ജെ.ഡി.യുവിനെ നിലക്കുനിർത്താനുള്ള ബി.ജെ.പിയുടെ തുറുപ്പുചീട്ട്; ചിരാഗ് എന്ന മോദിജി കാ ഹനുമാൻ
text_fieldsചിരാഗ് പാസ്വാൻ
ചിരാഗ് പാസ്വാൻ. വയസ്സ് 42. തലയെടുപ്പുള്ള ദലിത് നേതാവും ലോക് ജൻശക്തി പാർട്ടി എന്ന എൽ.ജെ.പിയുടെ സ്ഥാപകനുമായിരുന്ന രാം വിലാസ് പാസ്വാന്റെ മകൻ. ബിഹാറിൽ സവിശേഷമായ രാഷ്ട്രീയ അസ്ഥിത്വമുള്ളയാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തൻ. കേന്ദ്ര മന്ത്രിയായ ചിരാഗ് തന്റെ പിതാവിന്റെ പാർട്ടിയിൽനിന്ന് വിട്ടുപോന്ന പ്രമുഖ വിഭാഗത്തിലാണ് (എൽ.ജെ.പി രാം വിലാസ്). പാർട്ടി നിയമസഭയിലേക്ക് മത്സരിക്കുന്നത് 29 സീറ്റുകളിൽ. അതായത്, ബി.ജെ.പിയും ജെ.ഡി.യുവും കഴിഞ്ഞാൽ മുന്നണിയിൽ ഏറ്റവുമധികം സീറ്റ് കിട്ടിയ പാർട്ടി.
ലോക്സഭ തെരഞ്ഞെടുപ്പിൽ ചിരാഗിന്റെ പാർട്ടിയിൽനിന്ന് ഒരു മുസ്ലിം സ്ഥാനാർഥിയും ഉണ്ടായിരുന്നില്ല. നിയമസഭയിലേക്ക് പേരിനൊരു മുസ്ലിം സ്ഥാനാർഥിയെ വെച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാകാൻ ഉള്ളിൽ ആഗ്രഹമുണ്ട്. എന്നാൽ, എൻ.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാർഥി നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിക്കാൻ മടി കാണിച്ചില്ല. 29 സീറ്റുകളെന്നത് ഒരു രാശിയുള്ള നമ്പറായാണ് ചിരാഗ് കാണുന്നത്. 2005ൽ രാം വിലാസ് പാസ്വാന് ഇതേ കണക്കിൽ ലഭിച്ച വിജയമാണ് അങ്ങനെ ചിന്തിക്കാൻ ചിരാഗിനെ പ്രേരിപ്പിക്കുന്നത്. ചിരാഗിനെ എൻ.ഡി.എയിലെ വെറുമൊരു കക്ഷിയായിട്ടല്ല ബി.ജെ.പി കാണുന്നത്. ജെ.ഡി.യുവിനെ നിലക്കുനിർത്താനുള്ള വഴിയായിട്ടാണ്. തെരഞ്ഞെടുപ്പിന് ശേഷം നിതീഷിന് സ്വന്തം നിലയിൽ തീരുമാനമെടുക്കാൻ അനുവദിക്കാത്ത വിധമുള്ള ഇടങ്കോലാക്കാൻ ചിരാഗ് വഴി സാധിക്കുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.
താൻ ‘മോദിജി കാ ഹനുമാൻ’ ആണെന്ന് പരസ്യമായി പറയുന്ന ആളാണ് ചിരാഗ്. തന്റെ ഹൃദയം തുറന്നാൽ മോദിയെ കാണാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദലിതർക്കിടയിലേക്കുള്ള പാലമെന്നതിലുപരി, മാധ്യമങ്ങളോട് സൗഹൃദമുള്ള, യുവതയെ സ്വാധീനിക്കാൻ ശേഷിയുള്ളയാൾ എന്ന നിലക്ക് ബി.ജെ.പിക്കും ചിരാഗിനെ വലിയ താൽപര്യമാണ്.
1982ൽ ജനിച്ച് ചിരാഗ് ബോളിവുഡിൽ ഒരു കൈനോക്കി പരാജയപ്പെട്ടതാണ്. അങ്ങനെയാണ് രാഷ്ട്രീയമാണ് നല്ലത് എന്ന തിരിച്ചറിവുണ്ടാകുന്നത്. 2014ൽ ജമുയി ലോക്സഭ മണ്ഡലത്തിൽ ജയിച്ചു. 2019ലും വിജയം ആവർത്തിച്ചു. നല്ല ഭൂരിപക്ഷത്തിലായിരുന്നു ജയം. അധികാരമറിഞ്ഞ് മുന്നണി മാറുന്നതിൽ അഗ്രഗണ്യനായിരുന്ന രാം വിലാസ് പാസ്വാൻ വലിയ ജനസ്വാധീനമുള്ള നേതാവായിരുന്നു. അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടവും സോഷ്യലിസ്റ്റ് രാഷ്ട്രീയവുമാണ് അദ്ദേഹത്തെ രൂപപ്പെടുത്തിയത്. അച്ഛന്റെ പേരുമാത്രം മതിയായിരുന്നു മകന് ജയത്തിന്റെ രുചിയറിയാൻ. നിലവിൽ ചിരാഗ് എസ്.സി സംവരണ മണ്ഡലമായ ഹാജിപുരിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. രാം വിലാസ് പാസ്വാന്റെ തട്ടകമായിരുന്നു ഇത്.
രാം വിലാസ് പാസ്വാൻ 2020 ഒക്ടോബറിൽ മരിച്ചു. പിന്നാലെ എൽ.ജെ.പി പിളർന്നു. എൻ.ഡി.എയിൽ തുടർന്ന ചിരാഗിന്റെ അമ്മാവൻ പശുപതി കുമാർ പരസ് കാബിനറ്റ് മന്ത്രിയായിരുന്നു. ചിരാഗ് ഒറ്റപ്പെട്ട നിലയിലും. നിതീഷിന്റെ പ്രവർത്തനങ്ങളോടുള്ള അസംതൃപ്തി ചൂണ്ടിക്കാട്ടി 2020ലെ തെരഞ്ഞെടുപ്പിന് മുമ്പ് ചിരാഗ് എൻ.ഡി.എ വിട്ടെങ്കിലും ബി.ജെ.പിക്കെതിരെ സ്ഥാനാർഥികളെ നിർത്തിയില്ല. ഇത് മോദി ഭക്തിമൂലമായിരുന്നു. ലക്ഷ്യമിട്ടത് ജെ.ഡി.യു സീറ്റുകളാണ്. ഇവിടെ വോട്ട് ഭിന്നിപ്പിച്ച് ജെ.ഡി.യുവിന്റെ വിജയത്തിളക്കം കുറച്ചു. അന്ന് ജയിച്ചത് ഒരേയൊരു സീറ്റിൽ. ജയം നേടിയ ആൾതന്നെ ചിരാഗിനെ തള്ളുകയും ചെയ്തു. അതോടെ രാഷ്ട്രീയ ഭാവി തീർന്നു എന്ന് കരുതിയതാണ്. ബിഹാറിൽ ആറുശതമാനം വരെ വോട്ടുണ്ട് പാസ്വാൻ വിഭാഗത്തിന്. എന്നാൽ, മോദിയെ കൂട്ടുപിടിച്ച് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ചിരാഗ് ഫീനിക്സ് പക്ഷിയായി ഉയിർത്തെഴുന്നേറ്റു. വീണ്ടും എൻ.ഡി.എയിലെത്തി. മത്സരിച്ച അഞ്ചിടത്തും ജയിച്ചു. കേന്ദ്ര കാബിനറ്റ് മന്ത്രിയായി. വിജയം ദേശീയ തലത്തിൽതെന്ന ശ്രദ്ധിക്കപ്പെട്ടു. രാം വിലാസ് പാസ്വാന്റെ സോഷ്യലിസ്റ്റ് ഹാങ്ഓവറുകൾ ചിരാഗിനില്ല. ബി.ജെ.പിയുടെ എല്ലാ ഹിന്ദുത്വ കേന്ദ്രീകൃത പദ്ധതികളെയും കണ്ണടച്ച് പിന്തുണക്കുന്നയാളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

