പൗരത്വപട്ടിക: അസം മുൾമുനയിൽ
text_fieldsന്യൂഡൽഹി: ലോകത്ത് ആദ്യമായി ഭരണകൂടം സ്വന്തം പൗരന്മാരോട് ഒന്നടങ്കം പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട അപൂർവ നടപടിയുടെ നിർണായക ഘട്ടമായതോടെ, അസം കനത്ത സുരക്ഷാവലയത്തിൽ. സംസ്ഥാനത്തെ 3.29 കോടി ജനങ്ങളിൽ എത്ര പേർക്ക് ഇന്ത്യൻ പൗരത്വമുണ്ടെന്ന് വ്യക്തമാക്കുന്ന സമ്പൂർണ പൗരത്വ പട്ടികയുടെ കരട് ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) പ്രസിദ്ധീകരിക്കാനിരിക്കുന്നത് മുൻനിർത്തിയാണ് അസമിനെ 22000ത്തോളം കേന്ദ്ര സൈനികരുടെയും സംസ്ഥാന പൊലീസിെൻറയും സുരക്ഷാവലയത്തിലാക്കിയത്.ഏറെ കാലമായി അസമിനെ സംഘർഷഭൂമിയാക്കിയ ബംഗ്ലാേദശ് പൗരത്വ വിവാദം എന്നേക്കുമായി അവസാനിപ്പിക്കാനുള്ള നടപടിയെന്ന നിലയിലാണ് സുപ്രീംകോടതി മേൽനോട്ടത്തിലുള്ള പൗരത്വ രജിസ്ട്രേഷൻ നടപടി. ഇതിെൻറ അന്തിമ കരട് പട്ടിക പുറത്തിറക്കാൻ അവസാനമായി സുപ്രീംകോടതി അനുവദിച്ച സമയപരിധിയാണ് തിങ്കളാഴ്ച.
അസമിെൻറ പലഭാഗങ്ങളിലുമുണ്ടായ വെള്ളെപ്പാക്കംമൂലം 15,000ത്തോളം പേരുടെ രജിസ്ട്രേഷൻ പ്രക്രിയ തടസ്സപ്പെട്ട സാഹചര്യത്തിലാണ് ജൂലൈ രണ്ടിന് ഇറങ്ങേണ്ട പൗരത്വ പട്ടിക പ്രസിദ്ധീകരിക്കാൻ ഇൗ മാസം 30 വരെ സുപ്രീംകോടതി ദേശീയ പൗരത്വ രജിസ്റ്റർ കോഒാഡിനേറ്റർക്ക് സമയം നീട്ടിനൽകിയത്. നൂറ്റാണ്ടുകൾക്കുമുമ്പ് അസമിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്നും അയൽരാജ്യങ്ങളിൽനിന്നും തുടങ്ങിയ കുടിയേറ്റം ഇപ്പോഴും തുടരുകയാണെന്നും ഇത് അസമീസ് ഭാഷ സംസാരിക്കുന്നവരെ സംസ്ഥാനത്ത് ന്യൂനപക്ഷമാക്കുകയാണെന്നുമുള്ള അസമീസ് വംശജരുടെ പരാതി പരിഹരിക്കുന്നതിനാണ് പൗരത്വ രജിസ്ട്രി തയാറാക്കാൻ തീരുമാനിച്ചത്. ബംഗാളി ഭാഷ സംസാരിക്കുന്ന അസമിലെ മുസ്ലിം, ഹിന്ദു വിഭാഗങ്ങളെ ഒരുപോലെ ആശങ്കയിലാഴ്ത്തിയ നടപടി ബംഗ്ലാദേശിൽനിന്ന് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ഹിന്ദു കുടിയേറ്റക്കാർക്കാണ് വലിയ ഭീഷണിയായി മാറിയത്.
പതിറ്റാണ്ടുകളായി അസമിൽ താമസിക്കുന്നതിെൻറ രേഖകളുണ്ടായിട്ടും സംശയാസ്പദ വോട്ടർമാരാക്കി തടങ്കലിലാക്കുന്ന പ്രവണത സംസ്ഥാനത്ത് നിലനിൽക്കുന്നതാണ് ബംഗാളി ഭാഷ സംസാരിക്കുന്ന അസമിലെ മുസ്ലിം, ഹിന്ദു വിഭാഗങ്ങളെ ഒരുപോലെ ആശങ്കയിലാഴ്ത്തുന്നതെങ്കിൽ നരേന്ദ്ര മോദിയും ബി.ജെ.പിയും വാഗ്ദാനം ചെയ്ത പൗരത്വം, പുതിയ പട്ടികയിറക്കുന്നതോടെ നടക്കാതെ പോകുമെന്ന ഭീതിയാണ് ബംഗ്ലാദേശിൽനിന്ന് ഇപ്പോഴും കുടിയേറ്റം തുടരുന്ന ഹിന്ദു വിഭാഗത്തിനുള്ള ഭീഷണി.
അസമിലെ മുഴുവൻ ഇടത്-മതേതര സംഘടനകളും മതസംഘടനകളും ബി.ജെ.പിയൊഴികെയുള്ള രാഷ്ട്രീയ പാർട്ടികളും എൻ.ആർ.സിയെ പിന്തുണച്ചിട്ടുണ്ട്. പട്ടിക തയാറാക്കുന്നതിനെതിരെ ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും മാത്രമാണ് പരസ്യമായി രംഗത്തുവന്നത്. അയൽരാജ്യങ്ങളിൽനിന്ന് കുടിയേറുന്ന ഹിന്ദുക്കൾക്ക് പൗരത്വം കിട്ടാനായി മോദി സർക്കാർ പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുേമ്പാൾ അസമിലേക്ക് കുടിയേറുന്ന ബംഗ്ലാദേശി ഹിന്ദുക്കൾക്ക് പ്രയോജനപ്പെടില്ല എന്നതാണ് സംഘ്പരിവാറിെൻറ ആക്ഷേപം.
വിരുദ്ധതാൽപര്യങ്ങൾ ഏറ്റുമുട്ടുന്നതിനാൽ പൗരത്വത്തിെൻറ പേരിൽ നിരവധി കലാപങ്ങൾ അരങ്ങേറിയ അസമിനെ പുതിയ പട്ടികയും സംഘർഷഭൂമിയാക്കുമോ എന്ന ആധിയാണെങ്ങും. പൗരത്വ പട്ടികയിൽ ചേർക്കാൻ അപേക്ഷിച്ച 3.25 കോടി ജനങ്ങളിൽ ചുരുങ്ങിയത് 20 ലക്ഷം പേരെങ്കിലും പട്ടികയിൽനിന്ന് പുറത്തുപോകുമെന്ന കണക്കുകൂട്ടലിലാണ് അസമീസ് വംശജരായ വിഭാഗങ്ങൾ. അങ്ങനെ സംഭവിക്കാതെ പട്ടികയിലില്ലാത്തവരുടെ എണ്ണം വളരെ കുറവായാൽ അവർ തെരുവിലിറങ്ങിയേക്കും.
അസമിലെ പൗരത്വത്തെച്ചൊല്ലിയുള്ള വംശീയ സംഘർഷങ്ങൾക്ക് അറുതിവരുത്തുന്നതിനുള്ള അവസാന നടപടിയെന്ന നിലയിലാണ് സംസ്ഥാനത്തുള്ളവരുടെ പൗരത്വം തെളിയിക്കാനായി ദേശീയ പൗരത്വ രജിസ്റ്ററിന് (എൻ.ആർ.സി) തുടക്കമിട്ടത്.
ദേശീയ പൗരത്വ രജിസ്റ്റർ
അസമിലെ കുടിയേറ്റവിരുദ്ധ സമരം അവസാനിപ്പിക്കാൻ ഒാൾ അസം സ്റ്റുഡൻറ്സ് യൂനിയനുമായി (ആസു) 1985ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അസം ഉടമ്പടി ഒപ്പുവെച്ചിരുന്നു. ആ ഉടമ്പടിയുടെ ഭാഗമായി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ പുതിയ ദേശീയ പൗരത്വ രജിസ്റ്റർ തയാറാക്കാൻ 2005ൽ ആസുവുമായി യു.പി.എ സർക്കാറും അസമിലെ കോൺഗ്രസ് സർക്കാറും മറ്റൊരു ഉടമ്പടി ഒപ്പിട്ടു. ഇതുപ്രകാരം 1951ലുണ്ടാക്കിയ പൗരത്വപട്ടിക പൗരത്വത്തിനുള്ള അടിസ്ഥാന രേഖയായി കണക്കാക്കും.
1971ൽ ബംഗ്ലാദേശ് നിലവിൽ വരുന്നതുവരെ അസമിലേക്ക് കുടിയേറിയെന്ന് തെളിയിക്കുന്ന ഏതെങ്കിലും സർക്കാർ രേഖകളും (14 തിരിച്ചറിയൽ രേഖകളിെലാന്ന്) ഇതിനുള്ള അടിസ്ഥാനരേഖയായി അംഗീകരിച്ചു.
പൗരത്വപട്ടിക വൈകിയപ്പോൾ 2014 ഡിസംബറിൽ സുപ്രീംകോടതി ഇടപെട്ടിരുന്നു. ഒാരോ കുടുംബത്തിനും ഒരു അപേക്ഷേഫാറം എന്ന നിലയിൽ 68.7 ലക്ഷം കുടുംബങ്ങൾ 3.29 കോടി ആളുകളുടെ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷ നൽകി. തുടർന്നാണ് ദേശീയ പൗരത്വ രജിസ്റ്ററിെൻറ അന്തിമ കരട് പ്രസിദ്ധീകരിച്ചത്.
2017 ഡിസംബർ 31ന് 1.9 കോടി പേരുടെ പൗരത്വം അംഗീകരിച്ച് ആദ്യ കരട് പ്രസിദ്ധീകരിച്ചു. അതുകൂടി ചേർത്താണ് അന്തിമ കരട് തിങ്കളാഴ്ച പ്രസിദ്ധീകരിക്കുക. ഇതിൽ പേര് വിട്ടുപോയവർക്ക് രേഖകൾ സമർപ്പിച്ച് പൗരത്വം തെളിയിക്കാൻ ഒരിക്കൽകൂടി അവസരം നൽകും. അതിനുള്ള അപേക്ഷഫോറങ്ങൾ ഒാൺലൈനിലുണ്ട്. അതിനുശേഷമാകും അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
