‘ഇതാണ് മക്കളേ നീതിപീഠം’; മക്കളുമായി സുപ്രീംകോടതിയിലെത്തി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്
text_fieldsജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ഭാര്യയും പെൺമക്കളോടൊപ്പം (ഫയൽചിത്രം)
ന്യൂഡൽഹി: വിടർന്ന കണ്ണുകളോടെ അവർ രണ്ടുപേരും പരമോന്നത ഇന്ത്യൻ നീതിന്യായപീഠം കണ്ടുനിന്നു. ഒപ്പം അച്ഛന്റെ ഓഫീസും. തന്റെ ഒന്നാം നമ്പർ കോടതിയിലാണ് വെള്ളിയാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് രണ്ടു പെൺമക്കളുമായെത്തിയത്. ആദ്യമായാണ് മഹി(16)യും പ്രിയങ്ക(20)യും അച്ഛന്റെ ഓഫിസ് കാണുന്നത്. രാവിലെ പത്തോടെ കോടതിവളപ്പിലെത്തിയ അച്ഛനും മക്കളും സന്ദർശക ഗാലറിയിലൂടെ ഒന്നാം നമ്പർ കോടതിയിലെത്തി. കോടതി നടപടികൾ 10.30ന് തുടങ്ങുന്നതിനുമുമ്പായിരുന്നു സന്ദർശനം.
തന്റെ ജോലിസ്ഥലം ഇതാണെന്ന് മക്കളോട് പറഞ്ഞ ചീഫ് ജസ്റ്റിസ് ഇവിടെയാണ് ജഡ്ജിമാർ ഇരിക്കുന്നതെന്ന് വിവരിക്കുകയും ചെയ്തു. കക്ഷികൾ നിൽക്കുന്ന സ്ഥലവും അഭിഭാഷകർ വാദിക്കുന്ന സ്ഥലവുമെല്ലാം കാണിച്ചുകൊടുത്ത അദ്ദേഹം കോടതിനടപടികൾ വിവരിച്ചുകൊടുക്കുകയും ചെയ്തു. മക്കൾ രണ്ടുപേരും അച്ഛന്റെ ജോലിസ്ഥലം കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഭിന്നശേഷിക്കാരായ മഹിയെയും പ്രിയങ്കയെയും ഡി.വൈ. ചന്ദ്രചൂഡും ഭാര്യ കൽപന ദാസും ദത്തെടുത്തതാണ്. നവംബർ ഒമ്പതിന് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ഡി.വൈ. ചന്ദ്രചൂഡ് രണ്ടു വർഷം സ്ഥാനത്ത് തുടരും. അദ്ദേഹത്തിന്റെ മറ്റ് രണ്ട് മക്കളായ അഭിനവും ചിന്തനും ബോംബെ ഹൈകോടതിയിലും ലണ്ടനിലെ ബ്രിക്ക് കോർട്ട് ചേമ്പേഴ്സിലും അഭിഭാഷകരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

