നിലംതൊട്ടതിനു പിന്നാലെ അഗ്നിഗോളമായി വിമാനം; അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് -VIDEO
text_fieldsമുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ സഞ്ചരിച്ച സ്വകാര്യ വിമാനം ബാരാമതിയിൽ തകർന്നു വീണുണ്ടായ സ്ഫോടനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ബുധനാഴ്ച രാവിലെ ബാരാമതി വിമാനത്താവളത്തിന് സമീപമാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്. വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിലെ സി.സി.ടി.വി ക്യാമറയിലാണ് അപകടത്തിന്റെ ഭീകരദൃശ്യങ്ങൾ പതിഞ്ഞത്. വിമാനം കുത്തനെ താഴേക്ക് പതിക്കുന്നതും സെക്കൻഡുകൾക്കുള്ളിൽ വലിയൊരു അഗ്നിഗോളമായി മാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിമാനം നിലത്തിടിച്ച ഉടൻ തന്നെ വലിയ സ്ഫോടനങ്ങളോടെ തീ പടരുകയായിരുന്നു.
അജിത് പവാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരും അപകടത്തിൽ മരിച്ചു. പവാറിനെ കൂടാതെ അദ്ദേഹത്തിന്റെ ഒരു പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ, ഒരു സഹായി, രണ്ട് പൈലറ്റുമാർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റുമാരായ ക്യാപ്റ്റൻ സുമിത് കപൂർ, ക്യാപ്റ്റൻ ശാംഭവി പഥക് എന്നിവരാണ് മരിച്ചത്. മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനായി പോവുകയായിരുന്നു അജിത് പവാർ. രാവിലെ 8:10-ഓടെ മുംബൈയിൽ നിന്ന് പറന്നുയർന്ന വിമാനം 8:45ഓടെ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
മോശം കാലാവസ്ഥയും കാഴ്ചപരിധി (കുറഞ്ഞതുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യ തവണ ലാൻഡിങ്ങിന് ശ്രമിച്ച പൈലറ്റുമാർക്ക് അത് സാധ്യമാകാതെ വരികയും, രണ്ടാമത് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനം നിയന്ത്രണംവിട്ട് തകർന്നു വീഴുകയുമായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനം തകർന്നു വീണ ഉടൻ തന്നെ നാട്ടുകാരും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും, തുടർച്ചയായ സ്ഫോടനങ്ങളും വലിയ തീപിടുത്തവും കാരണം ആരെയും രക്ഷിക്കാൻ സാധിച്ചില്ല. കത്തിയമർന്ന വിമാനാവശിഷ്ടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
അപകടത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡി.ജി.സി.എ), എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) എന്നിവർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അജിത് പവാറിന്റെ വിയോഗത്തെത്തുടർന്ന് മഹാരാഷ്ട്രയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖർ പവാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

