ജമ്മുവിൽ നിന്നും പിടിയിലായ ചൈനീസ് പൗരന്റെ ഫോൺ പരിശോധനക്കയച്ചു
text_fieldsഹു കോങ് തായ്
ശ്രീനഗർ: മതിയായ രേഖകളും അനുമതിയില്ലാതെ അനധികൃതമായി ലഡാക്കിലും ജമ്മു കശ്മീരിലും പ്രവേശിച്ച ചൈനീസ് പൗരന്റെ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചു. ഹു കോങ് തായുടെ ഫോണിൽ പ്രദേശത്തെ സി.ആർ.പി.എഫ് വിന്യാസത്തെക്കുറിച്ചും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചുമുള്ള വിവരങ്ങൾ തിരഞ്ഞതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നവംബർ 19നാണ് ഇയാൾ ടൂറിസ്റ്റ് വിസയിൽ ഡൽഹിയിലെത്തിയത്. വാരണാസി, ആഗ്ര, ന്യൂഡൽഹി, ജയ്പൂർ, സാരാനാഥ്, ഗയ, കുശി നഗർ എന്നിവിടങ്ങളിലെ ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനായിരുന്നു ഇദ്ദേഹത്തിന് വിസ അനുവദിച്ചിരുന്നത്. എന്നാൽ വിസ നിയമങ്ങൾ ലംഘിച്ച് യുവാവ് ലഡാക്കിലും ജമ്മു കശ്മീരിലും നിയന്ത്രിത പ്രദേശങ്ങളിലും പ്രവേശിക്കുകയായിരുന്നു. ഇതേ തുടർന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
നവംബർ 20നാണ് യുവാവ് ലേയിലേക്ക് വിമാനം കയറിയത്. ലേ എയർപോർട്ടിലെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസ് കൗണ്ടറിൽ (എഫ്.ആർ.ഒ.ഒ) രജിസ്റ്റർ ചെയ്യാതെ നിയമലംഘനം നടത്തി. പിന്നീട് ലേയിൽ തങ്ങിയ ഇയാൾ മൂന്ന് ദിവസത്തിനുള്ളിൽ സാൻസ്‌കാർ മേഖലയിലും ഹിമാലയൻ പട്ടണത്തിലെ പ്രധാന സ്ഥലങ്ങളിലുമെല്ലാം സന്ദർശനം നടത്തി. തുടർന്ന് ഡിസംബർ ഒന്നിന് ശ്രീനഗറിൽ എത്തിയ യുവാവ് അവിടുത്തെ ഗസ്റ്റ് ഹൗസിൽ രജിസ്റ്റർ ചെയ്യാതെ താമസിച്ചു. ഹാർവാനിലെ ഒരു ബുദ്ധമത തീർത്ഥാടന കേന്ദ്രവും ഇയാൾ സന്ദർശിച്ചിരുന്നു. കഴിഞ്ഞ വർഷം ഒരു ലഷ്‌കർ-ഇ-തൊയ്ബ ഭീകരനെ സൈന്യം വധിച്ച സ്ഥലമാണിത്.
സൈന്യത്തിന്‍റെ വിക്ടർ ഫോഴ്സ് ആസ്ഥാനത്തിന് സമീപമുള്ള ദക്ഷിണ കശ്മീരിലെ അവന്തിപൂർ പ്രദേശം, ശങ്കരാചാര്യ കുന്നുകൾ, ഹസ്രത്ബാൽ, ദാൽ തടാകത്തിനടുത്തുള്ള മുഗൾ ഗാർഡൻ ഉൾപ്പെടെ ശ്രീനഗറിലെ വിവിധ പ്രദേശങ്ങളും ഇയാൾ സന്ദർശനം നടത്തി. ഇതിനിടെയാണ് സംശയം തോന്നിയ സൈന്യം ചൈനീസ് പൗരനെ പിടികൂടുന്നത്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് കശ്മീർ താഴ്‌വരയിലെ സി.ആർ.പി.എഫ് വിന്യാസത്തെക്കുറിച്ചും 2019 ആഗസ്റ്റിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചുമുള്ള വിവരങ്ങൾ തിരഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.
ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിസിക്‌സിൽ ബിരുദം നേടിയ ഹു കോങ് തായ് താൻ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണെന്നാണ് പറയുന്നത്. അതേസമയം യു.എസ്, ന്യൂസിലാൻഡ്, ബ്രസീൽ, ഫിജി, ഹോങ്കോങ് തുടങ്ങിയ നിരവധി രാജ്യങ്ങൾ ഇയാൾ സന്ദർശിച്ചിട്ടുണ്ടെന്ന് പാസ്‌പോർട്ട് രേഖകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ വിസ നിയമങ്ങൾ ലംഘിച്ചത് കൊണ്ട് ഇയാളെ വിവിധ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണെന്നും നിലവിലെ സാഹചര്യത്തിൽ സ്വന്തം രാജ്യത്തേക്ക് തിരികെ അയക്കാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

