ബെയ്ജിങ്: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രണ്ടു വർഷത്തിലേറെയായി നാട്ടിലുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് വീണ്ടും വാതിൽ തുറന്നിട്ട് ചൈന. ചൈനയിലെ യൂനിവേഴ്സിറ്റികളിൽ പഠിച്ചിരുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചുവരാമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ തമ്മിലെ ചർച്ചയുടെ തുടർച്ചയായാണ് ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്രയോജനകരമാകുന്ന പ്രഖ്യാപനം. അതേ സമയം, കടുത്ത നടപടിക്രമങ്ങൾ പാലിച്ചാകും പ്രവേശനം. എല്ലാവർക്കും മടക്കം സാധ്യമാകുമോ എന്ന് വ്യക്തമായിട്ടില്ല.
രണ്ടു വർഷം മുമ്പ് ചൈനയിൽ ആദ്യമായി കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു പിറകെയാണ് ഇന്ത്യയിൽനിന്നുൾപ്പെടെ വിദ്യാർഥികൾ മടങ്ങിയത്. മഹാമാരി വ്യാപനം കുറഞ്ഞും കൂടിയും നിന്നതിനാൽ നിയന്ത്രണം അനിയന്ത്രിതമായി നീണ്ടു. ഇതിനാണ് ഉന്നത തല ഇടപെടലിൽ വിരാമമാകുന്നത്.
ആദ്യ ഘട്ടമായി ചൈനയിലെ കോളജുകളിലും യൂനിവേഴ്സിറ്റികളിലും പഠിക്കുന്ന വിദ്യാർഥികളുടെ പട്ടിക എംബസി തയാറാക്കും. തുടർന്ന് ചൈനീസ് അധികൃതരുടെ പരിഗണനക്ക് കൈമാറും. ഇതിൽ നിന്ന് അന്തിമ പട്ടിക ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ സഹായത്തോടെ തയാറാക്കും. തിരിച്ചുവരവ് ആഗ്രഹിക്കുന്ന വിദ്യാർഥികൾ മേയ് എട്ടിനകം നിർദിഷ്ട ഗൂഗ്ൾ ഫോം പൂരിപ്പിച്ചു നൽകണമെന്ന് എംബസി അറിയിച്ചു.
കോവിഡ് സുരക്ഷ ചട്ടങ്ങൾ പൂർണമായി പാലിക്കണമെന്നും നടപടിക്രമങ്ങൾക്കായി ചെലവു വരുന്ന തുക വിദ്യാർഥികൾ വഹിക്കണമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ശ്രീലങ്കയിൽനിന്നുള്ള ഒരു സംഘം വിദ്യാർഥികൾ ചൈനയിൽ മടങ്ങിയെത്തിയിരുന്നു. ഇന്ത്യൻ വിദ്യാർഥികളുടെ മടക്കം വൈകുന്നതിൽ വിദേശകാര്യ മന്ത്രാലയം നേരത്തെ ആശങ്ക അറിയിച്ചിരുന്നു. ചൈനയിലെ മെഡിക്കൽ കോളജുകളിലാണ് കാര്യമായും ഇന്ത്യൻ വിദ്യാർഥികൾ ഉന്നത പഠനം നടത്തുന്നത്. ആയിരക്കണക്കിന് വിദ്യാർഥികളാണ് ഈ വിഭാഗത്തിലുള്ളത്.