വിധിന്യായങ്ങൾ ലളിതമായ ഭാഷയിൽ എഴുതാൻ ജഡ്ജിമാർ ശ്രദ്ധിക്കണമെന്ന് ചീഫ് ജസ്റ്റിസ്
text_fieldsഡി.വൈ. ചന്ദ്രചൂഡ്
ന്യൂഡൽഹി: ജഡ്ജിമാർ വിധിന്യായങ്ങൾ ലളിതമായ ഭാഷയിൽ എഴുതാൻ ശ്രദ്ധിക്കണമെന്നും എങ്കിലേ അത് സാധാരണക്കാരിലേക്ക് കൂടി എത്തിക്കാനാകൂവെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. കോടതി ഉത്തരവുകൾ ജനങ്ങൾക്ക് പ്രാദേശിക ഭാഷകളിലും ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ റിപ്പബ്ലിക്കായതിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ഭരണഘടനാ കാമ്പയിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
ഏതൊരു രാജ്യത്തിന്‍റെയും ഐക്യത്തിനും പുരോഗതിക്കും ഏറ്റവും പ്രധാനപ്പെട്ടതാണ് ഭരണഘടനയെന്ന് അദ്ദേഹം പറഞ്ഞു. റേഷനുള്ള അവകാശം, ശുദ്ധമായ വെള്ളത്തിനും ആരോഗ്യസംവിധാനങ്ങൾക്കുമുള്ള അവകാശം തുടങ്ങിയ, ഭരണഘടനയിൽ നിന്ന് ഉരുത്തിരിയുന്ന അവകാശങ്ങൾ, പുസ്തകങ്ങൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല. കോടതികളിലും ഗ്രാമങ്ങളിലും അതിന് സ്ഥാനമുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ പാഠങ്ങളും എല്ലാ ഗ്രാമങ്ങളിലേക്കും എത്തിയാൽ മാത്രമേ നമ്മുടെ ദൗത്യം പൂർത്തിയാകൂ.
'ഭരണഘടന കേവലം നിയമജ്ഞന്‍റെ രേഖ മാത്രമല്ല' എന്ന ഡോ. ബി.ആർ. അംബേദ്കറിന്‍റെ വാക്കുകൾ അദ്ദേഹം ഉദ്ധരിച്ചു. 'ജീവിതത്തിന്‍റെ വാഹനമാണ് ഭരണഘടന. അത് കാലഘട്ടത്തിന്‍റെ ആത്മാവാണ്'. ഭരണഘടനയെ കുറിച്ച് സാധാരണക്കാരിൽ ഉൾപ്പെടെ അവബോധം സൃഷ്ടിക്കാൻ നിയമവിദ്യാർഥികൾ രംഗത്ത് വരണമെന്നും ചീഫ് ജസ്റ്റിസ് ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

