അറസ്റ്റ് ഭീഷണികൾക്കിടെ സിജെപി നേതാക്കൾ ഡൽഹിയിലേക്ക്; ഏകാധിപതിയാണ് നരേന്ദ്ര മോദിയെന്ന് അഭിജീത് ദിപ്കെ
text_fieldsഅഭിജീത് ദിപ്കെ
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ആഹ്വാനം ചെയ്ത പ്രതിഷേധം ആരംഭിക്കാനിരിക്കെ കനത്ത സുരക്ഷയിൽ ഡൽഹി.
പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപകെ, നേതാക്കളായ അശുതോഷ് റാങ്ക്, സൗരവ് ദാസ് എന്നിവർ ശനിയാഴ്ച രാവിലെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടും മുമ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിജീത് ദിപ്കെ ഏകാധിപതിയെന്ന് വിമർശിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 23,000 സി.ആർ.പി.എഫ് ജവാന്മാരെയാണ് ഡൽഹിയിൽ വിന്യവിച്ചിരിക്കുന്നത്. ഡൽഹിയിലേക്ക് എത്തിച്ചേരേണ്ട 28 ട്രെയിൻ സർവിസുകൾ കഴിഞ്ഞ ദിവസം റെയിൽവേ റദ്ദാക്കിയിരുന്നു. മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടുണ്ട്. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ, ഇത്തരം നിയന്ത്രണങ്ങളെ ജനാധിപത്യ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് സി.ജെ.പി ചൂണ്ടിക്കാട്ടി.
പൗരന്മാരോട് ചോദിക്കാതെ ഭരണകൂടത്തിന് ഇത്രയധികം വോട്ടവകാശം ഇല്ലാതാക്കാൻ കഴിയുമെങ്കിൽ, വിയോജിപ്പ് രേഖപ്പെടുത്താനുള്ള തങ്ങളുടെ മൗലികാവകാശം വിനിയോഗിക്കാൻ പൗരന്മാർ എന്തിനാണ് അനുമതിക്കായി യാചിക്കേണ്ടതെന്ന് വെള്ളിയാഴ്ച അർധരാത്രി വിഡിയോ സന്ദേശത്തിലൂടെ അഭിജിത് ദീപ്കെ ചോദിച്ചിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റാൻ എസ്.ഐ.ആർ ഉപയോഗിക്കുന്നതിന് മുൻപ് ഗ്യാനേഷ് കുമാർ പൗരന്മാരുടെ അനുമതി വാങ്ങിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞങ്ങളുടെ മാർച്ച് തുടങ്ങാൻ പോവുകയാണ്. എനിക്ക് എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. വിമാനത്താവളത്തിൽ വെച്ചോ അതോ പിന്നീട് മറ്റെവിടെയെങ്കിലുമോ എന്നെ അറസ്റ്റ് ചെയ്തേക്കാം. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നതിനാൽ ഞാൻ പിന്നോട്ട് പോകില്ല. എന്നെ കസ്റ്റഡിയിലെടുത്താലും ഭയപ്പെടില്ല. സർക്കാർ ഞങ്ങളുടെ മേൽ എൻ.എസ്.എയോ യു.എ.പി.എയോ ചുമത്തിയേക്കാം’ -അഭിജീത് ദിപ് പറഞ്ഞു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പാണ് സി.ജെ.പി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്യാനേഷ് കുമാറിന്റെ രാജി, എസ്.ഐ.ആർ റദ്ദാക്കൽ, അല്ലെങ്കിൽ തെരഞ്ഞെടുപ്പ് കമീഷണറെ നിയമിക്കാൻ നിഷ്പക്ഷമായ നടപടിക്രമത്തിന് രൂപംനൽകൽ എന്നിവയിലൂടെയല്ലാതെ ഇത് സാധ്യമാകില്ലെന്നും ദീപ്കെ കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

