സിവിൽ കോഡും സവർക്കറും പ്രതിപക്ഷ ഐക്യത്തിൽ ഇടങ്കോലാക്കി ബി.ജെ.പി
text_fieldsന്യൂഡൽഹി: പ്രതിപക്ഷ ഐക്യശ്രമങ്ങൾക്ക് ഇടങ്കോലായി ഏക സിവിൽ കോഡ്, സവർക്കർ വിഷയങ്ങൾ ഉപയോഗപ്പെടുത്താൻ ബി.ജെ.പി ശ്രമം. നിയമ കമീഷൻ വഴി വീണ്ടും ചർച്ചക്ക് എടുത്തിട്ട ഏക സിവിൽ കോഡിന്റെ കാര്യത്തിൽ എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും ഒരേ അഭിപ്രായമല്ല. കർണാടകത്തിലെ പാഠപുസ്തകത്തിൽനിന്ന് ഹിന്ദുത്വവാദി സവർക്കറെ വെട്ടിമാറ്റിയത് ശിവസേനയെ പ്രകോപിപ്പിക്കാനും ബി.ജെ.പി ആയുധമാക്കുന്നു.
ജാതി സെൻസസിനു വേണ്ടിയുള്ള ശക്തമായ ആവശ്യം മുന്നോട്ടുവെച്ചത് കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള ഐക്യത്തിന് ബലം പകർന്നതിനൊപ്പം ബി.ജെ.പിയെ വെട്ടിലാക്കുകയും ചെയ്തിരുന്നു. ഇത് പൊളിക്കാൻ ഏക സിവിൽ കോഡും സവർക്കറും ചർച്ചയിലേക്ക് കൊണ്ടുവരാൻ ബി.ജെ.പി തീവ്രശ്രമം നടത്തുന്നുണ്ട്. ബി.ജെ.പിയുടെ തന്ത്രം തിരിച്ചറിഞ്ഞുള്ള പ്രതികരണങ്ങളാണ് വിവിധ പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞ രണ്ടു ദിവസമായി നടത്തിവരുന്നത്.
ബി.ജെ.പിയുടെ കാവിരാഷ്ട്രീയത്തെ ശക്തമായി നേരിടുന്നുവെന്ന സന്ദേശം നൽകാൻ തെക്കേന്ത്യൻ സംസ്ഥാനത്തെ പുതിയ സർക്കാറിലൂടെ ശ്രമിക്കുന്ന കോൺഗ്രസ്, സവർക്കറുടെ പാഠഭാഗം ഒഴിവാക്കിയപ്പോൾ ശിവസേനക്ക് നേരെയാണ് ബി.ജെ.പി തിരിഞ്ഞത്.
നിങ്ങളുടെ ചിന്താധാര എവിടെപ്പോയി, സവർക്കറെ കർണാടക സർക്കാർ അപമാനിച്ചതിനെ പിന്തുണക്കുന്നുണ്ടോ എന്നാണ് താക്കറെ വിഭാഗം ശിവസേനയോട് മഹാരാഷ്ട ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ചോദിച്ചത്. ഈ ചോദ്യം എൻ.സി.പി നേതാവ് ശരദ് പവാറിനു നേരെയും ഉയർന്നു. മഹാരാഷ്ട്രയിൽ കോൺഗ്രസും എൻ.സി.പിയും ശിവസേനയും സഖ്യകക്ഷികളാണ്.ഏക സിവിൽ കോഡ് ബഹുസ്വര സമൂഹത്തിൽ അടിച്ചേല്പിക്കരുതെന്ന നിലപാടാണ് കോൺഗ്രസിന്റേത്. ഏതെങ്കിലും ഒരു സമുദായത്തെ സിവിൽ കോഡ് ലക്ഷ്യം വെക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്ന നിലപാട് പവാറും മുന്നോട്ടു വെച്ചു.
സമവായമില്ലാതെ സിവിൽ കോഡ് നടപ്പാക്കരുതെന്ന് പറയുന്നുണ്ടെങ്കിലും പഴയ ബി.ജെ.പി സഖ്യകക്ഷിയായ ജനതദൾ-യുവിന്റെ നിലപാട് അൽപം വേറിട്ടതാണ്.രാഷ്ട്രീയ ഉപകരണമാക്കാതെ ജനക്ഷേമത്തിനുള്ള പരിഷ്കരണ നടപടിയായി ഏക സിവിൽ കോഡിനെ കാണണമെന്നാണ് 2017ൽ പാർട്ടി നേതാവ് നിതീഷ് കുമാർ നിയമ കമീഷനെ നിലപാട് അറിയിച്ചതെന്ന് ജനതദൾ-യു വക്താവ് കെ.സി. ത്യാഗി വിശദീകരിച്ചു.
ജാതി സെൻസസ് പിന്നാക്കക്ഷേമ പദ്ധതികൾ അർഹരിലേക്ക് എത്തുന്നത് ഉറപ്പാക്കാനുള്ള വലിയ ചുവടുവെയ്പാണെന്ന് കോൺഗ്രസും ജനതദൾ-യു, സമാജ്വാദി പാർട്ടി തുടങ്ങി വിവിധ പ്രാദേശിക പാർട്ടികളും ചൂണ്ടിക്കാണിക്കുമ്പോൾ, മുന്നാക്ക താൽപര്യങ്ങൾ മുറുകെ പിടിക്കുകയും പിന്നാക്ക താൽപര്യ സംരക്ഷകരെന്ന് വാദിക്കുകയും ചെയ്യുന്ന ബി.ജെ.പിയെ അത് വെള്ളം കുടിപ്പിക്കുന്നുണ്ട്.പ്രതിപക്ഷം ജാതി സെൻസസിനെക്കുറിച്ച് പറയുമ്പോൾ, പുതിയ വിഷയങ്ങളിലേക്ക് ചർച്ച മാറ്റിയെടുക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

