സ്കൂളുകളിൽ നിന്ന് തെരുവിലേക്ക് ജെൻ ആൽഫ; സി.ജെ.പിയുടെ കാമ്പയിൻ തരംഗമാകുന്നു
text_fieldsന്യൂഡൽഹി: ജന്തർമന്തർ സമരത്തിന്റെ വിജയത്തിന് പിന്നാലെ, രാജ്യത്തെ സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന ‘ജെൻ ആൽഫ’ യെ (2010നും 2024നും ഇടയിൽ ജനിച്ചവർ) ഇറക്കിയുള്ള പ്രക്ഷോഭങ്ങൾ പുതിയ തലത്തിലേക്ക് കടക്കുന്നു. സി.ജെ.പി ആരംഭിച്ച ‘സ്കൂൾ ഠീക് കരോ’ കാമ്പയിന് സ്കൂൾ വിദ്യാർഥികളിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
സ്കൂളുകളിലെ ശോച്യാവസ്ഥയും അധ്യാപകരുടെ കുറവും ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ വിദ്യാർഥികൾ വ്യാപക പ്രതിഷേധത്തിലാണ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗ്രാമീണ മേഖലയിലെ സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ, മുഖ്യ വക്താക്കളായ സൗരവ് ദാസ്, അഷുതോഷ് എന്നിവരുടെ നേതൃത്വത്തിൽ കാമ്പയിന് തുടക്കമിട്ടത്.
സ്കൂളിൽ അധ്യാപകരില്ലാത്തതും ഹോസ്റ്റൽ സൗകര്യങ്ങളുടെ തകർച്ചയും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലഖ്നോവിൽ സർവോദയ സ്കൂളിലെ നൂറുകണക്കിന് പെൺകുട്ടികൾ തിങ്കളാഴ്ച തെരുവിലിറങ്ങി പ്രധാന പാത ഉപരോധിച്ചു. കലക്ടർ നേരിട്ടെത്തി ആവശ്യമായ ഉറപ്പുകൾ നൽകിയ ശേഷമാണ് മണിക്കൂറുകൾ നീണ്ട സമരം അവസാനിച്ചത്.
മൂന്ന് ദിവസം മുമ്പ് സമാന ആവശ്യങ്ങളുമായി ഇതേ സ്കൂളിലെ വിദ്യാർഥിനികൾ രംഗത്തിറങ്ങിയപ്പോൾ മന്ത്രി അസിം അരുൺ നേരിട്ടെത്തി, പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നു. യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് തിങ്കളാഴ്ച വീണ്ടും സമരവുമായി ഇറങ്ങിയത്.
ഉത്തർപ്രദേശിലെ ഹമീർപൂരിൽ സ്കൂളിലേക്ക് റോഡുപോലും ഇല്ലാത്തത് ഉയർത്തി വിദ്യാർഥികൾ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ദേശീയപതാകയേന്തി അഞ്ച് കിലോമീറ്ററോളം നടന്നാണ് കുട്ടികൾ കലക്ടറേറ്റ് ഉപരോധിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ അധികൃതർ, റോഡിൽ കോൺക്രീറ്റ് ജോലികൾ ഉടൻ ആരംഭിക്കുമെന്ന് വ്യക്തമാക്കി. രാജസ്ഥാനിലെ അൽവറിൽ സ്കൂൾ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണതിനെത്തുടർന്ന് വിദ്യാർഥികൾ അനിശ്ചിതകാല സമരത്തിലേക്ക് കടന്നു.
മധ്യപ്രദേശിലെ വിദിശ ജില്ലയിൽ സ്വകാര്യ സ്കൂൾ ബസ് ഓപറേറ്റർമാർ യാത്രാക്കൂലി 10 രൂപയിൽ നിന്ന് 25 രൂപയായി വർധിപ്പിച്ചതിനെതിരെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. കുട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് അധികൃതർ ഇടപെട്ട് ഈ വർധന ഉടൻ തന്നെ പിൻവലിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ യുവാക്കൾ സ്കൂളുകളുടെ ശോച്യാവസ്ഥയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതോടെ സമരത്തിന് പിന്തുണയേറുകയാണ്. മഹാരാഷ്ട്രയിൽ അഭിജീത് ദിപ്കെയും രാജസ്ഥാനിൽ അഷുതോഷും നേരിട്ട് സ്കൂളുകൾ സന്ദർശിച്ച് സമരത്തിന് നേതൃത്വം നൽകിയതോടെ സർക്കാറുകൾ പ്രതിരോധത്തിലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

