ഉപാധികളോടെ അഭിജീത് ദിപ്കെക്ക് ജാമ്യം
text_fieldsഅഭിജീത് ദിപ്കെ
ന്യൂഡൽഹി: ത്രിരംഗ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ച സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെക്ക് ജാമ്യം ലഭിച്ചു. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ദിപ്കെയെ പീസ് ബോണ്ടിൽ ഒപ്പിട്ടശേഷമാണ് വിട്ടയക്കുക. നിലവിൽ സി.ജെ.പി നേതാവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടില്ലെന്നാണ് വിവരം. അതേസമയം, ജന്തർ മന്ദർ മേഖലയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്ന് അറസ്റ്റിലായ മറ്റ് സി.ജെ.പി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എൻ.എസ്.എസ്) വിവിധ വകുപ്പുകൾ പ്രകാരം ചുമത്തിയ പുതിയ കേസിലാണ് ദീപ്കെയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (എസ്.ഇ.എം) കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്ത ദിപ്കെയുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. ദിപ്കെയെ ഇന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് കോടതിയിൽ ഹാജരാക്കുമെന്ന് സി.ജെ.പി നിയമവിഭാഗം അറിയിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ വീട്ടിൽനിന്ന് ഇറങ്ങിയ ഉടൻ പൊലീസ് ദിപ്കെയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊണാട്ട് പ്ലേസിൽ നടന്ന തിരംഗ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഝാന്ദേവാലനിൽ നിന്നാണ് ദിപ്കെയെ കസ്റ്റഡിയിലെടുത്തത്. അതേസമയം, ദിപ്കെയെ പൊലീസ് "തട്ടിക്കൊണ്ടുപോയതാണെന്ന്" ആരോപിച്ച സി.ജെ.പി, കസ്റ്റഡിയിലെടുത്ത് 10 മണിക്കൂറിലധികമായി കുടുംബത്തിനോ അഭിഭാഷകർക്കോ പാർട്ടി പ്രവർത്തകർക്കോ അദ്ദേഹവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും അറിയിച്ചിരുന്നു. ഡൽഹി പൊലീസ് അഭിജീത് ദിപ്കെയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അഭിഭാഷകരോട് സംസാരിക്കാൻ പോലും അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കി സി.ജെ.പി രംഗത്തെത്തിയിരുന്നു.
ഒക്ടോബർ പത്തിന് സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുക്കാന് ഡൽഹിയിലെത്തിയ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്ന ഉറപ്പ് രേഖപ്പെടുത്തിയ ബോണ്ടിൽ ദീപ്കെയെക്കൊണ്ട് ഒപ്പുവെപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ചത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് വീണ്ടും സമാധാനലംഘനക്കുറ്റം ചുമത്തി ദീപ്കെയെ പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

