കമാൽ മൗല മസ്ജിദ്: വൈകാരിക വിഷയം ആയതിനാൽ കരുതൽ വേണമെന്ന് ചീഫ് ജസ്റ്റിസ്
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: വൈകാരിക വിഷയമായതിനാൽ കമാൽ മൗല മസ്ജിദ് വിഷയത്തിൽ കോടതിക്ക് കരുതലോടെ മാത്രമേ ഇടപെടാനാകൂ എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. 1991ലെ ആരാധനാലയ നിയമത്തിനും 2003ലെ സുപ്രീംകോടതി വിധിക്കും എതിരാണ് കമാൽ മൗല മസ്ജിദ് പൂജക്ക് വിട്ടുകൊടുത്ത നടപടിയെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി ബോധിപ്പിച്ചപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിെന്റ പ്രതികരണം.
10,15 ദിവസത്തിനകം കേസ് ഉചിതമായ ബെഞ്ചിന് വിടാമെന്നും അതുവരെ നിലവിലുള്ള ക്രമീകരണം തുടരട്ടെയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രണ്ടുമാസം മുമ്പ് പുറപ്പെടുവിച്ച വിധിക്കെതിരെ ഇപ്പോഴാണ് വന്നിരിക്കുന്നതെന്നും ഇതിനിടയിൽ പലതും കഴിഞ്ഞുപോയെന്നും മസ്ജിദിന്റെ ആവശ്യം അംഗീകരിക്കരുതെന്നും കേന്ദ്ര സർക്കാറിന്റെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
എന്നാൽ, മുസ്ലിംകളും ഹിന്ദുക്കളും 1995ൽ രമ്യതയിലെത്തിയ വിഷയമാണിതെന്നും കഴിഞ്ഞ 31 വർഷമായി ഇരു സമുദായങ്ങളും ആ ധാരണ കാത്തുസൂക്ഷിക്കുന്നതാണെന്നും മസ്ജിദിനുവേണ്ടി ഹാജരായ മീനാക്ഷി അറോറ ബോധിപ്പിച്ചു. തുടർന്നാണ് നമസ്കാരം നിർവഹിക്കാനായി തർക്കത്തിലുള്ള പള്ളിക്കടുത്ത് തുറന്ന സ്ഥലമുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചതും ഉണ്ടെന്ന് തുഷാർ മേത്ത മറുപടി നൽകിയതും.
ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്ന് സരസ്വതി വിഗ്രഹം എത്തിക്കാൻ പറയാനാവില്ല
അതിനിടെ ഭോജ്ശാലയിൽ നിന്ന് ബ്രിട്ടീഷുകാർ എടുത്തുകൊണ്ടുപോയി ലണ്ടൻ മ്യൂസിയത്തിൽ വെച്ച സരസ്വതി വിഗ്രഹം തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാറിനോട് പറയണമെന്ന് പൂജക്കായി ഹൈകോടതിയെ സമീപിച്ച ഹരജിക്കാരൻ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
എന്നാൽ, കോളനിവാഴ്ചക്കാർ കൊണ്ടുപോയി മ്യൂസിയങ്ങളിൽ വെച്ചവയൊക്കെ തിരികെ കൊണ്ടുവന്നുവെക്കാൻ പറയാൻ കോടതിക്കാവില്ലെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി പറഞ്ഞു.
ഹൈകോടതി വിധിച്ചത്
കമാൽ മൗല മസ്ജിദ് സരസ്വതി ദേവിയുടെ ക്ഷേത്രമുള്ള ഭോജ്ശാലയാണെന്നും മുസ്ലിംകളുടെ നമസ്കാരം വിലക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുത്വ വാദികൾ സമർപ്പിച്ച ഹരജിയിലാണ് അവരുടെ ആവശ്യം അംഗീകരിച്ച് മധ്യപ്രദേശ് ഹൈകോടതി മേയ് 15ന് വിധി പുറപ്പെടുവിച്ചത്. കമാൽ മൗസ്ജിദ് സരസ്വതി ക്ഷേത്രം ഉൾക്കൊള്ളുന്ന സംസ്കൃത പാഠശാലയാണെന്ന് ചരിത്ര രചനകളാലും പുരാവസ്തു പരാമർശങ്ങളാലും സ്ഥാപിതമാണെന്ന് ഹൈകോടതി നിരീക്ഷിച്ചു.
നമസ്കാരം നിർവഹിക്കാൻ മുസ്ലിംകൾക്ക് അനുമതി നൽകിക്കൊണ്ട് 2003ൽ പുരാവസ്തു വകുപ്പ് പുറപ്പെടുവിച്ച ഉത്തരവും ഹൈകോടതി റദ്ദാക്കി. പുതിയൊരു പള്ളി നിർമിക്കാൻ മറ്റൊരു സ്ഥലം ആവശ്യപ്പെട്ട് മുസ്ലിംകൾക്ക് വേണമെങ്കിൽ സർക്കാറിനെ സമീപിക്കാമെന്നും ഹൈകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

