‘വിരമിച്ച ജഡ്ജിമാർ സർക്കാർ പദവികൾ സ്വീകരിക്കുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ശരിയല്ല, ജുഡീഷ്യറിയിലുള്ള വിശ്വാസം തകർക്കും’; വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: ജഡ്ജിമാർ സർക്കാർ പദവികൾ സ്വീകരിക്കുന്നതും വിരമിച്ച ഉടൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും എതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. ഇത്തരം രീതികൾ ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നതായും ജസ്റ്റിസ് ബി.ആർ. ഗവായ് ചൂണ്ടിക്കാട്ടി.
യു.കെ സുപ്രീംകോടതി സംഘടിപ്പിക്കുന്ന റൗണ്ട് ടേബിൾ ഡിസ്കഷന്‍റെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു ചീഫ് ജസ്റ്റിസന്‍റെ വിമർശനം. ജഡ്ജിമാരുടെ ഇത്തരം നടപടികൾ ജുഡീഷ്യറിയിലുള്ള സാധാരണക്കാരുടെ വിശ്വാസം തകർക്കുമെന്നും ബി.ആർ. ഗവായ് വ്യക്തമാക്കി.
സുപ്രീംകോടതി, ഹൈകോടതി അടക്കമുള്ള കോടതികളിൽ നിന്ന് വിരമിക്കുന്ന ജഡ്ജിമാർ സർക്കാരുമായി ബന്ധപ്പെട്ട പദവികളിൽ എത്തുന്ന സാഹചര്യമുണ്ട്. കൂടാതെ, തെരഞ്ഞെടുപ്പിൽ ജഡ്ജിമാർ മത്സരിക്കുന്ന വാർത്തകളും നമ്മൾ കണ്ടതാണ്. ജഡ്ജിമാരുടെ ഈ നടപടികൾ ശരിയല്ല. ഇത്തരം രീതിയിലേക്ക് ഒരു ജഡ്ജി പോകുമ്പോൾ ജുഡീഷ്യറിയിലുള്ള വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും.
വിമരമിച്ച ഉടൻ തന്നെ സർക്കാർ പദവികൾ ഏറ്റെടുക്കുമ്പോൾ, നേരത്തെ അണിയറക്ക് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്ന സംശയം ജനങ്ങൾക്കിടയിൽ ഉണ്ടാകും. അത് നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും നിഷ്പക്ഷ നിലപാടിനെയും ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് മാറിയാൽ സർക്കാർ പദവികൾ സ്വീകരിക്കില്ലെന്ന നിലപാട് ബി.ആർ. ഗവായ് നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാർ പദവികളും തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവും സ്വീകരിക്കുന്നത് സംബന്ധിച്ച് രണ്ട് തരത്തിലുള്ള ചർച്ചകൾ രാജ്യത്ത് ഉയർന്നു വന്നിരുന്നു. ചീഫ് ജസ്റ്റിസിന്‍റെ പുതിയ പ്രസ്താവനയോടെ ഈ വിഷയം നിയമരംഗത്ത് വീണ്ടും ചർച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

