ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ കൈവശം വെച്ചുവെന്നാരോപിച്ച് ഡൽഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫ്രീലാൻസ് മാധ്യമ പ്രവര്‍ത്തകൻ അറസ്റിൽ. രാജീവ് ശര്‍മ എന്ന മാധ്യമ പ്രവര്‍ത്തകനെയാണ് ഔദ്യോഗിക രഹസ്യ നിയമം (ഒ.എസ്.എ) പ്രകാരം ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം ചൈനീസ് ഇൻറലിജൻസിന് വേണ്ടി പ്രവർത്തിക്കുന്ന ആളെന്ന് സംശയിക്കുന്ന ചൈനീസ് വനിതയെയും നേപ്പാളീസ് പൗരനെയും സ്പെഷ്യൽ സെൽ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവർ പ്രതിരോധ രഹസ്യരേഖകൾക്ക് വേണ്ടി രാജീവ് ശർമക്ക് വൻ തുക നൽകിയിട്ടുണ്ടെന്നാണ് വിവരം.
അറസ്റ്റിലായ ചൈനീസ്-നേപ്പാളി പൗരൻമാരിൽ നിന്ന് നിരവധി മെബൈൽ ഫോണുകളും ലാപ്ടോപ്പും രഹസ്യസ്വഭാവമുള്ള രേഖകളും പൊലീസ് കണ്ടെടുത്തു. പ്രതിരോധ മന്ത്രാലയത്തിലെ ഒരിക്കലും പുറത്തുവിടാത്ത അതീവ രഹസ്യരേഖകള്‍ കൈവശം വെച്ചുവെന്നാരോപിച്ച് വെള്ളിയാഴ്ചയാണ് രാജീവ് ശർമയെ അറസ്റ്റ് ചെയ്തത്.
വാര്‍ത്താ ഏജന്‍സിയായ യു.എൻ.ഐ, ദ ട്രിബ്യൂണ്‍, സകാല്‍ ടൈംസ് എന്നിവയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന രാജീവ് അടുത്തിടെ ചൈനീസ് മാധ്യമായ ഗ്ലോബല്‍ ടൈംസിനായി ഡല്‍ഹിയില്‍നിന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. രാജീവ് കിഷ്‌കിന്ദ എന്ന പേരില്‍ ഒരു യുട്യൂബ് ചാനലും ശർമക്ക് ഉണ്ട്. അറസ്റ്റിലാകുന്ന ഘട്ടത്തില്‍ 11,900 പേരായിരുന്നു ഈ ചാനലിെൻറ സബ്‌സ്‌ക്രൈബര്‍മാര്‍. അറസ്റ്റിലായ ദിവസം അദ്ദേഹം രണ്ട് വീഡിയോകള്‍ അപ് ലോഡ് ചെയ്തിരുന്നു. നാല് വീഡിയോകള്‍ മാത്രമാണ് യുട്യൂബ് അക്കൗണ്ടില്‍ അപ്ലോഡ് ചെയ്തതായി കാണുന്നത്. ഇന്ത്യാ ചൈന ബന്ധങ്ങളെ കുറിച്ചുള്ളതാണ് അപ് ലോഡ് ചെയ്ത രണ്ട് വീഡിയോകള്‍. അതില്‍ ഒന്ന് മോസ്‌കോയില്‍ ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ ഒപ്പുവെച്ച ധാരണയെ വിശകലനം ചെയ്യുന്നതായിരുന്നു.
പിറ്റാംപുര സ്വദേശിയാണ് രാജീവ് ശര്‍മയെ ഡല്‍ഹി പൊലീസിലെ സൗത്ത് വെസ്റ്റേണ്‍ സ്‌പെഷ്യല്‍ സെല്‍ സെപ്തംബർ 14നാണ് അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം തന്നെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഉത്തരവ് പ്രകാരം അദ്ദേഹത്തെ ചോദ്യം ചെയ്യാനായി ആറ് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. അദ്ദേഹത്തിെൻറ ജാമ്യാപേക്ഷ സെപ്തംബര്‍ 22ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി പരിഗണിക്കുമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം വിവാദമായ ഇസ്രായേലി സ്‌പൈവര്‍ പെഗാസസിെൻറ നിരീക്ഷണത്തില്‍ വന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു രാജീവ് ശര്‍മയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്‌സാപ്പ് വഴി തനിക്ക് വന്ന മുന്നറിയിപ്പ് സന്ദേശങ്ങളെ കുറിച്ച് അന്ന് രാജീവ് ശര്‍മ ഇന്ത്യന്‍ എക്‌സ്പ്രസുമായി സംസാരിച്ചിരുന്നു.