Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാലവിവാഹവും പ്രസവവും: അറസ്റ്റ് ഉൾപ്പെടെ കടുത്ത നടപടി; സർക്കാർ ആനുകൂല്യങ്ങൾ നിർത്തുമെന്ന് ബംഗാൾ മുഖ്യമന്ത്രി

text_fields
bookmark_border
ബാലവിവാഹവും പ്രസവവും: അറസ്റ്റ് ഉൾപ്പെടെ കടുത്ത നടപടി; സർക്കാർ ആനുകൂല്യങ്ങൾ നിർത്തുമെന്ന് ബംഗാൾ മുഖ്യമന്ത്രി
cancel

കൊൽക്കത്ത: ബാലവിവാഹവും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ പ്രസവവും തടയാൻ പശ്ചിമ ബംഗാളിൽ കടുത്ത നടപടിയുമായി സർക്കാർ. ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവരെ അറസ്റ്റ് ചെയ്യുമെന്നും കുടുംബങ്ങൾക്ക് ലഭിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ നിർത്തിവെക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി മുന്നറിയിപ്പ് നൽകി.

ബാലവിവാഹവും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ പ്രസവവും രാജ്യത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പശ്ചിമ ബംഗാളിലാണ്. ഈ വർഷം ജനുവരി മുതൽ ജൂൺ 30 വരെ സംസ്ഥാനത്ത് 60,000ത്തോളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ആശുപത്രി പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് സർക്കാർ ഇത്തരം കേസുകളുടെ വിവരങ്ങൾ കേന്ദ്ര സർക്കാരുമായി പങ്കുവെച്ചിരുന്നില്ലെന്നും അധികാരി ആരോപിച്ചു. 12,847 കേസുകളുമായി മുർഷിദാബാദ് ജില്ലയാണ് പട്ടികയിൽ മുന്നിൽ. സൗത്ത് 24 പർഗാനാസിൽ 4,178 കേസുകളും റിപ്പോർട്ട് ചെയ്തു. ബാലവിവാഹം തടയുന്നതിനുള്ള പ്രിവൻഷൻ ഓഫ് ചൈൽഡ് മാരേജ് ആക്ട്, 2006, കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന പോക്സോ നിയമം എന്നിവ ഇത്തരം സംഭവങ്ങളിൽ കർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

18 വയസ്സിന് താഴെയുള്ള പെൺകുട്ടിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്നത് പോക്സോ നിയമപ്രകാരം ഗുരുതര കുറ്റമാണെന്നും 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കാമെന്നും അദ്ദേഹം പറഞ്ഞു. 21 വയസ്സ് തികയുന്നതിന് മുമ്പ് വിവാഹം കഴിക്കുന്ന പുരുഷനും ബാലവിവാഹത്തിന് സഹായം നൽകുന്നവർക്കും രണ്ട് വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ ലഭിക്കാവുന്നതാണ് നിയമത്തിലെ വ്യവസ്ഥ.

ഇത്തരം കേസുകളിൽ ഭർത്താവിന് കാരണം കാണിക്കൽ നോട്ടീസ് നൽകും. താനും ഭാര്യയും നിയമപ്രകാരം പ്രായപൂർത്തിയായവരാണെന്ന് തെളിയിക്കുന്ന രേഖകൾ ഒരു മാസത്തിനകം ഹാജരാക്കണം. രേഖകൾ ഹാജരാക്കാത്ത പക്ഷം ഭാരതീയ ന്യായ സംഹിത പ്രകാരം പോലീസ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം കുടുംബങ്ങൾക്ക് ലഭിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതി ആനുകൂല്യങ്ങൾ നിർത്തിവെക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബാലവിവാഹം നടത്തിക്കൊടുക്കുന്ന പുരോഹിതനെയും ഖാസിയെയും നിയമനടപടിക്ക് വിധേയരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Child marriage and childbirth: Bengal Chief Minister says government benefits will be stopped
Next Story