കൂറുമാറുന്നവരെ വിലക്കണം; കപിൽ സിബലിന്റെ നിർദേശത്തെ പിന്തുണച്ച് സി.ജെ.പി
text_fieldsന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളിൽനിന്ന് കൂറുമാറുന്ന എം.പിമാരെയും എം.എൽ.എമാരെയും വിലക്കണമെന്ന മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബലിന്റെ നിർദേശത്തെ യുവജന കൂട്ടായ്മയായ കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) പിന്തുണച്ചു. നിർദേശം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ദേശീയ കൺവീനർ അഭിജീത് ദിപ്കെ പറഞ്ഞു.
കൊച്ചിയിൽ ‘കുതിരക്കച്ചവടവും ജനാധിപത്യവും’ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിനിടെയാണ്, ഭരണഘടനയുടെ പത്താം പട്ടികയിൽ ഭേദഗതി വരുത്തണമെന്ന് സിബൽ ആവശ്യപ്പെട്ടത്. കൂട്ടത്തോടെയുള്ള കൂറുമാറ്റങ്ങൾക്ക് ‘കക്ഷി ലയനം’ എന്ന വ്യവസ്ഥ പഴുതായി മാറുന്നത് തടയണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.
നിലവിലെ നിയമപ്രകാരം ഒരു നിയമസഭാകക്ഷിയിലെ മൂന്നിൽ രണ്ട് അംഗങ്ങൾ മറ്റൊരു പാർട്ടിയിലേക്ക് മാറിയാൽ അത് ലയനമായി കണക്കാക്കും. കൂടാതെ, കൂറുമാറ്റത്തിന്റെ പേരിൽ അയോഗ്യരാക്കുന്നതിൽനിന്ന് സംരക്ഷണം ലഭിക്കുകയും ചെയ്യും. ഈ പഴുത് അടക്കണമെന്നും ലയനം എന്നത് നിയമസഭാംഗങ്ങളുടെ കൂട്ടക്കൂറുമാറ്റമല്ല, രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള ലയനമാകണമെന്നും സിബൽ വ്യക്തമാക്കി.
ഈ നിർദേശത്തെ സി.ജെ.പി സഹകൺവീനർ സൗരവ് ദാസ് പിന്തുണച്ചു. സിബലിന്റെ നിർദേശം സ്വാഗതാർഹമാണ്. ഇത്തരക്കാർക്ക് 10 വർഷത്തെ വിലക്കാണ് സിബൽ നിർദേശിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, സി.ജെ.പി നിർദേശം ഇതിലും കർശനമാണ്. കൂറുമാറ്റക്കാർ 20 വർഷത്തേക്ക് പൊതുപദവി വഹിക്കുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വിലക്കണമെന്നാണ് സംഘടനയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

