അനധികൃത കൽക്കരി ഖനനത്തിന് കുരുക്കിട്ട് സി.ഐ.എസ്.എഫ് ; നാല് ദിവസത്തിനിടെ പിടിച്ചെടുത്തത് 428.34 മെട്രിക് ടൺ കൽക്കരി
text_fieldsന്യൂഡൽഹി:ജാർഖണ്ഡിലെയും പശ്ചിമ ബംഗാളിലെയും കൽക്കരി ഖനന മേഖലകളിൽ അനധികൃത ഖനനം, സംഭരണം, കടത്ത് എന്നിവക്കെതിരെ കേന്ദ്ര വ്യവസായ സുരക്ഷാസേന (സി.ഐ.എസ്.എഫ്) നടത്തിയ നാല് ദിവസം നീണ്ട പ്രത്യേക ഓപ്പറേഷനിൽ 428.34 മെട്രിക് ടൺ അനധികൃത കൽക്കരി പിടിച്ചെടുത്തു. ജൂലൈ 4 മുതൽ 8 വരെ നടന്ന സംയുക്ത പരിശോധനയിൽ നാല് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും നിരവധി വാഹനങ്ങളും ഖനന ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു.
ഖനി-ധാതു വികസന-നിയന്ത്രണ നിയമം പ്രകാരം ലഭിച്ച പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചാണ് സി.ഐ.എസ്.എഫ് നടപടി സ്വീകരിച്ചത്. ദേശീയ ധാതുസമ്പത്ത് സംരക്ഷിക്കുന്നതിനും അനധികൃത ഖനനം തടയുന്നതിനുമായി രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്താനും കോൾ ഇന്ത്യയുടെ അനുബന്ധ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടം, പ്രാദേശിക പൊലിസ് എന്നിവരുമായി ചേർന്ന് സംയുക്ത ഓപ്പറേഷനുകൾ നടത്താനും സി.ഐ.എസ്.എഫ്ന് അധികാരമുണ്ട്. കേന്ദ്ര സർക്കാരിന്റെ 'സീറോ കോൾ ലീക്കേജ്' പദ്ധതിയുടെ ഭാഗമായാണ് ഈ പരിശോധനകൾ ശക്തമാക്കിയത്.
ഓപ്പറേഷൻ ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡ് (ബി.സി.സി.എൽ) , ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് (ഇ.സി.എൽ), സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ് (സി.സി.എൽ) എന്നിവയുടെ വിവിധ ഖനന മേഖലകളിലായിരുന്നു പരിശോധനകൾ. ബി.സി.സി.എല്ലിലെ ധൻബാദ് മേഖലയിലെ കത്രാസ്, ബ്ലോക്ക്-II, ബസന്തിമാത (കാർഗിൽ), കുസ്റ്റോർ, സിജുവ, ജിയൽഗോറ, ബറോറ, ഗോവിന്ദ്പൂർ, എൻ.ടി.എസി.ടി മേഖലകളിൽ നടത്തിയ റെയ്ഡിൽ 319.54 മെട്രിക് ടൺ അനധികൃതമായി സംഭരിച്ചിരുന്ന കൽക്കരി കണ്ടെത്തി. ഡ്രോൺ നിരീക്ഷണവും രഹസ്യവിവരങ്ങളും അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ കൽക്കരി കയറ്റിയ ഒരു ഹൈവ ട്രക്കും അനധികൃത ഗതാഗതത്തിന് ഉപയോഗിച്ച നിരവധി മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തു.
ഇ.സി.എല്ലിന്റെ ശീതൽപുർ യൂണിറ്റിന് കീഴിലുള്ള രാജ്മഹൽ, സലാൻപൂർ, ചിത്ര, ചാപാപൂർ-II ഓപ്പൺ കാസ്റ്റ് പ്രോജക്ട് (മുഗ്മ മേഖല), സോനേപൂർ-ബസാരി, കുനുസ്തോറിയ എന്നീ മേഖലകളിലും പരിശോധന നടന്നു. പരിശോധനയിൽ 85.93 മെട്രിക് ടൺ അനധികൃത കൽക്കരി പിടിച്ചെടുക്കുകയും അനധികൃത ഗതാഗതത്തിന് ഉപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുക്കുകയും അതിക്രമിച്ച് പ്രവേശിച്ചവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ പിപർവാർ മേഖലയിൽ നടത്തിയ പരിശോധനയിൽ 13.62 മെട്രിക് ടൺ അനധികൃതമായി കടത്തിക്കൊണ്ടുപോകുകയായിരുന്ന കൽക്കരി പിടിച്ചെടുത്തു. കാർഗലി മേഖലയിൽ നിന്ന് 9.25 മെട്രിക് ടൺ അനധികൃതമായി ഖനനം ചെയ്ത കൽക്കരിയും കണ്ടെത്തി. ഇവിടെ നിന്ന് ഒരു ഹൈവ ട്രക്കും നിരവധി മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തു.
മുഴുവൻ ഓപ്പറേഷനിലുമായി നാല് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. ഒരു ഹൈവ ട്രക്ക്, 13-ലധികം മോട്ടോർസൈക്കിളുകൾ, അനധികൃത ഖനനത്തിനും കൽക്കരി കടത്തിനും ഉപയോഗിച്ച മറ്റ് ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു. പ്രതികളെ കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ ആരംഭിച്ചതായും സി.ഐ.എസ്.എഫ് അറിയിച്ചു.
അനധികൃത ഖനനം, അനധികൃത സംഭരണം, നിയമവിരുദ്ധ കൽക്കരി ഗതാഗതം എന്നിവ രാജ്യത്തിന്റെ ധാതുസമ്പത്തിനും സമ്പദ്‌വ്യവസ്ഥക്കും വലിയ നഷ്ടം ഉണ്ടാക്കുന്ന കുറ്റകൃത്യങ്ങളാണെന്ന് സി.ഐ.എസ്.എഫ് ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമപ്രകാരം കർശന നടപടി തുടരുമെന്നും രാജ്യത്തെ കൽക്കരി മേഖലയിലെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ ഇത്തരത്തിലുള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും സേന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

