ജന്തർ മന്തർ മിന്നൽ പ്രതിഷേധം: സിജെപി നേതാക്കൾ അറസ്റ്റിൽ, ഇന്ന് കോടതിയിൽ ഹാജരാക്കും
text_fieldsന്യൂഡൽഹി: കോട്ട കെട്ടിയടച്ച ജന്തർ മന്തറിലേക്ക് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്ന് പ്രതിഷേധിച്ച സി.ജെ.പി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവർ അറസ്റ്റിൽ. അനുമതിയില്ലാതെ ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറിയെന്ന് ആരോപിച്ചാണ് നേതാക്കളെ മുൻകരുതൽ നടപടിയുടെ ഭാഗമായി അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
നേതാക്കളെ ഇന്ന് മന്ദിർ മാർഗിലെ സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ചൊവ്വാഴ്ച രാവിലെ സി.ജെ.പി നേതാക്കൾ കേരള ഹൗസിന്റെ പിറകിലൂടെയുള്ള റോഡിൽനിന്ന് സമീപത്തെ ജെ.ഡി.യു ഓഫിസ് വളപ്പിൽ കയറി ഗേറ്റ് ചാടിക്കടക്കുകയായിരുന്നു. തുടർന്ന് ദേശീയ പതാക ഉയർത്തി മുദ്രാവാക്യം വിളിച്ചു. ഓടിയെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് നീക്കി. വൈകീട്ടാണ് നേതാക്കൾക്കെതിരെ കേസെടുത്തത്. അതിക്രമിച്ചു കയറൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ബോണ്ട് വ്യവസ്ഥകൾ ലംഘിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
നേരത്തെ, കരുതൽ തടങ്കലിലായ ശേഷം വിട്ടയച്ചപ്പോൾ സമാധാന അന്തരീക്ഷം തകർക്കില്ലെന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് നൽകിയ ഉപാധി ലംഘിച്ചതിനാണ് ബോണ്ട് ലംഘനത്തിന് കേസെടുത്തത്. കുറ്റകരമായ ഒരു പ്രവൃത്തി നടക്കുന്നത് തടയുന്നതിനായി വാറന്റില്ലാതെ ഒരാളെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് അധികാരമുണ്ട്. എന്നാൽ മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ ഈ വ്യവസ്ഥ പ്രകാരം ഒരാളെ 24 മണിക്കൂറിൽ കൂടുതൽ കസ്റ്റഡിയിൽ സൂക്ഷിക്കാൻ കഴിയില്ല. ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദിയിൽ നിന്ന് ഒഴിവാക്കിയതിനു തൊട്ടടുത്ത ദിവസമാണ് നേതാക്കൾ മിന്നൽ പ്രതിഷേധം നടത്തിയത്.
മറ്റു നേതാക്കളെ വിട്ടയച്ചെങ്കിലും റങ്ക, ദാസ്, ഷിൻഡെ എന്നിവർ കസ്റ്റഡയിൽ തുടർന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേതാക്കളെ നിയമവിരുദ്ധമായാണ് തടങ്കലിൽ വെച്ചതെന്ന് സി.ജെ.പി ആരോപിച്ചു. “രാവിലെ സി.ജെ.പി നേതാക്കളെ സ്പെഷൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനുള്ള സാധ്യതയുമുണ്ട്. രാത്രി ഏറെ കാത്തിരിന്നിട്ടും അഭിഭാഷകരെ കാണാൻ അനുവദിച്ചില്ല. പുലർച്ചെ മൂന്ന് മണിക്ക് സ്വകാര്യ വാനിലാണ് ഇവരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഇത്തരം നിയമവിരുദ്ധ നടപടികൾക്കിടയിലും അവരുടെ ആത്മവീര്യം ഉയർന്ന നിലയിലാണ് -സി.ജെ.പി നിയമകാര്യ വിഭാഗം നേതാവ് രത്ന സിങ് എക്സിൽ പോസ്റ്റ് ചെയ്തു.
എസ്.ഐ.ആർ പിൻവലിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് സി.ജെ.പിയും പ്രതിപക്ഷമായ ഇൻഡ്യ സഖ്യവും ഡൽഹിയിൽ പ്രതിഷേധം തുടരുകയാണ്. ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ അനുമതി തേടി പൊലീസിനെ സമീപിച്ചെങ്കിലും സി.ജെ.പിയുടെ ആവശ്യം പൊലീസ് തള്ളുകയായിരുന്നു. കനത്ത സുരക്ഷ വലയത്തിലാണ് ഡൽഹി നഗരം.
അതിനിടെ, ചൊവ്വാഴ്ചയും ഡൽഹിയിൽ അപ്രതീക്ഷിത സമരങ്ങൾ അരങ്ങേറി. എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിലായിരുന്നു ആദ്യ പ്രതിഷേധം. സൻസദ് മാർഗ് വഴി ജന്തർമന്തർ ഭാഗത്തേക്ക് നൂറോളം പ്രവർത്തകർ ഓടിയെത്തി. തൊട്ടുപിറകെ, കൊണാട്ട് പ്ലേസിൽ എൻ.എസ്.യു.ഐ പ്രവർത്തകരുടെ പ്രതിഷേധം നടന്നു. രാജീവ് ഗേറ്റ് മെട്രോ സ്റ്റേഷൻ ഏഴാം നമ്പർ ഗേറ്റിന് പരിസരത്തുനിന്നും പൊടുന്നനെയാണ് എൻ.എസ്.യു.ഐ ദേശീയ അധ്യക്ഷൻ വിനോദ് ജാഖറിന്റെ നേതൃത്വത്തിൽ ഒത്തുകൂടി പ്രതിഷേധിച്ചത്. തടയാനെത്തിയ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

