റോയിക്ക് ബംഗളൂരു നഗരം വിടനല്‍കി...
text_fieldsബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ സി.ജെ. റോയിയുടെ സംസ്കാരം ബന്നാർഘട്ട റോഡിലെ അദ്ദേഹത്തിന്റെതന്നെ ഉടമസ്ഥതയിലുള്ള കോൺഫിഡന്റ് കാസ്കേഡ് നേച്ചര്‍ ലക്ഷ്വറി റിസോര്‍ട്ടില്‍ നടന്നു. ബന്നാര്‍ഘട്ടയിലെ റിസോര്‍ട്ടില്‍ രാവിലെ 10 മുതല്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വൈകീട്ട് സംസ്കരിച്ചു.
അന്ത്യയാത്രയില്‍ ഏത് വസ്ത്രം ധരിക്കണം, എവിടെയാണ് സംസ്കാരം എന്നീ കാര്യങ്ങള്‍ മുമ്പുതന്നെ റോയി കൂട്ടുകാരോട് പറഞ്ഞിരുന്നു. ഇതുപ്രകാരം സെന്റ് ജോസഫ് പള്ളിയിലെ അന്ത്യശുശ്രൂഷകൾക്കുശേഷം സ്വന്തം ഭൂമിയില്‍തന്നെ അടക്കം ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം കുടുംബം നിറവേറ്റുകയായിരുന്നു. പ്രമുഖ ചലച്ചിത്ര താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരടക്കം ആയിരക്കണക്കിന് ജീവനക്കാർ അന്ത്യാഞ്ജലി അർപ്പിച്ചു. ആന്റണി പെരുമ്പാവൂര്‍, നടനും അവതാരകനുമായ മിഥുന്, ബംഗാര്‍പേട്ട് എം.എല്‍.എ എസ്.എന്‍. നാരായണ സ്വാമി, രാമലിംഗ റെഡ്ഡി, എന്നിവരും അന്തിമോപചാരം അര്‍പ്പിച്ചു.
അന്വേഷണം ഊർജിതം
ബംഗളൂരു: സി.ജെ. റോയിയുടെ മരണത്തില്‍ ബംഗളൂരു സൗത്ത് ഡെപ്യൂട്ടി പൊലീസ് കമീഷണർ ലോകേഷ് ജഗലസർ നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണം ആരംഭിച്ചു. ജോയന്റ് കമീഷണർ ഓഫ് പൊലീസ് (വെസ്റ്റ് സോൺ) സി. വംശി കൃഷ്ണ, സെൻട്രൽ, സൗത്ത് ഡിവിഷനുകളിലെയും സി.സി.ആർ.ബിയിലെയും അശോക് നഗർ പൊലീസ് സ്റ്റേഷനിലെയും മുതിർന്ന ഉദ്യോഗസ്ഥരുമടങ്ങിയ ആറംഗ സംഘമാണ് അന്വേഷണം ഏറ്റെടുത്തത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന മരണമായതിനാൽ അതീവ ഗൗരവത്തോടെയാണ് സർക്കാർ ഈ കേസിനെ കാണുന്നത്.
കഴിഞ്ഞ ഡിസംബറിൽ നടന്ന റെയ്ഡിന്റെ തുടർച്ചയായി മൊഴി രേഖപ്പെടുത്താനാണ് ഐ.ടി. ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം എത്തിയത്. ഫെബ്രുവരി നാലിനകം ചാർജ് ഷീറ്റ് സമർപ്പിക്കേണ്ടതിനാൽ ചില രേഖകളിൽ ഒപ്പിടാൻ റോയിയോട് ആവശ്യപ്പെട്ടിരുന്നു. കോൺഫറൻസ് റൂമിൽ വെച്ച് സംസാരിക്കാമെന്ന് സമ്മതിച്ച അദ്ദേഹം അഞ്ച് മിനിറ്റ് സമയം ചോദിച്ച് തന്റെ സ്വകാര്യ കാബിനിലേക്ക് പോകുകയായിരുന്നു. പിന്നാലെയാണ് വെടിയൊച്ച കേട്ടത് എന്നും സംഭവദിവസം ഓഫിസിലുണ്ടായിരുന്ന ഐ.ടി. ഉദ്യോഗസ്ഥർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ബൗറിങ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് പ്രകാരം നെഞ്ചിന്റെ ഇടതുഭാഗത്ത് തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും തകർത്തു. വെടിയുണ്ട പിറകിലൂടെ പുറത്തേക്ക് പോയി. 6.35 എം.എം ബുള്ളറ്റാണ് ശരീരത്തിൽനിന്ന് കണ്ടെത്തിയത്.
ഉപയോഗിച്ച തോക്കിൽ സൈലൻസർ ഘടിപ്പിച്ചിരുന്നോ എന്ന കാര്യം ഫോറൻസിക് സംഘം പരിശോധിച്ചു വരുകയാണ്. മരണത്തിന് തൊട്ടുമുമ്പ് റോയിയും ആദായനികുതി ഉദ്യോഗസ്ഥരും തമ്മിൽ തർക്കങ്ങളോ ഉച്ചത്തിലുള്ള സംസാരമോ നടന്നതായി സി.സി ടി.വി. ദൃശ്യങ്ങളിൽ കാണുന്നില്ല. അദ്ദേഹം ഉപയോഗിച്ച ആസ്ട്രിയൻ നിർമിത പിസ്റ്റളും അതിലെ വെടിയുണ്ടകളും ഫോറൻസിക് പരിശോധനക്ക് വിധേയമാക്കി. പൊലീസ് കസ്റ്റഡിയിലുള്ള അദ്ദേഹത്തിന്റെ രണ്ട് ഫോണുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചു. മരണത്തിന് മുമ്പ് അദ്ദേഹം ആരോടെങ്കിലും സംസാരിച്ചിരുന്നോ, ഭീഷണികൾ ലഭിച്ചിരുന്നോ, ആർക്കെങ്കിലും സന്ദേശങ്ങൾ അയച്ചിരുന്നോ എന്നീ കാര്യങ്ങള്‍ ഇതിലൂടെ വ്യക്തമാകും. റെയ്ഡിന് നേതൃത്വം നൽകിയ ഐ.ടി ജോയന്റ് ഡയറക്ടർ കൃഷ്ണപ്രസാദ് ഉൾപ്പെടെ ഉദ്യോഗസ്ഥരെ സി.ഐ.ഡി/എസ്.ഐ.ടി സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്തു. സമ്മർദമുണ്ടായോ എന്ന കുടുംബത്തിന്റെ പരാതിയിലാണ് ഈ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

