‘അതിന്റെ അടുത്ത ദിവസം ഇത് സംഭവിച്ചതാണ് ഏറ്റവും വേദനാജനകം’ -ക്രൈസ്തവ പുരോഹിതന്റെ അറസ്റ്റ് ഉപരാഷ്ട്രപതി സഭാധ്യക്ഷന്മാരെ കണ്ടതിന് പിറ്റേന്ന്; പ്രതികരണവുമായി സി.എസ്.ഐ സഭ
text_fieldsന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിൽ ക്രൈസ്തവ പുരോഹിതനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി സി.എസ്.ഐ സഭ ബിഷപ്‌സ് കൗൺസിൽ സെക്രട്ടറി ബിഷപ്പ് ഡോ. മലയിൽ സാബു. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ സഭാ മേലധ്യക്ഷന്മാരെ വിളിച്ച് തൊട്ടടുത്ത ദിവസമാണ് ഈ സംഭവമെന്നത് ഏറ്റവും വേദനാജനകമായ അനുഭവമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ക്രിസ്ത്യാനികൾക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ സഭാ മേലധ്യക്ഷന്മാരെ കഴിഞ്ഞ ദിവസം ലോക്ഭവനിൽ വിളിച്ചിരുന്നു. ക്രൈസ്തവ സമൂഹത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുമ്പോൾ ഭരണകൂടം നിശബ്ദത പാലിക്കുന്നതായും അത് അക്രമം ചെയ്യുന്ന ആളുകൾക്ക് പ്രേരണയാകുന്നതായും ഞങ്ങൾ പറഞ്ഞിരുന്നു. ഈ കാര്യങ്ങളിൽ ഗവൺമെന്റും നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടിയും പ്രതികരിക്കണമെന്നും മതമേലധ്യക്ഷന്മാരുടെ യോഗം ഉപരാഷ്ട്രപതിയോട് ആവശ്യപ്പെട്ടതാണ്. അതിന്റെ അടുത്ത ദിവസമാണ് ഇത് സംഭവിച്ചത് എന്നതാണ് ഏറ്റവും വേദനാജനകമായ അനുഭവം’ -അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിന് നേരെ എതിരായ കാര്യമാണ് സി.എസ്.ഐ നാഗ്പൂർ മിഷനിലെ ഫാ. സുധീർ, ഭാര്യ ജാസ്മിൻ, സ്വദേശികളായ രണ്ടുകുടുംബങ്ങളുടെയും അറസ്റ്റെന്നും ബിഷപ്പ് ഡോ. മലയിൽ സാബു പറഞ്ഞു. ‘സിഎസ്ഐ സൗത്ത് കേരള ഇടവകയിലെ പട്ടക്കാരനാണ് ഫാ. സുധീർ. കഴിഞ്ഞ 12 വർഷമായി നാഗ്പൂരിൽ സഭ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അവിടെ മതപരിവർത്തനമല്ല നടക്കുന്നത്. കുഗ്രാമങ്ങളിലുള്ള എഴുത്തും വായനയും അറിയാത്തവർക്ക് സാക്ഷരതാ ക്ലാസുകളും കുട്ടികൾക്ക് നഴ്സറി സ്കൂളുകളും നടത്തുന്നുണ്ട്. ഗ്രാമങ്ങളിൽ ഉള്ളവർക്ക് ആരോഗ്യവും വൃത്തിയും സംബന്ധിച്ച പരിശീലനങ്ങൾ കൊടുക്കുന്നുണ്ട്.
ഇന്ത്യയുടെ ഗ്രാമങ്ങളിൽ ക്രൈസ്തവ മിഷണറിമാരുടെ പ്രവർത്തനങ്ങൾ വളരെയധികം നടന്നു എന്നതിന്റെ തെളിവാണ് അവിടെയുള്ള വളർച്ച. ഗവൺമെന്റിന് ചെന്നെത്താൻ സാധിക്കാത്ത ധാരാളം മേഖലകളിലാണ് ക്രൈസ്തവ മിഷണറിമാർ പ്രവർത്തിക്കുന്നത്.
അകാരണമായാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നതിൽ യാതൊരു സംശയവുമില്ല. ക്രിസ്മസ്, ന്യൂ ഇയർ ആരാധനക്ക് ഫാ. സുധീറിനെ അങ്ങോട്ട് വിളിച്ചുവരുത്തിയതായിരുന്നു. ആ ആരാധനയിൽ പങ്കെടുത്തു എന്നതിന്റെ പേരിലാണ് മതപരിവർത്തനം ആരോപിച്ച് അവരെ അറസ്റ്റ് ചെയ്തത്. സിഎസ്ഐ ബിഷപ്‌സ് കൗൺസിൽ ശക്തമായി അപലപിക്കുന്നു. ഗവൺമെന്റ് ഇത്തരം നടപടികളിൽ നിന്ന് പിന്മാറണമെന്ന് ബിഷപ്‌സ് കൗൺസിൽ ആവശ്യപ്പെടുകയും ചെയ്യുന്നു. നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ നിയമവശം നോക്കി മുന്നോട്ട് പോകും. നിയമസഹായം നൽകാൻ പ്രത്യേകം ശ്രമിക്കും’ -ബിഷപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

