പൗരത്വ നിയമം: സുപ്രീംകോടതിയിൽ ഹരജികളുടെ കുത്തൊഴുക്ക്; അതൃപ്തിയുമായി ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിലും അലീഗഢ് മുസ്ലിം സർവകലാശാലയിലും വിദ്യാർഥികൾക്കുനേരെ നടന്ന പൊലീസ് അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് ഹൈകോടതികൾ സമിതികളുണ്ടാക്കെട്ടയെന്ന് സുപ്രീംകോടതി. വിരമിച്ച സുപ്രീംകോടതി, ൈഹകോടതി ജഡ്ജിമാരെ അന്വേഷണ സമിതികളുടെ മേൽനോട്ടത്തിനായി ഹൈകോടതികൾക്ക് നിയോഗിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, ഹൈകോടതി തീരുമാനമെടുക്കുന്നതുവരെ സമരം ചെയ്യുന്ന വിദ്യാർഥികളെ അറസ്റ്റ് ചെയ്യുന്നത് വിലക്കണമെന്ന ഹരജിക്കാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല.
കല്ലേറും തീവെപ്പും നടത്തിയത് വിദ്യാർഥികളല്ലെന്ന് അഭിഭാഷകർ ബോധിപ്പിച്ചു. പൊലീസുകാർ പൊതുസ്വത്തിനുനേരെ നടത്തിയ അതിക്രമങ്ങളുടെ വിഡിയോകളും ചിത്രങ്ങളും തങ്ങളുടെ പക്കലുണ്ട്. അതിനാൽ, രണ്ടുതരത്തിലുള്ള അക്രമങ്ങളെ കുറിച്ചും വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ജാമിഅ, അലീഗഢ് വിദ്യാർഥികൾക്കു വേണ്ടി ഹാജരായ ഇന്ദിര ജയ്സിങ്ങും കോളിൻ ഗോൺസാൽവസും ഡൽഹി ന്യൂനപക്ഷ കമീഷനുവേണ്ടി ഹാജരായ അഡ്വ. മഹ്മൂദ് പ്രാചയും വാദിച്ചു.
പൊലീസ് അതിക്രമങ്ങളിൽ വിദ്യാർഥികളുടെ കണ്ണു നഷ്ടമായതും കൈകാലുകൾ തകർന്നതും മൂവരും വിവരിച്ചു. അന്വേഷണ ഉത്തരവിടാൻ സുപ്രീംകോടതി വിമുഖത കാണിച്ചപ്പോൾ മണ്ഡൽ കമീഷൻ സമരകാലത്തും രാംലീലയിലെ രാംദേവിെൻറ സമരസമയത്തുമുള്ള കോടതിയുടെ അന്വേഷണ ഉത്തരവുകൾ അഭിഭാഷകർ ബെഞ്ചിനെ വായിച്ചുകേൾപ്പിച്ചു. ഏറ്റവുമൊടുവിൽ തെലങ്കാന ഏറ്റുമുട്ടലിൽ സുപ്രീംകോടതി അന്വേഷണത്തിനുത്തരവിട്ടതും ഒാർമിപ്പിച്ചപ്പോൾ അലീഗഢും ജാമിഅയും രണ്ടു സംസ്ഥാനങ്ങളിലാണെന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ മറുപടി.
വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന അക്രമങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി സമിതിയെ നിയോഗിക്കുന്നത് പ്രായോഗികമല്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സൂര്യകാന്ത് എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് തുടർന്ന് പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഹരജിക്കാർ അതിക്രമം അരങ്ങേറിയ സംസ്ഥാനങ്ങളിലെ ഹൈകോടതികളെ സമീപിക്കുകയാണ് ഉചിതം. ഹരജിക്കാരെയും കേന്ദ്ര, സംസ്ഥാന സർക്കാറുകളെയും കേട്ടശേഷം ഉചിതമായ അന്വേഷണം ഹൈകോടതികൾക്ക് തീരുമാനിക്കാം. വിദ്യാർഥികളുടെ അറസ്റ്റ്, സൗജന്യ വൈദ്യസഹായം എന്നിവയുടെ കാര്യത്തിലും ഹൈകോടതികൾക്ക് തീരുമാനമെടുക്കാം.
സർവകലാശാല ൈവസ്ചാൻസലർമാർ അറിയാതെയാണ് പൊലീസ് കാമ്പസുകളിൽ അതിക്രമം നടത്തിയതെന്ന് അഭിഭാഷകർ ബോധിപ്പിച്ചുവെന്നും എന്നാൽ ഇത് കേന്ദ്ര സർക്കാർ നിഷേധിച്ചുവെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി. ഇരുഭാഗവും കേട്ടശേഷം ഹൈകോടതികൾ തീരുമാനമെടുക്കുമെന്ന് ഉറപ്പുണ്ടെന്നും ഉത്തരവ് തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
