മഹാരാഷ്ട്രയിലും ഒഡിഷയിലും വിദ്യാർഥി സമരങ്ങൾക്ക് പിന്തുണയുമായി സി.ജെ.പി
text_fieldsവാർധ/ഭുവനേശ്വർ: വിവിധ വിഷയങ്ങളിൽ സമരം തുടരുന്ന ഒഡിഷയിലെയും മഹാരാഷ്ട്രയിലെയും വിദ്യാർഥികൾക്ക് പിന്തുണയുമായി സി.ജെ.പി. സ്കൂൾ പാഠപുസ്തകങ്ങളിലെ പിഴവുകളിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒഡിഷയിൽ നവനിർമാൺ യുവ ഛാത്ര സംഘതൻ (എൻ.വൈ.സി.എസ്) നടത്തുന്ന സത്യഗ്രഹത്തിനും, കോഴ്സുകൾ മാറ്റിയതിലും പിഎച്ച്.ഡി പ്രവേശനം നിർത്തിവെച്ചതിലും പ്രതിഷേധിച്ച് മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സർവകലാശാല (എം.ജി.എച്ച്.വി.) വിദ്യാർഥികളുടെ സമരത്തിനുമാണ് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ വിദ്യാർഥി സമരം കൂടുതൽ ശക്തമായിരിക്കുകയാണ്.
ഒഡിഷയിൽ പാഠപുസ്തകങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി സ്കൂൾ-മാസ് എജുക്കേഷൻ മന്ത്രി നിത്യാനന്ദ ഗോണ്ടിന്റെ രാജി ആവശ്യപ്പെട്ടാണ് എൻ.വൈ.സി.എസ് സത്യഗ്രഹം നടത്തുന്നത്. സി.ജെ.പിയുടെ ‘സ്കൂൾ ഠീക് കരോ’ പ്രചാരണത്തിന്റെ ഭാഗമായെത്തിയ കോ-കൺവീനർ സൗരവ് ദാസാണ് പിന്തുണ അറിയിച്ചത്. പാഠപുസ്തക അച്ചടിക്കായി സർക്കാർ 380 കോടി രൂപ ചെലവഴിച്ചിട്ടും നിരവധി പിഴവുകൾ കണ്ടെത്തിയെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2022ൽ വാർധ കാമ്പസിലെ വിമൻസ് സ്റ്റഡീസ്, ഫിലിം സ്റ്റഡീസ് കോഴ്സുകൾ ഉത്തർപ്രദേശിലെ പ്രയാഗ്രാജിലേക്ക് മാറ്റിയതും നാലു വർഷമായി പിഎച്ച്.ഡി പ്രവേശനം നിർത്തിവെച്ചതുമാണ് എം.ജി.എച്ച്.വി വിദ്യാർഥികളെ സമരത്തിലെത്തിച്ചത്. ജൂലൈയിൽ ആരംഭിച്ച സമരത്തിൽ ആറ് ഗവേഷക വിദ്യാർഥികൾ ഇപ്പോഴും വാർധ ജില്ല കലക്ടറേറ്റിൽ തുടരുകയാണ്. സമരവേദിയിലെത്തിയ സി.ജെ.പി നേതാവ് അഭിജീത് ദിപ്കെ ആറ് വിദ്യാർഥികൾക്കെതിരായ എഫ്.ഐ.ആർ പിൻവലിക്കണമെന്നും സമാധാനപരമായ സമരത്തെ കേസുകൾ ചുമത്തി പൊലീസ് അടിച്ചമർത്തരുതെന്നും ആവശ്യപ്പെട്ടു.
പിഎച്ച്.ഡി പ്രവേശനം പുനരാരംഭിക്കണമെന്നും മാറ്റിയ കോഴ്സുകൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് 250ലേറെ വിദ്യാർഥികൾ ജൂലൈയിൽ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും നിവേദനം നൽകിയതായി ഗവേഷക വിദ്യാർഥി നിരഞ്ജൻ ഒബറായ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

