‘ഒന്നുകിൽ ഞങ്ങൾ, അല്ലെങ്കിൽ അഭിഷേക്’; മമത ബാനർജിക്ക് അന്ത്യശാസനവുമായി കല്യാൺ ബാനർജി, തൃണമൂലിൽ ഭിന്നത രൂക്ഷം
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനുള്ളിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതിനിടെ അഭിഷേക് ബാനർജിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി പാർട്ടി നേതാവും ലോക്സഭാ എം.പിയുമായ കല്യാൺ ബാനർജി. ‘അഭിഷേക് ബാനർജിയെയോ ഞങ്ങളെയോ തിരഞ്ഞെടുക്കൂ’ എന്ന് പാർട്ടി അധ്യക്ഷ മമത ബാനർജിയോട് ആവശ്യപ്പെട്ടതായി കല്യാൺ ബാനർജി പറഞ്ഞു.
തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ അഭിഷേക് ബാനർജിയുമായി ബന്ധപ്പെട്ട വ്യാജ ഒപ്പ് കേസിലും അതുമായി ബന്ധപ്പെട്ട സി.ഐ.ഡി പരിശോധനാ നടപടികളിലും അഭിഭാഷകനായി ഹാജരാകാനിരുന്നതിനിടെ അവസാന നിമിഷം തന്നെ മാറ്റിയതായി കല്യാൺ ബാനർജി ആരോപിച്ചു. ഇത് തനിക്ക് അപമാനകരമായ അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഞാൻ മമതാ ദീദിക്കൊപ്പമാണ്. പക്ഷേ ഇനി അവർ തീരുമാനിക്കണം. അർധരാത്രിയിലാണ് എന്നെ മാറ്റിയതായി അറിയിച്ചത്. മുതിർന്നവരെ ബഹുമാനിക്കാൻ അഭിഷേകിന് അറിയില്ല. അദ്ദേഹം അത്യന്തം അഹങ്കാരിയാണ്. അദ്ദേഹം കാരണം പാർട്ടി തകർന്നിരിക്കുകയാണ്’ കല്യാൺ ബാനർജി പ്രതികരിച്ചു.
പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട രേഖകളിൽ നിരവധി എം.എൽ.എമാരുടെ ഒപ്പുകൾ വ്യാജമായി ഉണ്ടാക്കിയെന്ന ആരോപണമാണ് കേസിന് ആധാരം. അഭിഷേക് ബാനർജിക്കെതിരായ വ്യാജ ഒപ്പ് കേസിൽ അറസ്റ്റ് തടഞ്ഞ് കൽക്കട്ട ഹൈകോടതി ഇടക്കാല സംരക്ഷണം അനുവദിച്ചിരുന്നു. അതിനിടെ കേസിൽ വാദിക്കാനിരുന്ന കല്യാൺ ബാനർജിക്ക് പകരം മറ്റൊരു അഭിഭാഷകനെ നിയമിച്ചതാണ് വിവാദത്തിന് കാരണമായത്.
തൃണമൂൽ കോൺഗ്രസിന്റെ വ്യാജ ഒപ്പ് കേസുമായി ബന്ധപ്പെട്ട് മമത ബാനർജി ഡൽഹിയിലായിരുന്നപ്പോൾ അവരുടെ വസതിയിൽ സി.ഐ.ഡി പരിശോധന നടത്തിയപ്പോൾ താൻ അവിടെ ഉണ്ടായിരുന്നുവെന്ന് കല്യാൺ ബാനർജി അവകാശപ്പെട്ടു. ബി.ജെ.പിയുമായി ബന്ധമുള്ള രണ്ട് സാക്ഷികളെ അന്വേഷണ ഏജൻസി എന്തിനാണ് കൊണ്ടുവന്നതെന്നും ചോദിച്ചിരുന്നു. സി.ഐ.ഡി പരിശോധനക്കെതിരെ താനാണ് ഹരജി നൽകിയതെന്നും എന്നാൽ ഹരജി പരിഗണിക്കുന്നതിന് മുമ്പുതന്നെ മറ്റൊരു അഭിഭാഷകൻ കേസ് കൈകാര്യം ചെയ്യുമെന്ന് അറിയിച്ചുവെന്നും കല്യാൺ ബാനർജി പറഞ്ഞു.
‘45 വർഷമായി ഞാൻ ഈ തൊഴിൽ രംഗത്തുണ്ട്. ഇത്തരത്തിലുള്ള അഹങ്കാരപരമായ പെരുമാറ്റം ഞാൻ അംഗീകരിക്കില്ല. മമതാ ദീദിയോട് ഞാൻ പറയുന്നത് ഒറ്റ കാര്യമാണ് – അഭിഷേകിനെ നിലനിർത്തി ഞങ്ങളെ പുറത്താക്കൂ, അല്ലെങ്കിൽ ഞങ്ങളെ നിലനിർത്തി അഭിഷേകിനെ മാറ്റൂ’ അദ്ദേഹം പറഞ്ഞു.
അഭിഷേക് ബാനർജിയുടെ നേതൃത്വ ശൈലിക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ അസംതൃപ്തരാണെന്ന റിപ്പോർട്ടുകൾ നേരത്തെയും പുറത്തുവന്നിരുന്നു. അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും പാർട്ടിയിലെ വിമത നീക്കങ്ങളും തൃണമൂലിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് പുതിയ വിവാദം.
തൃണമൂൽ കോൺഗ്രസിൽ ഒരാഴ്ചക്കുള്ളിൽ മൂന്ന് രാജ്യസഭാ എം.പിമാരാണ് രാജിവെച്ചത്. ഇതിന് പുറമെ ലോക്സഭയിലെ 20 തൃണമൂൽ എം.പിമാർ എൻ.ഡി.എ സഖ്യത്തെ പിന്തുണക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും രാജ്യസഭാ എം.പിയുമായ പ്രകാശ് ചിക് ബരൈക് വ്യാഴാഴ്ച രാജിവെച്ചിരുന്നു. നേരത്തേ, സുസ്മിത ദേവ്, സുഖേന്ദു ശേഖർ റോയ് തുടങ്ങിയവരും പാർട്ടി വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

