മുംബൈയിൽ സിജെപി സമരം നാളെ; ഗ്യാനേഷ് കുമാറിന്റെ രാജിയടക്കം മൂന്ന് പ്രധാന ആവശ്യങ്ങൾ
text_fieldsമുംബൈ: ചീഫ് ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കോക്ക്റോച്ച് ജനതാ പാർട്ടി. തെരഞ്ഞെടുപ്പ് കമീഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുകയും ആഭ്യന്തര ഭിന്നതകൾ പുറത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി സംഘടന രംഗത്തെത്തിയത്. ശിവാജി പാർക്കിൽ പ്രതിഷേധം നടത്തുന്നതിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചെങ്കിലും സമരം നടത്തുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിന്റെ രാജിക്ക് പുറമെ മൂന്ന് പ്രധാന ആവശ്യങ്ങളാണ് വാർത്താസമ്മേളനത്തിൽ പാർട്ടി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ മുന്നോട്ടുവെച്ചത്:
ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയുകയും അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും ചെയ്യുക. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) നടപടികൾ അടിയന്തരമായി മരവിപ്പിക്കുകയും 2025 ജനുവരിയിലെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കുകയും ചെയ്യുക. തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023-ലെ നിയമം തിരുത്തി കമീഷന്റെ ഘടനയിൽ സമഗ്രമായ പരിഷ്കരണം വരുത്തുക എന്നതാണ് സി.ജെ.പിയുടെ പ്രധാന ആവശ്യങ്ങൾ
ബോംബെ ഹൈക്കോടതിയുടെ 2013-ലെ ഉത്തരവും ഗതാഗത തടസ്സവും ചൂണ്ടിക്കാട്ടിയാണ് മുംബൈ പൊലീസ് സമരത്തിന് അനുമതി നിഷേധിച്ചത്. എന്നാൽ ഇത് പൗരന്മാരുടെ ശബ്ദം അടിച്ചമർത്താനുള്ള നീക്കമാണെന്ന് ദീപ്കെ ആരോപിച്ചു. ശിവാജി പാർക്ക് ഗേറ്റ് നമ്പർ ആറിന് സമീപം ആരംഭിക്കുന്ന പ്രതിഷേധം പിന്നീട് ബെംഗളൂരു, ഗോവ, കൊൽക്കത്ത, പട്ന, റാഞ്ചി എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. ഒക്ടോബർ അവസാനത്തോടെ സമരം ഡൽഹി കേന്ദ്രീകരിച്ച് ദേശീയ തലത്തിലേക്ക് മാറ്റാനാണ് സി.ജെ.പിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

