ന്യൂഡൽഹി: മുതിർന്ന അഭിഭാഷകരുടെ മധ്യസ്ഥ ശ്രമം തുടർന്നെങ്കിലും പരമോന്നത നീതിപീഠത്തിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരമായില്ല. കേസുകൾ പരിഗണിക്കേണ്ട ബെഞ്ച് നിശ്ചയിക്കുന്നതിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പക്ഷപാതപരമായി പെരുമാറുന്ന വിഷയത്തിൽ വ്യക്തമായ പോംവഴി രൂപപ്പെടാതെയാണ് ഇന്ന് കോടതി വീണ്ടും തുറക്കുന്നത്.
മധ്യസ്ഥശ്രമം ഞായറാഴ്ച രാത്രിയും തുടർന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായും വിമർശനമുന്നയിച്ച നാല് ജഡ്ജിമാരുമായും അഭിഭാഷക സംഘടനകളെ പ്രതിനിധാനം ചെയ്ത് മുതിർന്ന അഭിഭാഷകർ ചർച്ച നടത്തി. ചേരിതിരിഞ്ഞു നിൽക്കുന്ന ജഡ്ജിമാർ ഇന്ന് കോടതി തുറക്കുേമ്പാൾ പ്രശ്നപരിഹാരത്തിന് കൂട്ടായ ശ്രമം നടത്തിയേക്കും. ഫുൾകോർട്ട് ചേരുമെന്ന സൂചനയുമുണ്ട്.
പ്രതിസന്ധിയില്ലെന്നും രണ്ടുമൂന്നു ദിവസത്തിനകം പ്രശ്നം പരിഹരിക്കപ്പെടുമെന്നുമാണ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ജെ. ചെലമേശ്വർ എന്നിവരടക്കമുള്ള ജഡ്ജിമാരുമായി നടത്തിയ ചർച്ചക്കുശേഷം ബാർ കൗൺസിൽ ഒാഫ് ഇന്ത്യ ചെയർമാൻ മനൻ മിശ്ര രാത്രി വൈകി വാർത്താലേഖകരോട് പറഞ്ഞത്. പുറം ഇടപെടൽ കൂടാതെ വിഷയം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിെൻറ വിചാരണ നടത്തിവന്ന ജഡ്ജി ബി.എച്ച്. ലോയ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിനെക്കുറിച്ച് വിശദാന്വേഷണം ആവശ്യപ്പെടുന്ന ഹരജി പരിഗണിക്കുന്ന ജസ്റ്റിസ് അരുൺ മിശ്രയെയും ബാർ കൗൺസിലിെൻറ ഏഴംഗ സംഘം കണ്ടിരുന്നു. ഇൗ കേസ് അദ്ദേഹത്തിന് കൈമാറിയതാണ് നാലു മുതിർന്ന ജഡ്ജിമാർ പൊട്ടിത്തെറിക്കാൻ ഇടയാക്കിയ ഒരു സംഭവം. സുപ്രീംകോടതിയിലെ ജസ്റ്റിസ് എസ്.എ. ബോബ്ദെ, ജസ്റ്റിസ് എൽ. നാഗേശ്വര റാവു എന്നിവർ ജസ്റ്റിസ് ചെലമേശ്വറിനെ കണ്ടതും ശ്രദ്ധേയമായി. ബാർ കൗൺസിൽ സംഘം അദ്ദേഹത്തെ ചെന്നുകണ്ടതിനു പിന്നാലെയായിരുന്നു ഇത്.
ചീഫ് ജസ്റ്റിസിനെതിരെ എതിർപ്പുയർത്തിയ ജഡ്ജിമാർക്ക് പിന്തുണ ഏറുകയാണ്. ഡൽഹി ബാർ അസോസിയേഷൻ, ഡൽഹി ജില്ല കോടതി ബാർ അസോസിയേഷനുകളുടെ ഏകോപന സമിതി എന്നിവയും ചീഫ് ജസ്റ്റിസിെൻറ നിലപാടിനെതിരെ രംഗത്തു വന്നു. പ്രശ്നം വേഗം പരിഹരിച്ചില്ലെങ്കിൽ തെരുവിലിറങ്ങുമെന്നാണ് ഡൽഹി ബാർ അസോസിയേഷെൻറ മുന്നറിയിപ്പ്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് നാലു മുൻ ജഡ്ജിമാർ തുറന്ന കത്തയച്ചതാണ് ഒടുവിലത്തെ സംഭവം. അതേസമയം, ബാഹ്യ ഇടപെടലില്ലാതെ കോടതിക്കുള്ളിൽ പരസ്പരം പ്രശ്നം ചർച്ച ചെയ്തു തീർക്കണമെന്നാണ് പൊതുവെ ഉയരുന്ന നിർദേശം. അതേസമയം, ബാഹ്യ ഇടപെടലുകൾ കൂടാതെ സുപ്രീംകോടതി ജഡ്ജിമാർ പരസ്പരം സംസാരിച്ച് വിഷയം തീർക്കണമെന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ നിലപാടാണ്.