സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെയെ മർദിച്ച സംഭവം; ജയിൽ മോചിതരായ പ്രതികൾക്ക് ഗംഭീര സ്വീകരണം
text_fieldsജയ്പൂരിൽ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെയെ പ്രതിഷേധത്തിനിടെ മർദിച്ച കേസിലെ പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ അവർക്ക് ലഭിച്ച സ്വീകരണം വലിയ വിവാദമായിരിക്കുകയാണ്. പൊലീസ് സ്റ്റേഷന് പുറത്തിറങ്ങിയ പ്രതികളെ അവരുടെ അനുയായികൾ മാലയിട്ട് സ്വീകരിക്കുകയും ജയ് വിളികളോടെ ആദരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇവർ ജയിലിന് പുറത്തിറങ്ങിയപ്പോൾ 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്നും 'ഭാരത് മാതാ കീ ജയ്' എന്നും മുദ്രാവാക്യം വിളിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്.
കഴിഞ്ഞ ജൂൺ 15-നാണ് ജയ്പൂരിൽ നടന്ന സമാധാനപരമായ പ്രതിഷേധത്തിനിടെ അഭിജീത് ദിപ്‌കെക്ക് നേരെ അക്രമം ഉണ്ടായത്. പ്രതിഷേധ വേദിയിലേക്ക് തന്റെ അനുയായികൾക്കൊപ്പം നടന്നു നീങ്ങുകയായിരുന്ന അഭിജീതിനെ തടഞ്ഞുനിർത്തിയ രണ്ട് പേർ അദ്ദേഹത്തിന്റെ ഷാൾ വലിച്ചൂരി മാറ്റുകയും തുടർച്ചയായി മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു. അപ്രതീക്ഷിതമായി നടന്ന ഈ ആക്രമണത്തിൽ ഞെട്ടിയെങ്കിലും, ദിപ്‌കെയെ അനുഗമിച്ചിരുന്ന പ്രവർത്തകർ ഉടൻ തന്നെ അക്രമികളെ പിടികൂടുകയും ശേഷം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
എന്നാൽ, നിയമനടപടികൾ നേരിട്ട് ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾക്ക് സമൂഹത്തിൽ നിന്ന് ലഭിച്ച ഈ സ്വീകരണം കടുത്ത വിമർശനങ്ങൾക്കാണ് വഴിതുറന്നത്. ഇത്തരം അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പകരം മഹത്വവൽക്കരിക്കുന്നത് സാമൂഹിക സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഈ ആക്രമണത്തിൽ താൻ ഭയപ്പെടുന്നില്ലെന്ന് വ്യക്തമാക്കി അഭിജീത് ദിപ്‌കെ രംഗത്തെത്തി. 'എത്രത്തോളം ആക്രമണങ്ങൾ നടന്നാലും ഞാൻ ആർക്കെതിരെയും കൈ ഉയർത്തില്ല. ഭീരുക്കളാണ് അക്രമത്തെ ആശ്രയിക്കുന്നത്' എന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെയും തന്റെ കൂടെയുള്ളവരെയും പൗരത്വത്തെ ചൊല്ലി പരിഹസിക്കാനും ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെപ്പോലും അധിക്ഷേപിക്കാനുമാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. എന്നാൽ, ഇത്തരത്തിലുള്ള തന്ത്രങ്ങൾ കൊണ്ട് തങ്ങളെ ഭയപ്പെടുത്താൻ കഴിയില്ലെന്നും യുവാക്കൾക്ക് വേണ്ടിയുള്ള ശബ്ദം ഉയർത്തുന്നത് തുടരുമെന്നും ദിപ്‌കെ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

