ഐസ' വിദ്യാർഥി നേതാക്കൾ നടത്തിയിരുന്ന നിരാഹാര സമരം അവസാനിച്ചു. നേഹ ബോറ, മനീഷ് കുമാർ, അമീൻ അമിതോജ് എന്നീ നേതാക്കളാണ് സമരം അവസാനിപ്പിച്ചത്. എം.പിമാരായ മനോജ് ഝാ, രാജാറാം സിങ്, അമ്ര റാം, കൂടാതെ ഡോ. യോഗേന്ദ്ര യാദവ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പ്രൊഫ. അതുൽ സൂദ്, അഭിനേതാക്കളായ പ്രകാശ് രാജ്, ഷബാന ആസ്മി എന്നിവരടങ്ങുന്ന പ്രതിനിധി സംഘത്തിന്റെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം.
സമരം അവസാനിപ്പിക്കുകയല്ല, മറിച്ച് ഈ സമരരീതിക്ക് സമാപനം കുറിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഡോ. യോഗേന്ദ്ര യാദവ് വ്യക്തമാക്കി. സർക്കാരിന്റെ എല്ലാ വീഴ്ചകളും ഇതോടെ ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നുവെന്നും വിദ്യാർഥികൾ നേടിയത് വലിയ വിജയമാണെന്നും മനോജ് പറഞ്ഞു. യുവതലമുറ കാണിച്ച പാത പിന്തുടരുമെന്ന് ഷബാന ആസ്മിയും, പാർലമെന്റിൽ ഈ വിഷയം ശക്തമായി ഉന്നയിക്കുമെന്ന് രാജാറാം സിങും ഉറപ്പുനൽകി. ശരീരഭാരത്തിന്റെ 12 ശതമാനത്തിലധികം നഷ്ടപ്പെടുകയും ആരോഗ്യനില അതീവ ഗുരുതരമാകുകയും ചെയ്ത സാഹചര്യത്തിലാണ് നേതാക്കൾ സമരം അവസാനിപ്പിച്ചത്. വരും ദിവസങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, നാഷണൽ ടെസ്റ്റിങ് ഏജൻസി, ദേശീയ വിദ്യാഭ്യാസ നയം 2020 എന്നിവക്കെതിരെ ശക്തമായ കാമ്പയ്നുകൾ തുടരുമെന്ന് ഐസ പ്രഖ്യാപിച്ചു.
അതേസമയം, കോക്രോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്ത ‘ചലോ സൻസദ്’ മാർച്ചിനായി പ്രതിഷേധക്കാർ ജന്തർ മന്ദിറിൽ അണിനിരന്നു. പ്രതിഷേധങ്ങൾക്കിടെ സർക്കാർ തങ്ങളുമായി ചർച്ചക്ക് തയാറായെന്ന നിർണ്ണായക വെളിപ്പെടുത്തലുമായി കോക്രോച്ച് ജനതാ പാർട്ടി രംഗത്ത് വന്നിട്ടുണ്ട്. മാർച്ചിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് പ്രവർത്തകർ ജന്തർ മന്ദിറിൽ തടിച്ചുകൂടിയതിനിടെ പാർട്ടി വക്താക്കളായ സൗരഭ് ദാസ്, അശുതോഷ് രങ്ക എന്നിവർ കേന്ദ്രമന്ത്രിയും മുൻ ബി.ജെ.പി അധ്യക്ഷനുമായ ജെ.പി നദ്ദയെ കാണാൻ പുറപ്പെട്ടതായി അറിയിച്ചു.
തങ്ങൾ ജെ.പി നദ്ദയെ കാണാൻ പോകുകയാണെന്നും, രാവിലെ സർക്കാർ തങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്നും സൗരഭ് ദാസ് എക്സിലൂടെ വ്യക്തമാക്കി. എന്നാൽ, ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ സർക്കാർ ഇടപെടുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ, ഔദ്യോഗിക തലത്തിൽ നടക്കുന്ന ആദ്യ ചർച്ചയാണിത്.
എന്നാൽ ഇതിനിടെ ജന്തർ മന്ദിറിൽ വൻ സംഘർഷം അരങ്ങേറിയിരുന്നു. ചലോ സൻസദ്’ മാർച്ചിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടുകയും, പൊലീസിന്റെ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രതിഷേധങ്ങൾ വൈകിയാണെങ്കിലും സർക്കാർ ചർച്ചക്ക് തയാറായതിൽ സന്തോഷമുണ്ടെന്നും, എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് വിഷയത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും സൗരഭ് ദാസ് നേരത്തെ പ്രതികരിച്ചിരുന്നു. പരീക്ഷാ പരിഷ്കരണങ്ങൾ ഉൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് സി.ജെ.പി നേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

