ഹൈകോടതികൾ ആത്മപരിശോധന നടത്തണം; ആവശ്യ ഘട്ടത്തിൽ ഇടപെടുന്നതിലാണ് നീതിയെന്ന് ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: കോടതി വിധി എന്താണെന്നതിലല്ല, ആവശ്യ ഘട്ടത്തിൽ കോടതി ഇടപെടുന്നുണ്ടോ എന്നതിലാണ് നീതിയെന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജസ്റ്റിസ് സൂര്യ കാന്ത്. കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിന്യായ വ്യവസ്ഥ കൂടുതൽ ജനകീയമാകണമെങ്കിൽ കേസുകൾ ലിസ്റ്റ് ചെയ്യുന്ന രീതിയിൽ മാറ്റം വേണമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതിയിൽ നിന്ന് നിർദേശം തേടി എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഈ സാഹചര്യം ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതികളുടെ സ്വതന്ത്രമായ അധികാരത്തെ സുപ്രീം കോടതി എപ്പോഴും മാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയുടെ മുന്നിലുള്ള കേസ് എത്രയും വേഗം പരിഗണിക്കാൻ സുപ്രീം കോടതി സാധാരണയായി ഇടപെടാറില്ല. എന്നാൽ, ഇപ്പോൾ സ്ഥിതി മാറുകയാണ്. ജനങ്ങൾക്ക് ഹൈക്കോടതിയിൽ നിന്ന് സമയബന്ധിതമായി നീതി ലഭിക്കാത്തതുകൊണ്ടാണ് അവർ സുപ്രീം കോടതിയെ സമീപിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസുകൾ ലിസ്റ്റ് ചെയ്യുന്ന രീതി ഇനിയും സുതാര്യമാക്കേണ്ടതുണ്ട്. ഏതൊക്കെ കേസുകൾ അടിയന്തരമായി പരിഗണിക്കണമെന്ന് കൃത്യമായി തിരിച്ചറിയാൻ കഴിയണം. വൈകിയാൽ നീതി നിഷേധിക്കപ്പെടുന്ന കേസുകൾക്ക് മുൻഗണന നൽകണം. ഇതിന് സാങ്കേതികവിദ്യയെ എങ്ങനെ ഉപയോഗിക്കാമെന്ന് ആലോചിക്കണം. ഇത് ആരെയും കുറ്റപ്പെടുത്താനല്ല, മറിച്ച് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി മൂന്ന് ചോദ്യങ്ങൾ പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അടിയന്തര കേസുകൾ കൂടുതൽ കാര്യക്ഷമമായി തിരിച്ചറിയാൻ കഴിയുമോ, ലിസ്റ്റിങ് പ്രക്രിയ കൂടുതൽ സുതാര്യമാക്കാൻ കഴിയുമോ, സാങ്കേതികവിദ്യ കൂടുതൽ മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയുമോ എന്നിവയാണ് ആ ചോദ്യങ്ങൾ. ഇത് വിമർശനമല്ല, മറിച്ച് നീതിന്യായ വ്യവസ്ഥയെ കൂടുതൽ ശക്തമാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനാപരമായ നീതി ഡൽഹിയിൽ മാത്രം കേന്ദ്രീകരിക്കേണ്ട ഒന്നല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ യഥാർത്ഥ കരുത്ത് രാജ്യത്തെ 25 ഹൈക്കോടതികളാണ്. സാധാരണക്കാരന്റെ ദൈനംദിന ജീവിതവുമായി ഏറ്റവും അടുത്ത് നിൽക്കുന്നത് ഹൈക്കോടതികളാണ്.
ഭരണഘടനയുടെ 226-ാം അനുച്ഛേദം ഹൈക്കോടതികൾക്ക് നൽകുന്ന അധികാരത്തിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞ അദ്ദേഹം മൗലികാവകാശങ്ങൾക്ക് മാത്രമല്ല, മറ്റേതൊരു നിയമപരമായ അവകാശത്തിനും വേണ്ടി ഇടപെടാനും പൗരന് സംരക്ഷണം നൽകാനും ഈ വകുപ്പ് അധികാരം നൽകുന്നുവെന്നും കൂട്ടിച്ചേർത്തു.

