‘ഞാൻ പരാജയപ്പെട്ടു, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നു, മോദിജിക്ക് നന്ദി’: മധ്യപ്രദേശ് സർക്കാരിനെ പരിഹസിച്ച് അഭിജിത് ദിപ്കെ
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട് മധ്യപ്രദേശ് സർക്കാരിനെ പരിഹസിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദിപ്കെ. അണുബാധ മൂലം മരിച്ച ആദിവാസി കുട്ടികളുടെ മാതാപിതാക്കളെ കാണാൻ പോയ ദിപ്കെയെ ബാലഘട്ടിൽ ചിലർ തടഞ്ഞുവെച്ച് കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിന് തൊട്ടടുത്ത ദിവസമാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നുവെന്ന് കാണിച്ചുള്ള ഹാസ്യ പോസ്റ്റ് പങ്കുവെച്ചത്. "മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം ഞാൻ ഇതിനാൽ തൽക്ഷണം രാജിവെക്കുന്നു. മധ്യപ്രദേശിലെ ജനങ്ങളെ സേവിക്കാൻ എനിക്ക് അവസരം തന്ന ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് നന്ദി പറയുന്നു. ആ ഉത്തരവാദിത്തത്തിൽ ഞാൻ വ്യക്തമായി പരാജയപ്പെട്ടിരിക്കുന്നു," എന്ന് ഒറിജിനലാണെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള ഹാസ്യരാജിക്കത്തിൽ ദിപ്കെ കുറിച്ചു. എക്സിലാണ് പോസ്റ്റ് പങ്കുവെച്ചത്.
പരിഹാസരൂപേണയുള്ള കത്തിൽ, സാഗർ വ്യാജമദ്യ ദുരന്തവും ബാലഘട്ടിലെ അണുബാധ മരണങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പരാജയങ്ങളും എടുത്തു പറയുന്നുണ്ട്.
സർക്കാർ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 55,795 ആദിവാസി വീടുകളിൽ ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ല. എൻ.സി.ആർ.ബിയുടെ കണക്ക് പ്രകാരം രാജ്യത്ത് ആദിവാസികൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളിൽ 32 ശതമാനവും സംസ്ഥാനത്താണ്. സംസ്ഥാനത്ത് അഞ്ചര ലക്ഷത്തോളം കുട്ടികൾ ഭാരക്കുറവ് അനുഭവിക്കുന്നവരാണ് തുടങ്ങിയ കാര്യങ്ങൾ തന്റെ സർക്കാരിന്റെ പരാജയമായി വിലയിരുത്തുന്നുവെന്ന് ദിപ്കെ രാജിക്കത്തിൽ പറയുന്നു.
പകർച്ചവ്യാധികൾ മൂലം മരിച്ച ആദിവാസി കുട്ടികളുടെ കുടുംബാംഗങ്ങളെ കാണാനും പ്രാദേശിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാനുമായി ബാലഘട്ടിലെ അഡോരി, കോർക്ക, ബോണ്ടരി എന്നീ ഗ്രാമങ്ങൾ അഭിജിത് ദിപ്കെ ശനിയാഴ്ച സന്ദർശിച്ചിരുന്നു. അതിനിടെ ഒരു വനിത ദിപ്കെയുടെ മുഖത്തേക്ക് മൈക്ക് നീട്ടുന്നതും, നിങ്ങൾ ഇവിടെ "ശവങ്ങളുടെമേൽ രാഷ്ട്രീയം കളിക്കാൻ" വന്നതാണോ എന്നും എന്തുകൊണ്ടാണ് ഇത്ര വൈകി ഈ പ്രദേശം സന്ദർശിക്കുന്നത് എന്നും ചോദിക്കുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു. "ഇവിടെ നല്ലൊരു റോഡ് നിർമ്മിച്ചിട്ടുണ്ട്. അത് നിങ്ങൾക്ക് കാണാൻ കഴിയുന്നില്ലേ?" എന്നും ആ സ്ത്രീ ചോദിക്കുന്നുണ്ടായിരുന്നു. സ്ഥിതിഗതികൾ വഷളായപ്പോൾ, ദിപ്കെയുടെ കൂടെയുണ്ടായിരുന്ന സി.ജെ.പി പ്രവർത്തകർ അദ്ദേഹത്തെ മറ്റൊരു കാറിൽ കയറ്റി കൊണ്ടുപോയി. സി.ജെ.പി സ്ഥാപകൻ സ്ഥലത്തുനിന്ന് പോയപ്പോൾ, "അവൻ ഓടിപ്പോയി, അവൻ ഓടിപ്പോയി" എന്ന് ആ സ്ത്രീ പറയുന്നത് കേൾക്കാമായിരുന്നു. ഈ മേഖലയിൽ 30-ലധികം കുട്ടികൾ മരിച്ച സംഭവത്തിൽ മധ്യപ്രദേശ് ഹൈക്കോടതി അടുത്തിടെ സംസ്ഥാന സർക്കാരിന്റെ മറുപടി തേടിയിരുന്നു. വ്യാജമദ്യം കഴിച്ച് സാഗർ ജില്ലയിലെ ബന്ദാ മേഖലയിൽ 16 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

