കടലാസിലെ ട്രക്കുകൾ റോഡിൽ സൈക്കിൾ; അടിമുടി അഴിമതിയിൽ മുങ്ങി ബി.ജെ.പി സർക്കാറിന്‍റെ പോഷകാഹാര പദ്ധതി
text_fieldsഭോപാൽ: മധ്യപ്രദേശിൽ കുട്ടികൾക്കുള്ള പോഷകാഹാര പദ്ധതി അടിമുടി അഴിമതിമയമെന്ന് സംസ്ഥാന അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട്. റേഷൻ ട്രാൻസ്പോർട്ട് ട്രക്കുകൾ എന്ന പേരിൽ റോഡിലോടുന്ന മോട്ടോർ സൈക്കിളുകളും ഗുണഭോക്താക്കളുടെ എണ്ണം പെരുപ്പിച്ചുകാട്ടിയതുമടക്കം നിരവധി അഴിമതിയാണ് ഓഡിറ്റർ കണ്ടെത്തിയിരിക്കുന്നതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
മധ്യപ്രദേശ് അക്കൗണ്ടന്റ് ജനറലിന്റെ 36 പേജുള്ള രഹസ്യ റിപ്പോർട്ടിലാണ് ക്രമക്കേടുകൾ വിവരിച്ചത്. സ്‌കൂൾ കുട്ടികൾക്കുള്ള സൗജന്യ ഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിലും റേഷൻ ഉൽപ്പാദനത്തിലും വിതരണത്തിലും ഗുണനിലവാര നിയന്ത്രണത്തിലും വലിയ തോതിലുള്ള തട്ടിപ്പുകളുണ്ടെന്നാണ് കണ്ടെത്തിയത്.
രജിസ്റ്റർ ചെയ്ത 49.58 ലക്ഷം കുട്ടികൾക്കും സ്ത്രീകൾക്കും ആവശ്യമായ പോഷകാഹാരം നൽകുന്നതിനുള്ള 2021 ലെ ടേക്ക് ഹോം റേഷൻ പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഏകദേശം 24 ശതമാനവും പെരുപ്പിച്ച് കാട്ടിയതാണ്. ഇതിൽ 6 മാസം മുതൽ 3 വയസ്സ് വരെ പ്രായമുള്ള 34.69 ലക്ഷം കുട്ടികൾ, 14.25 ലക്ഷം ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും, 11-14 വയസ് പ്രായമുള്ള 0.64 ലക്ഷം സ്‌കൂൾ കഴിഞ്ഞ കൗമാരക്കാരായ പെൺകുട്ടികളും ഉൾപ്പെടുന്നു.
ട്രക്കുകളിലെ അഴിമതി
6.49 കോടി വില വരുന്ന 1,125.64 മെട്രിക് ടൺ റേഷൻ ഉത്പന്നങ്ങളുടെ നീക്കത്തിന് വിവിധ ഉത്പാദന കമ്പനികൾ ഉപയോഗിക്കുന്നുവെന്ന് അവകാശപ്പെടുന്ന ട്രക്കുകൾ ഗതാഗത വകുപ്പിന്റെ പരിശോധനയിൽ മോട്ടോർ സൈക്കിളുകൾ, കാറുകൾ, ഓട്ടോറിക്ഷകൾ എന്നിവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പെരുപ്പിച്ച് കാട്ടിയ ഗുണഭോക്താക്കൾ
റേഷൻ ഗുണഭോക്താക്കളായ സ്കൂളിന് പുറത്തുള്ള പെൺകുട്ടികളുടെ കണക്ക് 2018 ഏപ്രിലിൽ സമർപ്പിക്കാൻ സംസ്ഥാന, കേന്ദ്ര സർക്കാറുകൾ ആവശ്യപ്പെട്ടിട്ടും 2021 ഫെബ്രുവരിവരെ വനിതാ ശിശു വികസന വകുപ്പ് സർവേ പൂർത്തിയാക്കിയില്ല.
വിദ്യാഭ്യാസ വകുപ്പ് 2018-19ൽ സ്‌കൂളിന് പുറത്തുള്ള പെൺകുട്ടികളുടെ എണ്ണം 9,000 ആയി കണക്കാക്കിയപ്പോൾ, ഒരു അടിസ്ഥാന സർവേയും നടത്താതെ വനിതാ ശിശു വികസന വകുപ്പ് 36.08 ലക്ഷം പേരായി കണക്കാക്കി.
എട്ട് ജില്ലകളിലെ 49 അങ്കണവാടികളിൽ സ്‌കൂളിൽ പോകാത്ത മൂന്ന് പെൺകുട്ടികൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഓഡിറ്റിങ്ങിൽ കണ്ടെത്തി. അതേ 49 അംഗൻവാടി കേന്ദ്രങ്ങൾക്ക് കീഴിൽ, ഡബ്ല്യുസിഡി വകുപ്പ് സ്‌കൂളിൽ പോകാത്ത 63,748 പെൺകുട്ടികളെ പട്ടികപ്പെടുത്തി, അവരിൽ 29,104 പേരെ 2018-21 കാലയളവിൽ സഹായിച്ചതായി അവകാശപ്പെട്ടു. ഇതു പ്രകാരം 110.83 കോടി രൂപയുടെ റേഷൻ അഴിമതിയാണ് നടന്നിരിക്കുന്നത്.
റേഷൻ അളവിൽ അഴിമതി
റേഷൻ ഉത്പാദന കമ്പനികൾ അവർക്ക് അനുവദിച്ചതിലും കുറവ് ഉത്പന്നങ്ങൾ നിർമിച്ചതുവഴി 58 കോടി രൂപ തട്ടിയെടുത്തുവെന്നും കണ്ടെത്തി. ബാദി, ധർ, മാണ്ട്‍ല, രേവ, സാഗർ, ശിവ്പുരി പ്ലാന്റുകൾ 821 മെട്രിക് ടൺ റേഷൻ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നുവെന്നാണ് അവകാശപ്പെട്ടിരുന്നത്. അതിന് 4.95 കോടി രൂപ ചിലവ് വരും. എന്നാൽ ആദ്യ സ്ഥലത്ത് നൽകാൻ പോലും ആവശ്യത്തിന് ഉത്പന്നങ്ങൾ ഈ പ്ലാൻറുകളുടെ കൈവശം ഉണ്ടായിരുന്നില്ല.
റേഷൻ വിതരണത്തിലെ അഴിമതി
എട്ടു ജില്ലകളിലെ ചൈൽഡ് ഡവലപ്പ്മെന്റ് പ്രൊജക്ട് ഓഫീസർമാർക്ക് 97,000 മെട്രിക് ടൺ റേഷനാണ് ലഭ്യമാകുന്നത്. എന്നാൽ ഇവർ അതിൽ 86,000മെട്രിക് ടൺ മാത്രമേ വിതരണം ചെയ്തിട്ടുള്ളു. 62.72 കോടി വില വരുന്ന 10,000 മെട്രിക് ടൺ റേഷൻ എവിടെയും ലഭ്യമായിട്ടില്ല. അവ ഗോഡൗണിൽ സൂക്ഷിച്ചിട്ടുമില്ല. അവ തിരിമറി ചെയ്യപ്പെട്ടുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മേൽനോട്ടത്തിലാണ് വനിതാ ശിശു വികസന വകുപ്പ് പ്രവർത്തിക്കുന്നത്. അതേസമയം, ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച് സർക്കാർ പ്രതികരണം ലഭ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

