ന്യൂഡൽഹി: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കേസിെൻറ വിചാരണ നടത്തിവന്ന പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ച് വിശദാന്വേഷണം ആവശ്യപ്പെടുന്ന ഹരജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര വാദംകേൾക്കുന്നതിൽനിന്ന് പിന്മാറിയിരുന്നു.
കേസുകൾ വിഭജിച്ചു നൽകുന്നതിൽ ചീഫ് ജസ്റ്റിസ് പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് ആേരാപിച്ച് നാലു മുതിർന്ന ജഡ്ജിമാർ വാർത്തസമ്മേളനം നടത്തിയത്, ലോയ കേസിലെ ബെഞ്ച് നിർണയത്തിന് തൊട്ടുപിന്നാലെയാണ്. എങ്കിലും ഒരു ദിവസം കേസ് ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിൽ രണ്ടംഗ ബെഞ്ച് പരിഗണിച്ചിരുന്നു. തുടർന്ന് ഉചിതമായ ബെഞ്ച് പരിഗണിക്കുമെന്ന് ഉത്തരവിടുകയും ചെയ്തു.
2014 ഡിസംബർ ഒന്നിനാണ് ജസ്റ്റിസ് ലോയ മരിച്ചത്. വിശദാേന്വഷണം ആവശ്യപ്പെടുന്ന രണ്ട് പൊതുതാൽപര്യ ഹരജികളാണ് സുപ്രീംകോടതിയിലുള്ളത്. സൊഹ്റാബുദ്ദീൻ കേസിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്നു. ഡിസംബർ അവസാനം കുറ്റമുക്തനാക്കി. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചിലുള്ളത്. ശനിയാഴ്ച സുപ്രീംകോടതി രജിസ്ട്രി ഇറക്കിയ കേസ് പട്ടികയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്