പൗരത്വ ബില്ലിൽ സമവായമായില്ല; മതം മാനദണ്ഡമാക്കാനാവില്ലെന്ന് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽരാജ്യങ്ങളിൽനിന്ന് വരുന്ന ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങൾക്ക് പൗരത്വം നൽകാൻ കൊണ്ടുവന്ന പൗരത്വ ബില്ലിൽ സംയുക്ത പാർലമെൻററി സമിതി സമവായത്തിലെത്തിയില്ല. മതേതര രാജ്യമായ ഇന്ത്യ മതത്തിന് പകരം രാജ്യം നോക്കിയാണ് പൗരത്വം നൽകേണ്ടത് എന്ന നിലപാട് സമിതിയിലെ നിരവധി അംഗങ്ങൾ കൈക്കൊണ്ടതിനെ തുടർന്നാണ് സമവായത്തിലെത്താതെ പോയത്.
ആറു വർഷം തുടർച്ചയായി ഇന്ത്യയിൽ താമസിച്ച പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽരാജ്യങ്ങളിലെ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിൽപെട്ടവർക്ക് ആവശ്യമായ രേഖകളൊന്നുമില്ലെങ്കിലും പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് 2016ലെ പൗരത്വ നിയമഭേദഗതി ബിൽ. പൗരത്വം ഭരണഘടനാപരമായ വിഷയമായതിനാൽ മതേതര ഭരണഘടനക്ക് അകത്തുനിന്നുകൊണ്ടേ നിയമനിർമാണം നടത്താനാവൂ എന്നും അതിന് മതം മാനദണ്ഡമാക്കാനാവില്ലെന്നും പ്രതിപക്ഷ അംഗങ്ങൾ വ്യക്തമാക്കി.
ബി.ജെ.പി അജണ്ടയിൽനിന്ന് പിന്നാക്കംപോയതായി തൃണമൂലും സി.പി.എമ്മും ആരോപിച്ചു. എന്നാൽ, ഭേദഗതികൾ അടുത്ത യോഗത്തിൽ ചർച്ചചെയ്യാനായി മാറ്റിവെച്ചിരിക്കുകയാണെന്ന് ബി.ജെ.പി വ്യക്തമാക്കി. എൻ.ഡി.എക്ക് സമിതിയിൽ ഭൂരിപക്ഷമുണ്ടെങ്കിലും അവരിൽതന്നെ ചിലർ ബില്ലിലെ ചില വ്യവസ്ഥകളിൽ ഭേദഗതി നിർദേശിച്ചിട്ടുണ്ട്. ഭേദഗതികളിൽ സമവായമില്ലെങ്കിൽ വോട്ടിനിടേണ്ടിവരും.
ബി.ജെ.പി നേതാവ് രാജേന്ദ്ര അഗർവാൾ അധ്യക്ഷനായ 30 അംഗ പാർലമെൻററി സമിതിയിൽ കോൺഗ്രസിലെ സുസ്മിത ദേവ്, സി.പി.എമ്മിലെ മുഹമ്മദ് സലീം, ബിജു ജനതാദളിലെ ഭർതൃഹരി മഹ്താബ്, തൃണമൂൽ കോൺഗ്രസിലെ ഡെറിക് ഒബ്റേൻ, സൗഗത റോയ്, ബി.എസ്.പിയിലെ സതീഷ് മിശ്ര തുടങ്ങിയവർ അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
