ഘോഷയാത്ര കാണാൻ എത്തിയവർക്കിടയിലേക്ക് ട്രക്ക് ഇടിച്ച് കയറി; സ്ത്രീകളും കുട്ടികളുമടക്കം 12 മരണം
text_fieldsപട്ന: മത ഘോഷയാത്ര കാണാൻ എത്തിയവർക്കിടയിലേക്ക് ട്രക്ക് ഇടിച്ച് കയറി സ്ത്രീകളും കുട്ടികളുമടക്കം 12 പേർ മരിച്ചു. വടക്കൻ ബീഹാറിൽ വൈശാലി ജില്ലയിലെ ദേസ്‌രി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. പ്രാദേശിക ദേവനായ ഭൂമിയാ ബാബയെ പ്രാർഥിക്കാനായി റോഡരികിലെ മരത്തിന് മുന്നിൽ നാട്ടുകാർ ഒത്തുകൂടിയപ്പോഴാണ് ദുരന്തം. നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. മരിച്ചവരിൽ നാല് കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ ദുഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 'ബീഹാറിലെ വൈശാലിയിലുണ്ടായ അപകടം ദുഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50000 രൂപയും നൽകും'- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമു സംഭവത്തിൽ ദുഖം രേഖപ്പെടുത്തി. അപകടം അങ്ങേയറ്റം വേദനാജനകമാണെന്ന് അവർ പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും നഷ്ടപരിഹാരം വേഗത്തിൽ വിതരണം ചെയ്യാനും ജില്ല ഭരണകൂടത്തിന് മുഖ്യമന്ത്രി നിർദേശം നൽകി.
'ഒമ്പത് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് പലരേയും ഹാജിപൂരിലെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേർ ആശുപത്രിയിലേക്കുള്ള യാത്രമധ്യേ മരണത്തിന് കീഴടങ്ങി. ഗുരുതര പരിക്കേറ്റവരെ പട്‌നയിലെ ആശുപത്രികളിലേക്ക് മാറ്റി-സംഭവസ്ഥലം ഉൾപ്പെടുന്ന മഹുവ നിയമസഭാ മണ്ഡലത്തിലെ ആർ.ജെ.ഡി എം.എൽ.എ മുകേഷ് റൗഷൻ പറഞ്ഞു.
വിവാഹവുമായി ബന്ധപ്പെട്ട ആചാരത്തിന്റെ ഭാഗമായാണ് ഘോഷയാത്ര നടത്തിയതെന്ന് വൈശാലി പൊലീസ് സൂപ്രണ്ട് മനീഷ് കുമാർ പറഞ്ഞു. 'മഹ്‌നാർ-ഹാജിപൂർ ഹൈവേയിലൂടെ അമിതവേഗതയിൽ വരികയായിരുന്ന ട്രക്ക് നിയന്ത്രണം നഷ്‌ടപ്പെട്ട് നാട്ടുകാർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
പൊലീസ് എത്താൻ വൈകിയെന്നാരോപിച്ച് നിരവധി പേർ രോഷാകുലരായി മുദ്രാവാക്യം വിളിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും ക്രമസമാധാന നില നിയന്ത്രണവിധേയമാക്കാനും സമീപത്തെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടായിരുന്നെന്നും എസ്.പി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

