'ഞങ്ങൾക്ക് പാകിസ്താൻ ഫണ്ടിങ് ഉണ്ടെങ്കിൽ എന്തിനാണ് നിങ്ങളുടെ മന്ത്രിമാർ വന്ന് കാലുപിടിച്ചത്'?; ജിതേന്ദ്ര സിംഗിനോട് സി.ജെ.പി
text_fieldsഅശുതോഷ് റങ്ക
ന്യൂഡൽഹി: കോക്റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾക്ക് പാകിസ്താനിൽ നിന്നും അമേരിക്കയിൽ നിന്നും വിദേശ ഫണ്ടിംഗ് ലഭിക്കുന്നുവെന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്റെ ഗുരുതര ആരോപണങ്ങൾക്ക് രൂക്ഷമായ ഭാഷയിലും ആക്ഷേപഹാസ്യത്തിലൂടെയും തിരിച്ചടി നൽകി സി.ജെ.പി നേതാക്കൾ. പാക് രാഷ്ട്രീയക്കാരിൽ നിന്നും ഇടനിലക്കാരിൽ നിന്നും പണം കൈപ്പറ്റുന്നുവെന്ന മന്ത്രിയുടെ വാദത്തോട്, 'എങ്കിൽ പിന്നെ നിങ്ങൾ എന്തിനാണ് ഞങ്ങളുമായി ചർച്ച നടത്തിയത്' എന്ന് ചോദിച്ചുകൊണ്ടാണ് സി.ജെ.പി ദേശീയ വക്താവ് അശുതോഷ് റങ്ക 'എക്സി'ൽ ആഞ്ഞടിച്ചത്.
നവംബർ 3-ന് ബെംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സഹമന്ത്രിയായ ഡോ. ജിതേന്ദ്ര സിംഗ് സി.ജെ.പി നേതാക്കൾക്കെതിരെ രാജ്യദ്രോഹസ്വഭാവമുള്ള ഫണ്ടിംഗ് ആരോപണങ്ങൾ ഉന്നയിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും, വോട്ടർപട്ടികയിലെ തീവ്ര പുനഃപരിശോധനയ്ക്കെതിരെയും (എസ്.ഐ.ആർ) രാജ്യതലസ്ഥാനത്ത് നടക്കുന്ന യുവജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നതിനിടയിലാണ് സി.ജെ.പിയെ ലക്ഷ്യമിട്ട് കേന്ദ്രം തിരിഞ്ഞത്.
'എല്ലാം പാകിസ്താന്റെ തലയിൽ കെട്ടിവെക്കരുത്': ചോദ്യങ്ങളുമായി അശുതോഷ് റങ്ക
കേന്ദ്രമന്ത്രിയുടെ വിദേശ ഫണ്ടിംഗ് വാദങ്ങളെ പരിഹസിച്ചുകൊണ്ട് അശുതോഷ് റങ്ക മറ്റൊരു പോസ്റ്റും പങ്കുവെച്ചു. 'ചോദ്യപേപ്പർ ചോർത്തിയത് ആരാണ്? പാകിസ്താൻ. സ്കൂളുകൾ തകർത്തത് ആരാണ്? പാകിസ്താൻ. വോട്ട് മോഷ്ടിച്ചത് ആരാണ്? പാകിസ്താൻ. രാജ്യത്ത് തൊഴിലില്ലായ്മ പടർത്തിയത് ആരാണ്? പാകിസ്താൻ..." എന്ന് രാജ്യത്തെ യഥാർത്ഥ ഭരണപരാജയങ്ങളെ ചൂണ്ടിക്കാട്ടി അദ്ദേഹം തുറന്നടിച്ചു.
വിദ്യാർഥി-പരീക്ഷാ പരിഷ്കരണ പ്രക്ഷോഭങ്ങൾക്കിടെ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുമായി സി.ജെ.പി പ്രതിനിധി സംഘം നേരിട്ട് ചർച്ച നടത്തിയിരുന്നു. വിദേശ ഫണ്ടിംഗ് ഉള്ള സംഘടനയാണെങ്കിൽ കേന്ദ്ര സർക്കാർ എന്തിനാണ് ഔദ്യോഗികമായി ചർച്ചയ്ക്ക് വിളിച്ചതെന്നാണ് റങ്കയുടെ പ്രധാന ചോദ്യം.
പണക്കെട്ടുകൾ തലയിൽ വെച്ച് 'ജിഫ്'; പരിഹസിച്ച് സ്ഥാപകൻ അഭിജീത് ദിപ്കെ
അഭിജീത് ദിപ്കെയ്ക്ക് യു.എസിൽ നിന്നും അശുതോഷ് റങ്കയ്ക്ക് പാകിസ്താനിൽ നിന്നും പണം ലഭിക്കുന്നുവെന്നായിരുന്നു ജിതേന്ദ്ര സിംഗിന്റെ പത്രസമ്മേളനത്തിലെ പ്രധാന ആരോപണം. വിദേശ ഫണ്ട് വാങ്ങുന്ന എൻ.ജി.ഒകളും 'ഡീപ് സ്റ്റേറ്റ്' ഏജന്റുമാരും ചേർന്ന് സർക്കാരിനെതിരെ പൊതുവികാരം ഉണ്ടാക്കുകയാണെന്നും മന്ത്രി ആരോപിച്ചിരുന്നു. മന്ത്രിയുടെ ആരോപണ വീഡിയോ പങ്കുവെച്ചുകൊണ്ട്, ഒരാൾ നോട്ടുകെട്ടുകൾ തലയിൽ അടുക്കിവെക്കുന്ന തമാശ രൂപത്തിലുള്ള 'ജിഫ്' പങ്കുവെച്ചാണ് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ സോഷ്യൽ മീഡിയയിൽ പരിഹാസമുയർത്തിയത്. വോട്ടർപട്ടിക ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളെ രാജ്യവിരുദ്ധരായി മുദ്രകുത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

