ന്യൂഡൽഹി: അരുണാചൽപ്രദേശിൽ നിന്ന് കാണാതായ അഞ്ച് സിവിലിയൻമാർ ചൈനയിലുണ്ടെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജ്ജു. ചൈനീസ് സൈന്യമായ പീപ്പിൾ ലിബറേഷൻ ആർമി ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും റിജിജ്ജു പറഞ്ഞു. ട്വിറ്ററിലൂടെയാണ് റിജിജ്ജു ഇക്കാര്യം അറിയിച്ചത്.
അരുണാചലിൽ നിന്നുള്ള യുവാക്കെള തിരികെയെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കൾ തങ്ങളുടെ കൈവശമുണ്ടെന്ന വാർത്ത ചൈന നേരത്തെ നിഷേധിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് അരുണാചൽപ്രദേശിലെ സുബാൻസിരി ജില്ലയിൽ നിന്ന് അഞ്ച് പേരെ കാണാതായത്. കാട്ടിൽ പോയ അഞ്ച് പേരെയാണ് ചൈനീസ് സൈന്യം തട്ടികൊണ്ട് പോയത്. നേരത്തെ അരുണാചൽപ്രദേശ് ഇന്ത്യയുടേതല്ലെന്ന വിവാദ പ്രസ്താവനയും ചൈന നടത്തിയിരുന്നു.