Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആൺകുട്ടികളുടെ...

ആൺകുട്ടികളുടെ ചേലാകർമം; സുപ്രിംകോടതിയെ സമീപിക്കുമെന്ന് യുക്തിവാദ സംഘടന

text_fields
bookmark_border
Supreme Court
cancel

കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് യുക്തിവാദ സംഘടനയായ നൊൺ റിലീജ്യസ് സിറ്റിസൺസ് (എൻ.ആർ.സി). പിഞ്ചുകുഞ്ഞുങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇതെന്നും പിന്നോട്ടില്ലെന്നും സംഘടന വ്യക്തമാക്കി. കേസ് നടത്തിപ്പിനായി എൻ.ആർ.സി സംഭാവനയും ആവശ്യപ്പെട്ടിട്ടുണ്ട്.

പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തം എന്നിവർ അംഗങ്ങളായ ബഞ്ചാണ് കേസിൽ കഴിഞ്ഞ ദിവസം വിധി പറഞ്ഞത്. പ്രായപൂർത്തിയാകും മുമ്പ് ചേലാകർമം നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണ് എന്നാണ് ഹർജിക്കാർ ആരോപിച്ചിരുന്നത്. ചേലാകർമം ജാമ്യമില്ലാ കുറ്റമാക്കി മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നിസ്സാര കാരണങ്ങൾ പറഞ്ഞാണ് ഹർജി തള്ളിയത് എന്ന് സംഘടന സമൂഹമാധ്യത്തിലെഴുതിയ കുറിപ്പിൽ ആരോപിച്ചു.

'മതിയായ മെഡിക്കൽ കാരണങ്ങൾക്ക് വേണ്ടി അല്ലാതെ, പ്രായപൂർത്തിയാകാത്ത കുട്ടികളിൽ നിർബന്ധപൂർവ്വം മാതാപിതാക്കൾ മുഖേന നടത്തപ്പെടുന്ന ആചാരങ്ങളുടെ ഭാഗമായുള്ള പുരുഷ ചേലാകർമ്മം സംബന്ധിച്ച് ഹൈക്കോടതിയിൽ Non-Religious Citizens ന്റെ നേതൃത്വത്തിൽ നമ്മൾ കൊടുത്ത കേസ് നമ്മൾ പ്രതീക്ഷിച്ച പോലെ തന്നെ നിസ്സാര കാരണങ്ങൾ പറഞ്ഞുകൊണ്ട് തള്ളിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ മുൻ നിശ്ചയ പ്രകാരം, നമ്മൾ സുപ്രീം കോടതിയിലേക്ക് അപ്പീലിന് പോവുകയാണ്. ഇതൊരു കേസ് കൊണ്ടോ, കേസ് തള്ളൽ കൊണ്ടോ നിലക്കുന്ന പോരാട്ടമല്ല. ഇത് പിഞ്ച് കുഞ്ഞുങ്ങളുടെ ശരീരത്തിൽ നടത്തുന്ന അക്രമത്തിന് നേരെയും, കാടത്തത്തിനു നേരെയും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയും ഉള്ളതാണ്. മാതാപിതാക്കളുടെ അന്ധവിശ്വാസം മക്കളിൽ തീരാ മുറിവുകൾ തീർക്കുന്നതിന് എതിരാണ്. ഇത് മുന്നോട്ട് കൊണ്ടുപോയെ മതിയാവൂ.' - എൻ.ആർ.സി വ്യക്തമാക്കി.

എൻ.ആർ.സിക്കു പുറമെ ടി.എം ആരിഫ് ഹുസൈൻ, നൗഷാദ് അലി, ഷാഹുൽ ഹമീദ്, യാസീൻ എൻ, കെ. അബ്ദുൽ കലാം എന്നിവരും ഹരജിയിൽ പങ്കാളികളായിരുന്നു. 18 വയസിനുമുൻപ് ചേലാകർമം നടത്തുന്നത് കുട്ടികളുടെ മൗലികാവകാശങ്ങളുടെ പച്ചയായ ലംഘനമാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നുമാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്.

കോടതി നിയമനിർമാണ സമിതിയല്ലെന്ന് ഹരജി തള്ളിക്കൊണ്ട് ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി. പരാതിക്കാർക്ക് അവരുടെ വാദം കൃത്യമായി സമർഥിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

യുനൈറ്റഡ് നേഷൻസ് കൺവൻഷൻ ഓൺ ദി റൈറ്റ്‌സ് ഓഫ് ചൈൽഡ്, ഇന്റർനാഷനൽ കവനെന്റ് ഓൺ സിവിൽ ആൻഡ് പൊളിറ്റിക്കൽ റൈറ്റ്സ് തുടങ്ങി കുട്ടികളുടെ അവകാശങ്ങൾ പ്രഖ്യാപിക്കുന്ന വിവിധ അന്താരാഷ്ട്ര കൺവെൻഷനുകളും പ്രമേയങ്ങളും കൂട്ടിച്ചേർത്തായിരുന്നു പരാതിക്കാർ ഹരജി നൽകിയത്. ചേലാകർമം നിർബന്ധിത മതകർമമല്ലെന്നും ഹരജിയിൽ വാദിക്കുന്നു. രക്ഷിതാക്കൾ ഏകപക്ഷീയമായി കുട്ടികൾക്കുമേൽ അടിച്ചേൽപിക്കുന്നതാണിതെന്നും പരാതിക്കാർ ആരോപിച്ചു.

ചേലാകർമം നടത്തിയാൽ ലൈംഗികശക്തി കുറയുമെന്ന തരത്തിലുള്ള ചില അന്താരാഷ്ട്ര മെഡിക്കൽ ജേണലുകളിലെ പഠനവും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രതിമൂർച്ഛ വേഗത്തിൽ ലഭിക്കില്ലെന്നും സ്ത്രീ പങ്കാളികൾ ലൈംഗികമായി അസംതൃപ്തരാകാനുള്ള സാധ്യതയുണ്ടെന്നും ഇവർ വാദിച്ചു.

ചേലാകർമ്മം വാഹനാപകടങ്ങൾക്ക് വരെ കാരണമാകുന്നുണ്ടെന്ന് ഹർജി അവകാശപ്പെടുന്നു. മാനസികാഘാതം, നിസ്സഹായത, മരണത്തിന് വരെ കാരണമാകുന്ന ഗുരുതരമായ മുറിവ് എന്നിവയ്ക്ക് ചേലാകർമ്മം കാരണമാകുന്നുണ്ട്. ലൈംഗികോപദ്രവം, ശാരീരികോപദ്രവം, ഗാർഹികപീഡനം, സമുദായ പീഡനം, മെഡിക്കൽ ട്രോമ, വാഹനാപകടം എന്നിവയ്ക്കും കാരണമാകുന്നു. ശൈശവകാലത്തെ മാനസികാഘാതം വൈകാരിക പ്രതിബന്ധങ്ങൾക്കും വഴിവയ്ക്കുന്നു- ഹർജിയിൽ ആരോപിച്ചു.

അഭിഭാഷകരായ ജീവേഷ്, സാബു എം. ഫിലിപ്പ്, പി. ഷഹീൻ, ആകാശ് .എസ് എന്നിവരാണ് ഹരജിക്കാർക്കു വേണ്ടി കോടതിയിൽ ഹാജരായത്. സംസ്ഥാന സർക്കാരിനു വേണ്ടി സീനിയർ ഗവൺമെന്റ് പ്ലീഡർ കെ.പി ഹരീഷും കേന്ദ്ര സർക്കാരിനു വേണ്ടി കൗൺസൽ ബി. പ്രമോദും നിലപാട് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CcircumcisionSupreme Court
News Summary - circumcision of boys; Rational organization to approach the Supreme Court
Next Story