ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുക്കുമെന്ന വാർത്ത ഗൂഢാലോചന; താൻ തികഞ്ഞ അംബേദ്കർ അനുഭാവി, ക്ഷണം സ്വീകരിച്ചിട്ടില്ലെന്നും കമൽതായ്
text_fieldsകമൽതായ് ഗവായ്
ന്യൂഡൽഹി: താൻ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുക്കുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ മാതാവ് കമൽതായ് ഗവായ്. ഇതുമായി ബന്ധപ്പെട്ട മാധ്യമറിപ്പോർട്ടുകൾ ഗൂഢാലോചനയാണെന്നും താൻ തികഞ്ഞ അംബേദ്കറൈറ്റാണെന്നും വെളിപ്പെടുത്തി കമൽതായ് എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് ഇതിനകം സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവെച്ചിട്ടുള്ളത്.
താൻ തികഞ്ഞ അംബേദ്കർ അനുഭാവിയാണെന്നും അതുകൊണ്ടുതന്നെ അഹമ്മദാബാദിലെ അമരാവതിയിൽ നടക്കുന്ന ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുക്കാനില്ലെന്നും കത്തിൽ പറയുന്നു. ആക്ടിവിസ്റ്റും അധ്യാപകയുമായ കമൽതായ് ആർ.എസ്.എസ് പരിപാടിയിൽ മുഖ്യാതിഥിയാവുമെന്ന വാർത്ത ഏറെ ചർച്ചയായിരുന്നു. എന്നാൽ ഞായറാഴ്ച പുറത്തുവന്ന കത്തിൽ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇത് ആർ.എസ്.എസ് ഗൂഢാലോചനയാണെന്നും കത്തിലുണ്ട്.
അതേസമയം, കത്തിന്റെ ആധികാരികത സംബന്ധിച്ച് കമൽതായിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണങ്ങൾ ലഭ്യമായില്ലെന്ന് ദ വയർ റിപ്പോർട്ട് ചെയ്തു. കമൽതായ് പരിപാടിയിൽ പങ്കെടുക്കുമെന്ന് ചീഫ് ജസ്റ്റിസിന്റെ സഹോദരനും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ആർ.പി.ഐ) നേതാവുമായ ഡോ. രാജേന്ദ്ര ഗവായ് സ്ഥിരീകരിച്ചിരുന്നു.
അടൽ ബിഹാരി വാജ്‌പേയി മുതൽ ഇന്ദിരാഗാന്ധി വരെയുള്ള എല്ലാ നേതാക്കളുമായും തങ്ങളുടെ പിതാവിന് ഊഷ്മളമായ ബന്ധമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജേന്ദ്ര ഗവായിയുടെ പ്രതികരണം. ഇതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് ആർ.എസ്.എസ് വാദം തള്ളി കമൽതായുടേത് എന്ന് പറയപ്പെടുന്ന കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടത്.
അതേസമയം, അമ്മയുടെ തീരുമാനം എന്തുതന്നെയായാലും താൻ അവരെ പിന്തുണക്കുമെന്ന് രാജേന്ദ്രയെ ഉദ്ധരിച്ച് ദ വയർ റിപ്പോർട്ട് ചെയ്തു. കമൽതായ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. തൻറെ കോളുകൾ പോലും എടുത്തിട്ടില്ല. കത്തിൻറെ ആധികാരികത പരിശോധിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

