മോചിതരായതിന് പിന്നാലെ അശുതോഷ് റങ്കക്കും സൗരവ് ദാസിനും ഡൽഹി പൊലീസിന്റെ സമൻസ്
text_fieldsന്യൂഡൽഹി: ജുഡീഷ്യൽ കസ്റ്റഡിയിൽനിന്ന് മോചിതരായതിന് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർക്ക് ഡൽഹി പൊലീസിന്റെ സമൻസ്. വ്യാഴാഴ്ച രജൗരി ഗാർഡനിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം.
സമാധാനം പാലിക്കാമെന്നും നിയമം അനുസരിക്കാമെന്നും രേഖാമൂലം ഉറപ്പുനൽകുകയും വ്യക്തിഗത ബോണ്ടും ജാമ്യക്കാരുടെ ബോണ്ടും സമർപ്പിക്കുകയും ചെയ്തതോടെയാണ് പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടർന്ന് ഇരുവരും മോചിതരായത്. എല്ലാ വാദംകേൾക്കൽ തീയതികളിലും ഹാജരാകണമെന്നും ബോണ്ടിലും രേഖാമൂലമുള്ള ഉറപ്പിലും വ്യക്തമാക്കിയ നിബന്ധനകൾ പാലിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
നിയമപ്രകാരം ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധസ്ഥലമെന്ന പദവിയിൽനിന്ന് നീക്കിയ തീരുമാനം റദ്ദാക്കുന്നതുവരെ അവിടെ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യില്ലെന്നും, ഭാവിയിലെ പ്രതിഷേധങ്ങൾ ഭരണഘടനാപരമായ ചട്ടക്കൂടിനുള്ളിൽ നടത്തുമെന്നും അവർ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
സമാധാനലംഘനത്തിനും ക്രമസമാധാന പ്രശ്നങ്ങൾക്കും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി മൂന്ന് ദിവസം കൂടി നീട്ടണമെന്ന് ഡൽഹി പൊലീസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. കോടതിയിൽ നേതാക്കൾ നൽകിയ മൊഴികളും പിന്നീട് മാധ്യമങ്ങളോട് നടത്തിയ പ്രതികരണങ്ങളും തമ്മിൽ വൈരുധ്യമുണ്ടെന്നും പൊലീസ് ആരോപിച്ചിരുന്നു.
ഒക്ടോബർ 13ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പ്രതിഷേധങ്ങൾക്കായി നിശ്ചയിച്ചിരുന്ന സ്ഥലമെന്ന പദവി ജന്തർ മന്തറിന് അന്ന് ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. സ്വകാര്യ സ്ഥലത്തുകൂടി പ്രതിഷേധമേഖലയിലേക്ക് പ്രവേശിച്ചെന്നും സമാധാനം പാലിക്കണമെന്ന നിബന്ധനകൾ ലംഘിച്ചെന്നും പൊലീസ് ആരോപിച്ചു.
ജാമ്യക്കാരുടെ വിവരങ്ങൾ പരിശോധിച്ച് അടുത്ത വാദംകേൾക്കലിൽ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിർദേശിച്ചു. കേസ് ഒക്ടോബർ 23ന് വൈകിട്ട് മൂന്നിന് വീണ്ടും പരിഗണിക്കും.

