ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഹോട്ട് സ്പ്രിങ്സിൽ നിന്ന് ചൈനീസ് സൈന്യം പിൻമാറ്റം പൂർത്തിയാക്കി. സംഘർഷത്തിനിടെ ഇവിടെ സ്ഥാപിച്ച താൽക്കാലിക നിർമിതികൾ ചൈനീസ് സൈന്യം നീക്കം ചെയ്തിട്ടുണ്ട്. ഗൽവാൻ വാലി, ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ നിന്ന് സേനയെ പിൻവലിച്ച ചൈന, ഗോഗ്രയിൽ നിന്ന് വ്യാഴാഴ്ച പിൻമാറ്റം തുടങ്ങിയേക്കും.
ഇന്ത്യയും ചൈനയും സൈനിക- നയതന്ത്ര തലങ്ങളിൽ നിരവധി പ്രാവശ്യം ചർച്ച നടത്തിയ ശേഷം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലെ കൂടിക്കാഴ്ചയിലാണ് അതിർത്തിയിൽ മുഖാമുഖം നിൽക്കുന്ന ഭാഗങ്ങളിൽ നിന്ന് സേനകളെ പിൻവലിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചത്.
സംഘർഷ മേഖലകളിൽ നിന്ന് പിൻമാറ്റം പൂർത്തിയായ ശേഷം ഈ പ്രദേശങ്ങളിൽ ഇരു സൈന്യങ്ങളുടെയും സംയുക്ത പരിശോധന നടത്തും. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും സാധാരണ നില നിലനിർത്താനുമുള്ള മാർഗങ്ങൾ സംബന്ധിച്ച ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.
സമാധാനം പുനഃസ്ഥാപിക്കും വരെ രണ്ട് സേനകളും സംഘർഷ മേഖലകളിൽ പട്രോളിങ് നടത്താൻ പാടില്ല. അതേസമയം, യഥാർഥ നിയന്ത്രണ രേഖ (എൽ.എ.സി)യിൽ നിന്ന് ചൈനീസ് സേനയുടെ പിൻമാറ്റം പൂർത്തിയാകും വരെ ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയോടെ നിലകൊള്ളുമെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു.
മേയ് അഞ്ചിന് ലഡാക്ക് അതിർത്തിയിൽ സംഘർഷം ആരംഭിച്ചതിനെ തുടർന്ന് ഇന്ത്യൻ, ചൈനീസ് സേനകൾ ആയിരക്കണക്കിന് സൈനികരെ അതിർത്തി മേഖലകളിലേക്ക് എത്തിച്ചിരുന്നു.
ജൂൺ 15ന് 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനെ തുടർന്ന് വലിയ തോതിൽ ൈസനിക സന്നാഹം ഇന്ത്യ ഒരുക്കുകയും ചെയ്തിരുന്നു.
ഇരുസേനകളും മുഖാമുഖം നിന്ന പങോങ് സു പ്രദേശത്ത് നിന്നും ൈസനിക പിൻമാറ്റം ആരംഭിച്ചിട്ടുണ്ട്.