ചിന്നസ്വാമിയിലെ അപകടം: കൊല്ലപ്പെട്ടവരിൽ മാതാവിനും ബന്ധുക്കൾക്കും ഒപ്പം വന്ന 14കാരിയും
text_fieldsബംഗളൂരുവിൽ റോയൽ ചലഞ്ചേഴ്സിെൻറ സ്വീകരണ പരിപാടിക്കിടെ വിധാൻ സൗധയുടെ ഗേറ്റിന് സമീപത്തെ തിരക്ക്
ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരു കൈവരിച്ച ചരിത്രത്തിലെ ആദ്യ ഐ.പി.എൽ കിരീട നേട്ടത്തിന്റെ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 10 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകീട്ട് 4.45 ഓടെ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചില ഗേറ്റുകൾക്ക് പുറത്ത് തിക്കിലും തിരക്കിലും ഉണ്ടായ ദുരന്തത്തിലാണ് 11 പേർ മരിച്ചത് .
ശിവാജിനഗറിലെ ബൗറിങ്, ലേഡി കഴ്സൺ ആശുപത്രി, വിറ്റൽ മല്യ റോഡിലെ വൈദേഹി സൂപ്പർ സ്പെഷാലിറ്റി ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചവരാണ് മരിച്ചത്. ബൗറിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17 പേരിൽ മൂന്നുപേർ മരിച്ചതായി ആശുപത്രി
വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഒമ്പതു പേരെ വിറ്റൽ മല്യ റോഡിലുള്ള വൈദേഹി സൂപ്പർസ്പെഷാലിറ്റി ആശുപത്രിയിൽ (വി.എസ്.എച്ച്) കൊണ്ടുവന്നു. ഇതിൽ നാലുപേർ മരിച്ചതായി ആശുപത്രി അധികാരികൾ സ്ഥിരീകരിച്ചു.
വൈദേഹി ആശുപത്രിയിൽ 16 രോഗികളെ കൊണ്ടുവന്നതിൽ നാലുപേർ മരിച്ചു. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണിതെന്ന് മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. ഹുമേര പറഞ്ഞു. അവർക്ക് 20 നും 30 നും ഇടയിൽ പ്രായമുണ്ട്. ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥി ഉൾപ്പെടെ രണ്ടുപേരെ തിരിച്ചറിഞ്ഞു, മറ്റു രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. മരണകാരണം ശ്വാസംകിട്ടാത്തതിനാലാണെന്നും മറ്റ് 12 പേരുടെ നില തൃപ്തികരമാണെന്നും അവർ കൂട്ടിച്ചേത്തു. മാതാവിനും ബന്ധുക്കൾക്കും ഒപ്പം വന്ന ദിവ്യാംശി എന്ന പതിനാലുകാരിയും കൊല്ലപ്പെട്ടവരിൽപെടും.
ആശുപത്രികളിലേക്ക് രോഗികളുമായി പോയ രണ്ട് ആംബുലൻസുകൾ തിരക്ക് കാരണം മുന്നോട്ട് നീങ്ങാൻ ഒരിടവുമില്ലാതെ കുടുങ്ങി. ആർ.സി.ബിയുടെ ഐ.പി.എൽ വിജയാഘോഷങ്ങൾ സംഘാടകർ കൂടുതൽ നന്നായി ആസൂത്രണം ചെയ്യണമായിരുന്നു എന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

