'കുട്ടികൾ വിദേശ കളിപ്പാട്ടങ്ങൾ ഉപയോഗിക്കാൻ വിസമ്മതിക്കുന്നു'; ആത്മനിർഭർ ഭാരതത്തിന്റെ വിജയമെന്ന് മോദി
text_fieldsസ്വയം പര്യാപ്ത ഇന്ത്യയെന്ന ആശയം ഉൾകൊണ്ട് രാജ്യത്തെ അഞ്ച് വയസ്സുള്ള കുട്ടികൾ പോലും വിദേശ കളിപ്പാട്ടങ്ങളുമായി കളിക്കാൻ വിസമ്മതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75-ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
''അഞ്ചും ഏഴും വയസ്സ് മാത്രമുള്ള നമ്മുടെ കുട്ടികളെ ഞാൻ അഭിനന്ദിക്കുകയാണ്. രാജ്യത്തിന്റെ ആത്മബോധം ഉയർത്തെഴുന്നേൽക്കുകയാണ്. തങ്ങളുടെ മക്കൾ വിദേശ കളിപ്പാട്ടങ്ങൾ ഉപയോഗിക്കാൻ വിസമ്മതിക്കുന്നുവെന്ന് നിരവധി കുടുംബങ്ങളാണ് എന്നോട് പറഞ്ഞിട്ടുള്ളത്. അഞ്ച് വയസ്സ് മാത്രമുള്ള ഒരു കുട്ടി അങ്ങനെയൊരു തീരുമാനത്തിലെത്തുമ്പോൾ സ്വയം പര്യാപ്ത ഇന്ത്യയെന്ന ആത്മനിർഭർ ഭാരതിന്റെ സന്ദേശം അവന്റെ സിരകളിലൊഴുകുന്നു എന്നാണ് തെളിയുന്നത്''- മോദി പറഞ്ഞു.
ജൂലൈ മാസത്തെ തന്റെ 'മൻ കി ബാത്തി'ൽ ഇന്ത്യൻ കളിപ്പാട്ട വ്യവസായത്തിലെ വൻ കുതിച്ചുചാട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. ഇന്ത്യൻ കളിപ്പാട്ടങ്ങളുടെ കയറ്റുമതി 300-400 കോടിയിൽനിന്ന് 2,600 കോടി രൂപയിലേക്ക് വളർന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. 100 ബില്യൻ ഡോളറിന്റെ (7.5 ലക്ഷം കോടി രൂപ) വ്യാപാരം നടക്കുന്ന ആഗോള കളിപ്പാട്ട വ്യവസായത്തിൽ 1.5 ബില്യൻ ഡോളർ (11,000 കോടി രൂപ) മാത്രമാണ് ഇന്ത്യയുടെ വിഹിതം. കളിപ്പാട്ട വ്യവസായരംഗത്ത് രാജ്യത്തിന്റെ പ്രാതിനിധ്യം മെച്ചപ്പെടുത്താൻ പ്രയത്‌നിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

