ക്രിസ്ത്യൻ മിഷനറി ഭൂമികളിൽ ഓഡിറ്റിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ
text_fieldsമഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവങ്കുലെ
മുംബൈ: മഹാരാഷ്ട്രയിലെ ചർച്ചുകൾ, ക്രിസ്ത്യൻ മിഷനറി സംഘടനകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള ഭൂമികൾ പരിശോധിക്കാന്‍ ഉത്തരവിട്ട് ബി.ജെ.പി സര്‍ക്കാര്‍. ബ്രിട്ടീഷ് കാലഘട്ടം മുതല്‍ മിഷനറികള്‍ കൈവശം വെച്ചിരിക്കുന്ന എല്ലാ ഭൂമിയും പരിശോധിക്കും.
മൂന്ന് മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കുമെന്നും നിയമവിരുദ്ധമായ കൈയേറ്റമോ ക്രമക്കേടുകളോ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവങ്കുലെ നിയമസഭയില്‍ പറഞ്ഞു. ‘നിയമ സാധുതയുള്ള ഉടമസ്ഥാവകാശമുള്ളവര്‍ വിഷമിക്കേണ്ടതില്ല. എന്നാല്‍, നിയമലംഘനം കണ്ടെത്തിയാല്‍ സര്‍ക്കാര്‍ കേസുകള്‍ അവലോകനം ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കും’ -അദ്ദേഹം വ്യക്തമാക്കി.
നിയമവിരുദ്ധ കൈയേറ്റങ്ങള്‍, തര്‍ക്കത്തിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം, ഉടമസ്ഥാവകാശത്തിലെ ക്രമക്കേടുകള്‍ എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. ഭൂമിയിടപാടുകളിലെ സുതാര്യത ഉറപ്പുവരുത്താനുള്ള സര്‍ക്കാറിന്റെ വിശാലമായ നയത്തിന്റെ ഭാഗമാണ് ഈ നടപടി. അതത് ഡിവിഷണല്‍ കമീഷണറുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് പരിശോധന നടത്തുക. സെറ്റിൽമെന്റ് കമീഷണറുടെ ഓഫിസ്, പൊലീസ്, ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഈ സമിതിയിൽ ഉണ്ടാകും.
അനധികൃതമാണെന്ന് കണ്ടെത്തുന്ന എല്ലാ ഭൂമിയും സര്‍ക്കാര്‍ തിരിച്ചുപിടിക്കും. ഭൂമി ഇതിനകം തദ്ദേശീയ കോളനികളായി വികസിപ്പിക്കുകയോ പൊതു അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി അനുവദിക്കുകയോ ചെയ്ത കേസുകളിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് സർക്കാർ നിയമവകുപ്പിന്റെ അഭിപ്രായം തേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നാസിക് ഡയോസിഷൻ ട്രസ്റ്റ് അസോസിയേഷൻ ലിമിറ്റഡുമായി ബന്ധപ്പെട്ട ദീർഘകാല തർക്കത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എ ദേവയാനി ഫരാന്ദെ സഭയിൽ ഭൂമിപ്രശ്നം ഉന്നയിച്ചിരുന്നു. നാസിക്കിലെ അയ്യായിരത്തോളം കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് ഈ ഭൂമിപ്രശ്നം.
ബ്രിട്ടീഷ് ഭരണകാലത്ത് ക്രിസ്ത്യൻ സ്ഥാപനങ്ങൾ നടത്തുന്ന സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ എന്നിവക്കായി അനുവദിച്ച ഭൂമി, യഥാർഥ ട്രസ്റ്റിമാരുടെ മരണശേഷം രേഖകളിൽ കൃത്രിമം കാണിച്ച് സ്വകാര്യ വ്യക്തികളിലേക്ക് മാറ്റിയതായി ഫരാന്ദെ ആരോപിച്ചിരുന്നു.
അതേസമയം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ തീവ്രഹിന്ദുത്വരുടെ ആക്രമണങ്ങള്‍ നടക്കുമ്പോഴാണ് മിഷണറികളുടെ ഭൂമി ഇടപാടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. പ്രാർഥനാ യോഗങ്ങള്‍ക്ക് നേരെയുള്ള തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണിയില്‍ നിന്ന് സംരക്ഷണം തേടി ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ കഴിഞ്ഞയാഴ്ച മുംബൈ പൊലീസ് കമീഷണറെ സമീപിച്ചിരുന്നു. ‘മുംബൈ ഫോർ പീസ്’ എന്ന ബാനറിന് കീഴിലുള്ള ഇരുപത്തിയഞ്ചോളം സംഘടനകൾ ചേർന്ന് കമീഷണർക്ക് നിവേദനവും നൽകിയിട്ടുണ്ട്.
ഈ വർഷം മാർച്ചിൽ, ക്രിസ്ത്യൻ സംഘടനകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ശക്തമായ എതിർപ്പിനെ അവഗണിച്ച് മഹാരാഷ്ട്ര സർക്കാർ മതസ്വാതന്ത്ര്യ ബിൽ (മതപരിവർത്തന വിരുദ്ധ നിയമം) പാസാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

