ലൈറ്റ് ഓഫ് ചെയ്യുന്നതിനെ ചൊല്ലി തർക്കം; മുളകുപൊടി വിതറിയും ഡംബെൽ കൊണ്ട് ഇടിച്ചും സഹപ്രവർത്തകനെ കൊലപ്പെടുത്തി
text_fieldsബംഗളൂരുവിലെ ഒരു ജോലിസ്ഥലത്ത് ലൈറ്റ് ഓഫ് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ ചെറിയ തർക്കം സഹപ്രവർത്തകന്‍റെ കൊലപാതകത്തിൽ കലാശിച്ചു. ചിത്രദുർഗയിൽ നിന്നുള്ള ഭീമേഷ് ബാബു എന്ന 41 കാരനായ മാനേജരെയാണ് സഹപ്രവർത്തകൻ ഡംബെൽ കൊണ്ട് അടിച്ചു കൊന്നത്.
ഗോവിന്ദരാജനഗർ പൊലീസ് പരിധിയിലെ ഡാറ്റ ഡിജിറ്റൽ ബാങ്കിന്റെ വാടക ഓഫീസിൽ പുലർച്ചെ 1.30 ഓടെയാണ് സംഭവം. ലൈറ്റ് സെൻസിറ്റീവ് ആയ ഭീമേഷ് ബാബു പലപ്പോഴും ലൈറ്റ് ഓഫ് ചെയ്യാൻ സഹപ്രവർത്തകനായ സോമല വംശി (24)യോട് ആവശ്യപ്പെടാറുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം പുലർ്ചചെ ഒരു മണിയോടെ വംശിയോട് ഭീമേഷ് ബാബു ലൈറ്റ് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു.ഇത് തർക്കത്തിലേക്ക് നയിക്കുകയും താമസിയാതെ തർക്കം അക്രമാസക്തമാകുകയും ചെയ്തു.
കോപാകുലനായ വംശി ബാബുവിന് നേരെ ആദ്യം മുളകുപൊടി എറിഞ്ഞു. തുടർന്ന് ഡംബെൽ ഉപയോഗിച്ച് തലയിലും മുഖത്തും നെഞ്ചിലും തുടരെത്തുടരെ മർദിച്ചു. ബാബു കുഴഞ്ഞുവീണതിനെ തുടർന്ന് വംശി പരിഭ്രാന്തനായി മറ്റ് ജീവനക്കാരോട് സഹായം തേടി. ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ചു തന്നെ ഭീമേഷ് മരിച്ചതായി ഡോക്ടർ അറിയിക്കുകയായിരുന്നു.
വംശി പിന്നീട് ഗോവിന്ദരാജനഗർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇയാൾക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓഫീസ് ലൈറ്റുകൾ കത്തിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡി.സി.പി (വെസ്റ്റ്) എസ്. ഗിരീഷ് സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

