ബാരാഹോട്ടിയിൽ ചൈനയുടെ കടന്നുകയറ്റം
text_fieldsന്യൂഡൽഹി: സിക്കിമിനോട് ചേർന്ന ഡോക്ലാമിൽ ഇന്ത്യ-ചൈന സംഘർഷാവസ്ഥ തുടരുന്നതിനിടെ ഉത്തരാഖണ്ഡ് അതിർത്തിയിലെ ബാരാഹോട്ടിയിൽ ചൈനീസ് പട്ടാളത്തിെൻറ കടന്നുകയറ്റം. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിെൻറ ചൈനീസ് സന്ദർശനത്തിന് രണ്ടുദിവസം മുമ്പ്, ജൂലൈ 25ന് രാവിലെ ഒമ്പത് മണിയോടെയാണ് അമ്പതോളം സൈനികർ ഇന്ത്യൻ മണ്ണിലേക്ക് തള്ളിക്കയറിയത്. കാലികളെ മേയ്ക്കുകയായിരുന്നവരോട് സ്ഥലംവിടാൻ നിർദേശിച്ച അവർ രണ്ടുമണിക്കൂറോളം ബാരാഹോട്ടിയിൽ തങ്ങിയശേഷം തിരിച്ചുപോവുകയായിരുന്നു.
ഇന്ത്യൻ അതിർത്തിയിൽനിന്ന് ഒരുകിലോമീറ്റർ ഉള്ളിലാണ് ബാരാഹോട്ടി. കഴിഞ്ഞ വർഷം ജൂലൈയിലും ഇതുപോലെ ചൈനീസ് പട്ടാളം ഇന്ത്യൻ അതിർത്തി കടന്ന് എത്തിയിരുന്നെന്ന് ബന്ധെപ്പട്ട കേന്ദ്രങ്ങൾ വിശദീകരിച്ചു. യഥാർഥ നിയന്ത്രണ രേഖയുടെ കാര്യത്തിൽ ഇരുരാജ്യങ്ങൾക്കും വ്യത്യസ്തനിലപാടുള്ള ഭാഗമാണിത്. രണ്ടു രാജ്യങ്ങളും തമ്മിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ചൈനയിൽ ജൂലൈ അവസാനം നടന്ന കൂടിക്കാഴ്ചകൾക്കുശേഷം അജിത് ഡോവൽ വിശദീകരിച്ചത്. ഇന്ത്യ, ചൈന, ഭൂട്ടാൻ രാജ്യങ്ങളുടെ അതിർത്തികൾ സംഗമിക്കുന്ന ഡോക്ലാം ഭാഗത്തെ ചൈനീസ് കടന്നുകയറ്റത്തെ ഇന്ത്യൻസൈനികർ പ്രതിരോധിച്ച് നിൽക്കുന്ന സ്ഥിതി ആഴ്ചകളായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
